കൊച്ചി: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി, തൃശ്ശൂർ ഡിസ്ട്രിക്ട് ലേബർ സഹകരണ സൊസൈറ്റി എന്നിവയ്ക്ക് ടെൻഡറില്ലാതെ പ്രവൃത്തികൾ നൽകുന്നത് ഹൈക്കോടതി വിലക്കിയതോടെ പാലാരിവട്ടം മേൽപ്പാലം പൊളിച്ചുപണിയുന്നത് വൈകിയേക്കും. അക്രഡിറ്റഡ് ഏജൻസികൾക്ക് ടെൻഡറില്ലാതെ പ്രവൃത്തി നൽകുന്നതിനെതിരേ ആറ് കരാറുകാരാണ് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞദിവസമാണ് രണ്ട് ലേബർ സൊസൈറ്റികൾക്ക് പ്രവൃത്തികൾ ടെൻഡറില്ലാതെ നൽകുന്നത് വിലക്കി ഹൈക്കോടതി ഉത്തരവിറക്കിയത്. പാലാരിവട്ടം മേൽപ്പാലം പൊളിച്ചുപണിയുന്നത് ഊരാളുങ്കൽ ലേബർ സഹകരണ സൊസൈറ്റിയെ ഏൽപ്പിക്കാനായിരുന്നു സർക്കാർ തീരുമാനം. സൊസൈറ്റിയുമായി ഇ. ശ്രീധരൻ ചർച്ചനടത്തുകയും ചെയ്തു. ഒക്ടോബർ ഒന്നിന് പ്രവൃത്തി തുടങ്ങുകയായിരുന്നു ലക്ഷ്യം. അതിനിടെ ഒക്ടോബർ 10 വരെ പാലാരിവട്ടം മേൽപ്പാലം പൊളിക്കുന്നത് ഹൈക്കോടതി വിലക്കി. ഊരാളുങ്കൽ ലേബർ സൊസൈറ്റിയടക്കം 20 അക്രഡിറ്റഡ് ഏജൻസികളാണ് കേരളത്തിലുള്ളത്. ഇവർക്ക് പ്രവൃത്തികൾ ടെൻഡറില്ലാതെ നൽകാറുണ്ടായിരുന്നു. ഇതിനെ സ്വകാര്യകരാറുകാർ വർഷങ്ങളായി എതിർത്തുവരികയാണ്. പാലാരിവട്ടം മേൽപ്പാലനിർമാണം കൈമാറുന്നതുമായി ബന്ധപ്പെട്ട് ഒന്നിലേറെത്തവണ ഊരാളുങ്കൽ ലേബർ സൊസൈറ്റിയും ഡി.എം.ആർ.സി.യും ചർച്ചനടത്തിയിരുന്നു. പ്രവൃത്തി കൈമാറുന്നതിന് സർക്കാർ ഉത്തരവ് മാത്രമേ ഇനി വേണ്ടിയിരുന്നുള്ളൂ. മേൽപ്പാലം പൊളിക്കുന്നത് ഒക്ടോബർ 10 വരെ വിലക്കിയിട്ടും നടപടികളുമായി മുന്നോട്ടുപോകുന്നതിനെ ഹൈക്കോടതി തടഞ്ഞിരുന്നില്ല. എന്നാൽ, പുതിയ ഉത്തരവ് നടപടികളുമായി മുന്നോട്ടുപോകുന്നതിന് തടസ്സമായേക്കും. അക്രഡിറ്റഡ് ഏജൻസികൾക്ക് പ്രവൃത്തി നൽകാൻ പ്രത്യേക പരിഗണന ലഭിക്കുന്നുണ്ട്. ടെൻഡറിൽ അക്രഡിറ്റഡ് ഏജൻസികൾ നൽകുന്നതിനെക്കാൾ 10 ശതമാനം കുറച്ച് ഏറ്റെടുക്കാൻ തയ്യാറായാലേ സ്വകാര്യ കരാറുകാർക്ക് പ്രവൃത്തി കിട്ടുകയുള്ളൂ. ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് അമ്പലപ്പുഴ-പൊടിയാടി റോഡിന്റെ പ്രവൃത്തി 69 കോടിക്ക് ടെൻഡറില്ലാതെ നൽകിയതിനെ കരാറുകാർ നേരത്തേ ഹൈക്കോടതിയിൽ ചോദ്യംചെയ്തിരുന്നു. തുടർന്ന് പ്രവൃത്തി ടെൻഡറിലൂടെ നൽകാൻ ഉത്തരവായി. തുടർന്ന് ഈ പ്രവൃത്തി ഊരാളുങ്കൽ ലേബർ സൊസൈറ്റി 54 കോടിക്ക് ഏറ്റെടുത്തത് കരാറുകാർ പാലാരിവട്ടം കേസിൽ ചൂണ്ടിക്കാട്ടി. Content Highlights:palarivattom flyover demolition works may be delayed
from mathrubhumi.latestnews.rssfeed https://ift.tt/2ogWRSQ
via
IFTTT
No comments:
Post a Comment