മലപ്പുറം: തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ അറസ്‌റ്റിലായ ജംഇയ്ത്തയുല്‍ ഇസ്‌ഹാനിയ പ്രവര്‍ത്തകന്‍ തൃശൂര്‍ പള്ളം സ്വദേശി പുത്തന്‍പീടിയക്കല്‍ സുലൈമാന്‍ (51) പിടിയിലായത് ഉസ്‌താദിന്റെ ഉറപ്പു വിശ്വസിച്ച് ഒളിവില്‍ കഴിയുന്നതിനിടെ. സുലൈമാനെതിരേ ആന്ധ്രയില്‍ ഉള്‍പ്പെടെ മോഷണക്കേസുകള്‍ നിലവിലുണ്ട്. സംഘടനയില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളുടെ ചുമതല വഹിച്ചിരുന്നത് ഇയാളാണ്.
വിഗ്രഹവില്‍പ്പന തട്ടിപ്പുകേസില്‍ അടുത്തിടെ ആന്ധ്രയില്‍ ഇയാള്‍ അറസ്‌റ്റിലായിരുന്നു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങി, തൃശൂര്‍ പള്ളത്തിനു സമീപമുള്ള ഫാംഹൗസില്‍ താമസിച്ചുവരുകയായിരുന്നു. ദിഖ്‌റും സൂക്‌തവും ചൊല്ലിയാല്‍ പോലീസും പട്ടാളവും പിടിക്കില്ലെന്ന ഉസ്‌താദിന്റെ വാക്ക് വിശ്വസിച്ചാണ് ഇവിടെ കഴിഞ്ഞിരുന്നതെന്നു സുലൈമാന്‍ പോലീസിനു മൊഴി നല്‍കി. എന്തു കുറ്റകൃത്യം ചെയ്‌താലും, സൂക്‌തങ്ങള്‍ കൃത്യമായി ചൊല്ലിയാല്‍ പിടിക്കപ്പെടില്ലെന്നായിരുന്നു ഉസ്‌താദിന്റെ ഉറപ്പ്. സുനില്‍ വധക്കേസില്‍ മൂന്നു പ്രതികള്‍ അറസ്‌റ്റിലായതോടെ സുലൈമാന്‍ വീണ്ടും ഉസ്‌താദിനെ സമീപിച്ചു. പിടിക്കപ്പെടില്ലെന്ന ഉറപ്പ് വിശ്വസിച്ചു മടങ്ങി. അതിന്റെ പിറ്റേന്നാണു ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. ഭാര്യക്കും മക്കള്‍ക്കുമൊപ്പമാണു സുലൈമാന്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്.
അതേസമയം, കേസിലെ രണ്ടു പ്രതികള്‍ ഗള്‍ഫില്‍ ഒളിവില്‍ കഴിയുന്നതായി ക്രൈംബ്രാഞ്ച് സ്‌ഥിരീകരിച്ചു. മുഖ്യപ്രതിയായ ജംഇയ്യത്തുല്‍ ഇസ്‌ഹാനിയ തലവന്‍ സെയ്‌തലവി അന്‍വരി 1997-ല്‍ വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിദേശത്തേക്കു കടന്നെങ്കിലും ഇപ്പോള്‍ എവിടെയാണെന്നു സൂചനയില്ല. ഇയാള്‍ക്കായി ലുക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് തെരച്ചില്‍ തുടരുകയാണ്. ഗള്‍ഫിലുണ്ടെന്നു സ്‌ഥിരീകരിച്ച രണ്ടു പ്രതികളെ കസ്‌റ്റഡിയിലെടുക്കാന്‍ നടപടിയാരംഭിച്ചു. നാട്ടില്‍ ഒളിവില്‍ കഴിയുന്ന മറ്റൊരു പ്രതിയും ഉടന്‍ പിടിയിലാകും.
കേസില്‍ ഇതുവരെ നാലുപേരാണ് അറസ്‌റ്റിലായത്. അഞ്ചുപേരെ പിടികൂടാനുണ്ട്. മോഹനചന്ദ്രന്‍ വധക്കേസില്‍ സുലൈമാനു പങ്കില്ലെന്നാണു പ്രാഥമികവിവരമെങ്കിലും കസ്‌റ്റഡിയില്‍ വാങ്ങിയശേഷം വിശദമായി ചോദ്യംചെയ്യാനാണു ക്രൈംബ്രാഞ്ച് നീക്കം. 1993-94 ല്‍ ചെറുതുരുത്തിയിലുണ്ടായ മോട്ടോര്‍ മോഷണങ്ങളില്‍ സെയ്‌തലവി അന്‍വരിക്കൊപ്പം ഇയാള്‍ പങ്കെടുത്തിരുന്നു.
വി.പി. നിസാര്‍
from mangalam.com https://ift.tt/2N0eXk6
via IFTTT
No comments:
Post a Comment