മലപ്പുറം: സ്വർണം രാസപ്രക്രിയവഴി രൂപമാറ്റം വരുത്തി വിമാനത്താവളംവഴി കടത്തുന്നത് കസ്റ്റംസിന് വലിയ തലവേദനയാവുന്നു. ദുബായിൽ താമസിക്കുന്ന അഫ്ഗാനിസ്താൻകാരനായ ഒരാളാണ് ഇതിന്റെ പിറകിലെന്നാണ് അറിയുന്നത്. ഇയാൾക്ക് മാത്രമാണ് ഈ വിദ്യ അറിയുന്നതെന്നാണ് കസ്റ്റംസിനുകിട്ടിയ വിവരം.’തിരക്കേറിയതിനാൽ’ സമീപിക്കുന്നവർക്കെല്ലാം ’ആവശ്യം’ സാധിച്ചുകൊടുക്കാൻ കഴിയാതെ ഇയാൾ കുഴങ്ങുകയാണെന്നാണ് പിടിയിലായവർവഴി കിട്ടുന്നവിവരം. പാതി ദ്രാവകരൂപത്തിൽ അരയിൽ ബെൽട്ടുപോലെ ധരിച്ചു കടത്തിയ സ്വർണം ആദ്യം പിടിച്ചത് നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ്. എട്ടുകിലോ ഭാരമുള്ള ബെൽട്ടിൽനിന്ന് ആറരക്കിലോ സ്വർണമാണ് അന്ന് കസ്റ്റംസ് വേർതിരിച്ചെടുത്തത്.വൈകാതെ കോഴിക്കോട് വിമാനത്താവളത്തിലും ഇതേ രീതിയിൽ സ്വർണംകടത്താൻ ശ്രമമുണ്ടായി. വാഹകനെ പിടിക്കുകയുംചെയ്തു. ദ്രാവകസ്വഭാവമുള്ള സ്വർണം മെറ്റൽ ഡിറ്റക്ടറിൽ കണ്ടെത്താനാവാത്തതാണ് കസ്റ്റംസ് അധികൃതർ നേരിടുന്ന പ്രശ്‌നം. ഇതിനു പുറമെയാണ് സ്വർണക്കടത്തിന് പുതിയ മാർഗങ്ങൾ കള്ളക്കടത്തുകാർ അവലംബിക്കുന്നത്. തലയിൽ മുടി കളഞ്ഞു സ്വർണപാളികൾ ഒട്ടിച്ചു മേലെ വിഗ് ധരിച്ചും മലദ്വാരത്തിനകത്തും പാദത്തിനടിയിലും ഒളിപ്പിച്ചും സ്വർണം കടത്തുന്ന രീതി വർധിച്ചുവരികയാണ്. അന്താരാഷ്ട്ര വിലയുമായി തട്ടിച്ചു നോക്കുമ്പോൾ കള്ളക്കടത്തുകാർക്ക് ഗ്രാമിന് 250 രൂപ മുതൽ അധികവിലയാണ് ലഭിക്കുക. മലദ്വാരത്തിലും മറ്റും ഒളിപ്പിച്ചുകടത്തുന്നത് കൃത്യമായ വിവരം ലഭിച്ചാലേ പരിശോധിക്കാനാവൂ. സംശയത്തിന്റെ പേരിൽമാത്രം ഒരാളെ ആശുപത്രിയിൽ കൊണ്ടുപോയി എക്സ് റേ എടുപ്പിക്കുന്നത് പ്രായോഗികമല്ലെന്ന് കസ്റ്റംസ് അധികൃതർ പറയുന്നു.മലപ്പുറത്ത് വേങ്ങര, കോട്ടയ്ക്കൽ, ചെമ്മാട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് സ്വർണക്കടത്തു സംഘങ്ങൾ ഏറെനാളായി പ്രവർത്തിച്ചു വരുന്നതായി അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ നാദാപുരത്തും കാസർകോട്ടും ഇത്തരം സ്വർണക്കടത്തു സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. നേരത്തെ മംഗലാപുരം, മുംബൈ വിമാനത്താവളങ്ങൾവഴി സ്വർണം കടത്തിവന്നിരുന്ന ഇവർ അവിടെ പരിശോധന കർശനമായതോടെ കോഴിക്കോട്ടേക്ക് തിരിഞ്ഞതായാണ് കിട്ടിയ വിവരം. കണ്ണൂർ വിമാനത്താവളം വന്നതോടെ നാദാപുരം, കാസർകോട് സംഘങ്ങൾ അങ്ങോട്ട് മാറുന്നതായും അറിവു കിട്ടിയിട്ടുണ്ട്. താരതമ്യേന കോഴിക്കോട് വിമാനത്താവളത്തിൽനിന്നു കൂടുതൽ സ്വർണം പിടിക്കുന്നത് ഇവിടെ കൂടുതൽ കടത്ത് നടക്കുന്നതു കൊണ്ടാവണമെന്നില്ലെന്നാണ് അധികൃതർ പറയുന്നത്. മറ്റിടങ്ങളിൽ പിടിക്കപ്പെടാതെ പോവുന്നതാവാം കാരണം.
from mathrubhumi.latestnews.rssfeed https://ift.tt/2qDvdQx
via
IFTTT
No comments:
Post a Comment