പാലക്കാട്/കൊച്ചി: അട്ടപ്പാടി വനമേഖലയില്‍ കഴിഞ്ഞ തിങ്കളാഴ്ച കൊല്ലപ്പെട്ട രണ്ടു മാവോയിസ്റ്റുകളുടെ പേരുവിവരങ്ങളില്‍ വ്യക്തതയില്ല. കര്‍ണാടക സ്വദേശി ശ്രീമതിയും തമിഴ്‌നാട് സ്വദേശി സുരേഷുമല്ല കൊല്ലപ്പെട്ടതെന്നും തമിഴ്‌നാട് സ്വദേശികളായ അരവിന്ദും രമയുമാണെന്നും സംഭവസ്ഥലത്തെത്തിയ കര്‍ണാടക നക്‌സല്‍ വിരുദ്ധ സ്‌ക്വാഡിന് സംശയം.
പ്രസന്ന, ലക്ഷ്മി എന്നീ പേരുകളിലും രമ അറിയപ്പെടുന്നു. കൊല്ലപ്പെട്ടവരുടെ പേര് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. തമിഴ്‌നാട് സ്വദേശി കാര്‍ത്തിയും തിങ്കളാഴ്ച കൊല്ലപ്പെട്ടിരുന്നു. കര്‍ണാടക സ്വദേശിയായ ശ്രീമതിയെ പിടികൂടുന്നവര്‍ക്ക് ഒരുലക്ഷം രൂപയും എ.എസ്. സുരേഷിന് അഞ്ചുലക്ഷം രൂപയുമാണു കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.
കൊല്ലപ്പെട്ട സ്ത്രീയുടെ തലയുടെ പിന്‍ഭാഗത്തും പുരുഷന്റെ നെറ്റിയിലുമാണു വെടിയേറ്റത്. മറ്റു രണ്ടുപേരുടെ ദേഹത്തു രണ്ടുവീതം വെടിയേറ്റതായി ഇന്‍ക്വസ്റ്റ് സാക്ഷികളായ ഊരുനിവാസികള്‍ വെളിപ്പെടുത്തി. ഇന്നലെ രാവിലെ വീണ്ടും നടന്ന വെടിവെയ്പ്പില്‍ ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു. സി.പി.ഐ. (മാവോയിസ്റ്റ്) കേന്ദ്രസമിതി അംഗവും ഭവാനി ദളത്തിന്റെ നേതാവുമായ തമിഴ്‌നാട് സേലം സ്വദേശി മണിവാസക(അപ്പു-56)മാണു തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകളുടെ വെടിയേറ്റു മരിച്ചത്. ഇതോടെ രണ്ടുദിവസമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം നാലായി. നാലു മൃതദേഹങ്ങളും രാത്രിയോടെ പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.
തിങ്കളാഴ്ച വെടിയേറ്റ് മരിച്ച മൂന്ന് പേരുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി ഇന്നലെ രാവിലെ വനത്തിലെത്തിയ സംഘത്തിനുനേരേ മാവോയിസ്റ്റുകള്‍ മറഞ്ഞിരുന്ന് വെടിയുതിര്‍ക്കുകയും തണ്ടര്‍ബോള്‍ട്ടിന്റെ പ്രത്യാക്രമണത്തില്‍ മണിവാസകം കൊല്ലപ്പെടുകയുമായിരുന്നു. തിങ്കളാഴ്ചത്തെ വെടിവയ്പ്പില്‍ ഇയാള്‍ക്കു പരുക്കേറ്റതായി സൂചനയുണ്ടായിരുന്നു.
മേലേമഞ്ചക്കണ്ടി ഊരിനു രണ്ടര കിലോമീറ്റര്‍ അകലെ, വനമേഖലയിലെ കോഴിക്കല്ല് ഭാഗത്തായിരുന്നു ഇന്നലത്തെ ഏറ്റുമുട്ടലെന്നു പ്രദേശവാസികള്‍ പറയുന്നു. രാവിലെ ജില്ലാ പോലീസ് മേധാവി, ഫോറന്‍സിക്, വിരലടയാള, ബാലസ്റ്റിക് വിദഗ്ധര്‍, മെഡിക്കല്‍ സംഘം, ഒറ്റപ്പാലം സബ് കലക്ടര്‍, ആര്‍.ഡി.ഒ, തഹസില്‍ദാര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഇന്‍ക്വസ്റ്റിനെത്തി.
സംഘം കടന്നുപോയി ഒന്നരമണിക്കൂറിനുശേഷമാണ് ഉള്‍വനത്തില്‍ വീണ്ടും വെടിവയ്പ്പ് നടന്നത്. ഈ ഏറ്റുമുട്ടലിലാണു മണിവാസകം കൊല്ലപ്പെട്ടതെന്നു പറയപ്പെടുന്നു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ നിന്നു രണ്ട് എ.കെ. 47 തോക്കുകള്‍, മൂന്നു 303 തോക്കുകള്‍, രണ്ടു നാടന്‍തോക്കുകള്‍ എന്നിവ പിടിച്ചെടുത്തതായാണു സൂചന. വെടിക്കോപ്പുകള്‍, രണ്ടു ചാക്കുകെട്ടുകള്‍, ഉണക്കിയ പഴങ്ങള്‍, മരുന്ന് പായ്ക്കറ്റുകള്‍ തുടങ്ങിയവയും സംഭവസ്ഥലത്തുനിന്നു ലഭിച്ചതായി തമിഴ്‌നാട് പോലീസ് അറിയിച്ചു.
മണിവാസകത്തിന്റെ മൃതദേഹത്തിനു സമീപമാണ് എ.കെ. 47 തോക്ക് കാണപ്പെട്ടത്. അതേസമയം, തിങ്കളാഴ്ചത്തെ ഏറ്റുമുട്ടലിനിടെ മണിവാസകത്തിനൊപ്പം ഓടിമറഞ്ഞ ദീപക് എന്ന ചന്തുവിനെപ്പറ്റി വിവരമില്ല. ഝാര്‍ഖണ്ഡ് സ്വദേശിയാണു ദീപക്. കുപ്പു ദേവരാജന്‍ വധിക്കപ്പെട്ടശേഷം സി.പി.ഐ. (മാവോയിസ്റ്റ്) പശ്ചിമഘട്ടമേഖലയുടെ ചുമതലയും മണിവാസകത്തിനായിരുന്നു.
ഇയാളുടെ പേരില്‍ തമിഴ്‌നാട്ടില്‍ നിരവധി കേസുകളുണ്ട്. അടുത്തിടെയാണു വിവാഹം കഴിച്ചത്. ഭാര്യയും മാവോയിസ്റ്റാണ്. ഇവരെപ്പറ്റി പോലീസിനു കൂടുതല്‍ വിവരം ലഭിച്ചിട്ടില്ല. പുതുക്കോട്ട സ്വദേശിയായ കാര്‍ത്തി അവിവാഹിതനാണ്. കൊല്ലപ്പെട്ടതു കാര്‍ത്തിയാണെങ്കില്‍ മൃതദേഹം ഏറ്റെടുക്കാന്‍ തയാറാണെന്നു വ്യക്തമാക്കി ഇയാളുടെ അമ്മ പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് അപേക്ഷ നല്‍കി.
from mangalam.com https://ift.tt/36irMiw
via IFTTT
No comments:
Post a Comment