ന്യൂഡൽഹി:നേതാക്കൾക്കിടയിലെ പടലപ്പിണക്കവും സീറ്റ് വിതരണത്തിലെ അസംതൃപ്തിയും കാരണം ഹരിയാണയിൽ കോൺഗ്രസിൽ നിന്നുള്ള കൂറുമാറ്റം കൂടുന്നു. ഏതാണ്ട് ഇരുപതിലേറെ മുതിർന്ന നേതാക്കളാണു തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം പാർട്ടിവിട്ടത്. മുൻ പി.സി.സി. അധ്യക്ഷൻ അശോക് തൻവറിനു പിന്നാലെ മുതിർന്ന നേതാവും മുൻമന്ത്രിയുമായ സമ്പത്ത് സിങ്ങും അനുയായികളും കഴിഞ്ഞദിവസം പാർട്ടി വിട്ടു. ഹിസാറിലെ നാൾവയിൽ സീറ്റ് നിഷേധിച്ചതാണ് സമ്പത്ത് സിങ്ങിന്റെ പ്രകോപനത്തിന് കാരണം. എസ്.സി. ചൗധരി (ഫരീദാബാദ്), രാമസ്വരൂപ് രാമ (രതിയ), സുഭാഷ് ചൗധരി(ജഗാധരി), രഞ്ജിത്ത് ചൗത്താല (രനിയ), മഞ്ജി റാം ഗുപ്ത (ജിന്ദ്), നിർമൽ സിങ് (അംബാല), സത്പാൽ സംഗ്വാൻ (ദാദ്രി) തുടങ്ങിയവർ പാർട്ടി വിട്ടവരിൽ ഉൾപ്പെടുന്നു. എന്നാൽ, വിമതർ പാർട്ടിവിടുന്നത് വിജയസാധ്യതയെ ബാധിക്കില്ലെന്നാണ് കോൺഗ്രസിന്റെ പ്രതികരണം. തിരഞ്ഞെടുപ്പിനുമുമ്പ് ഇത്തരം പാർട്ടിമാറ്റം സാധാരണമാണെന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപേന്ദ്ര സിങ് ഹുഡ്ഢ പറഞ്ഞു. ബി.ജെ.പി.യിൽ നിന്നും ഐ.എൻ.എൽ.ഡി.യിൽ നിന്നുമെല്ലാം ഇതുപോലെ ആൾക്കാർ കൊഴിഞ്ഞുപോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളിലെ ഐക്യമില്ലായ്മയും സഖ്യമില്ലായ്മയും വീണ്ടും അധികാരത്തിൽ കയറാൻ വഴിയൊരുക്കുമെന്നാണ് ബി.ജെ.പി. നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ബി.ജെ.പി. 90-ൽ 85 സീറ്റും നേടി അധികാരത്തിലെത്തുമെന്നാണ് പ്രമുഖ ദളിത് നേതാവ് രത്തൻ ലാൽ കട്ടാരിയയുടെ അവകാശവാദം. 19 ശതമാനത്തോളം ദളിത് വോട്ടർമാരുള്ള ഹരിയാണയിൽ അവരെ ആകർഷിക്കുന്ന ബി.ജെ.പി.യിലെ പ്രധാനമുഖമാണ് കട്ടാരിയ. Content Highlights:Haryana Congress assembly election
from mathrubhumi.latestnews.rssfeed https://ift.tt/2Vs3o9e
via
IFTTT
No comments:
Post a Comment