മഹാബലിപുരം(തമിഴ്നാട്): പല്ലവകാലഘട്ടത്തിലെ കലാകാരന്മാർ കല്ലിൽകൊത്തിയ പ്രൗഢിയേറിയ ശില്പങ്ങളാലും മനോഹരമായ തീരദേശത്താലും പ്രസിദ്ധമായ മഹാബലിപുരം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങിനെയും വരവേൽക്കാനൊരുങ്ങി. വെള്ളി, ശനി ദിവസങ്ങളിൽ നടക്കുന്ന മോദി-ഷി ജിൻ പിങ് അനൗദ്യോഗിക ഉച്ചകോടിയിലൂടെ ഈ ചരിത്രനഗരം രാജ്യാന്തരതലത്തിൽ ശ്രദ്ധേയമാവും. രാഷ്ട്രനേതാക്കളെ വരവേൽക്കാൻ മഹാബലിപുരം ഒരുക്കങ്ങൾ തുടങ്ങിയിട്ട് ദിവസങ്ങളായി. നഗരം കൂടുതൽ സൗന്ദര്യവത്കരിച്ചു. ചെന്നൈയിൽനിന്ന് മഹാബലിപുരത്തേക്കുള്ള റോഡുകൾ മെച്ചപ്പെടുത്തി. സുരക്ഷയ്ക്കായി പോലീസിന്റെ വൻപടതന്നെ തയ്യാറായിക്കഴിഞ്ഞു. എങ്ങും നിരീക്ഷണക്യാമറകളാണ്. വെള്ളിയാഴ്ച ഉച്ചയോടെ ചെന്നൈ വിമാനത്താവളത്തിലെത്തുന്ന ഷി ജിൻ പിങ്ങിനെ പാട്ടും നൃത്തവുമായാണ് വരവേൽക്കുക. ചൈനയിൽനിന്നെത്തിച്ച കാറിലായിരിക്കും ഷി ജിൻ പിങ് റോഡുമാർഗം മഹാബലിപുരത്തെത്തുക. വൈകീട്ട് കലാസന്ധ്യ ഒരുക്കുന്നുണ്ട്. ചൈനയിലെ സുരക്ഷാമേധാവികളുടെ നിർദേശമനുസരിച്ച് ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ചെന്നൈയിലും മഹാബലിപുരത്തും ഒരുക്കിയിട്ടുണ്ട്. അക്കരെ എന്ന സ്ഥലത്തുനിന്ന് മഹാബലിപുരത്തേക്കുള്ള 20 കിലോമീറ്റർ ദൂരത്തിൽ 500 പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. രാത്രികാല റോന്തുചുറ്റലും ഊർജിതമാക്കി. ബംഗാൾ ഉൾക്കടലിന്റെ ഓരം ചേർന്നുകിടക്കുന്ന മഹാബലിപുരം പല്ലവ രാജവംശം ഏഴാമത്തെയും എട്ടാമത്തെയും നൂറ്റാണ്ടുകളിൽ പടുത്തുയർത്തിയ നഗരമാണ്. പല്ലവരാജാവായ നരസിംഹവർമൻ ഒന്നാമനാണ് മാമല്ലപുരം എന്ന നഗരം സൃഷ്ടിച്ചത്. പിന്നീട് മഹാബലിപുരമെന്നും അറിയപ്പെട്ടു. പല്ലവൻമാരുടെ വാസ്തുവിദ്യാശൈലികൾ ചൈനക്കാരെ സ്വാധീനിച്ചിട്ടുണ്ട്. പല്ലവൻമാർക്ക് ചൈനക്കാരുമായി കടൽവഴി വ്യാപാരബന്ധവും ഉണ്ടായിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. രാജ്യത്ത് മറ്റെങ്ങും കാണാത്ത ശില്പചാതുരിയാണ് മഹാബലിപുരത്തിന്റെ പ്രധാന സവിശേഷത. ദൈവങ്ങളും സാധാരണ മനുഷ്യരും ക്ഷേത്രങ്ങളും ഗുഹകളും ആനകളും സിംഹങ്ങളും ആടുകളും ആമകളും കാട്ടുപന്നിയും പൂച്ചയും എലികളും വാനരൻമാരും പക്ഷികളും എന്നുവേണ്ട ഒട്ടുമിക്ക ചരാചരങ്ങളെയും ശില്പങ്ങളിൽ കാണാം. സൂര്യനും ചന്ദ്രനും ഗന്ധർവന്മാരും അപ്സരസുകളും വേട്ടക്കാരും സന്ന്യാസിമാരുമൊക്കെ പാറകളിൽ കൊത്തിവെക്കപ്പെട്ടിരിക്കുന്നു. മിക്കവയും ഒറ്റക്കല്ലിൽ തീർത്തവയാണ്. ഒരു കാലത്ത് ദക്ഷിണേന്ത്യയിലെ പ്രമുഖ തുറമുഖപട്ടണമായിരുന്ന മഹാബലിപുരം 'യുനെസ്കോ'യുടെ ലോക പൈതൃകപ്പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 'അർജുനന്റെ തപം' എന്ന വലിയ കരിങ്കൽശില്പമാണ് നരേന്ദ്രമോദിയും ഷി ജിൻ പിങ്ങും ഒരുമിച്ച് സന്ദർശിക്കുന്ന ഒരിടം. പാശുപതാസ്ത്രത്തിനുവേണ്ടിയുള്ള അർജുനന്റെ തപസ്സാണ് ഇതിന്റെ ഇതിവൃത്തമെന്നാണ് അനുമാനം. 'കൃഷ്ണന്റെ വെണ്ണക്കല്ല്' എന്നറിയപ്പെടുന്ന കൂറ്റൻ ഉരുളൻകല്ലും ഇരുനേതാക്കളും ഒരുമിച്ച് സന്ദർശിക്കും. ഒരു ചെരിവിൽ താങ്ങൊന്നുമില്ലാതെ നിൽക്കുന്ന കൂറ്റൻ ഉരുളൻകല്ലാണ് ഇത്. പ്രസിദ്ധമായ 'ഷോർ ടെമ്പിൾ' ആണ് ഇരുവരും സന്ദർശിക്കുന്ന മറ്റൊരിടം. Content Highlights:Modi - Xi Jinping meet Mahabalipuram
from mathrubhumi.latestnews.rssfeed https://ift.tt/2pagEn2
via
IFTTT
No comments:
Post a Comment