ന്യൂഡൽഹി : ദേശീയതയും ജമ്മുകശ്മീരുമടങ്ങുന്ന തീവ്രവിഷയങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിച്ഛായയും വോട്ടായി മാറുമെന്നുകരുതിയ ബി.ജെ.പി.ക്ക് തിരഞ്ഞെടുപ്പുഫലം നൽകിയത് രാഷ്ട്രീയക്ഷീണം. തൊഴിലില്ലായ്മയും പട്ടിണിയും സാമ്പത്തികമാന്ദ്യവും ഉയർത്തി ദേശീയവിഷയങ്ങളെ പ്രതിപക്ഷപാർട്ടികൾ ഉയർത്തിക്കാട്ടിയപ്പോൾ 'മോദിമാജിക്' കാര്യമായി ഏശിയില്ല. മഹാരാഷ്ട്രയിൽ ഭരണം നിലനിർത്തിയെങ്കിലും സീറ്റെണ്ണം കുറഞ്ഞു. ഹരിയാണയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവലഭൂരിപക്ഷമില്ല. ജമ്മുകശ്മീർ നടപടി, അസം പൗരത്വപ്പട്ടിക, മുത്തലാഖ് നിരോധനം തുടങ്ങി ബി.ജെ.പി. നേട്ടപ്പട്ടികയായി നിരത്തിയ ദേശീയനടപടികൾക്കുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പുകളുടെ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. ക്ഷീണം അപ്രതീക്ഷിതം. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പുവിജയം നൽകിയ അമിത ആത്മവിശ്വാസവുമായാണ് ബി.ജെ.പി. മഹാരാഷ്ട്രയിലും ഹരിയാണയിലും തിരഞ്ഞെടുപ്പിനെ നേരിട്ടത്. തിരഞ്ഞെടുപ്പുതീയതി പ്രഖ്യാപിക്കുന്നതിനുമുമ്പുതന്നെ പ്രധാനമന്ത്രിയുടെ റാലിയോടെ പ്രചാരണത്തിന് തുടക്കമിട്ടു. ഇരുസംസ്ഥാനത്തുമായി 42 റാലിയിൽ മോദിയും അമിത് ഷായും പങ്കെടുത്തു. സംസ്ഥാനവിഷയങ്ങളെ പിന്നിലേക്കുമാറ്റി 370-ാം അനുച്ഛേദം പിൻവലിക്കൽ, ദേശീയ പൗരത്വപ്പട്ടിക, മുത്തലാഖ് നിരോധനം, അയോധ്യ, എന്നിവയിലൂന്നിയായിരുന്നു പ്രചാരണം. വോട്ടെടുപ്പിനുതലേന്ന് പാക് ഭീകരക്യാമ്പ് തകർത്ത സൈനികനടപടിപോലും പ്രചാരണായുധമാക്കി. കേന്ദ്ര-സംസ്ഥാന ഭരണങ്ങളുടെ പിൻബലം വ്യാപകമായി ബി.ജെ.പി. ഉപയോഗിച്ചിരുന്നു. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രസക്തി തിരിച്ചറിഞ്ഞ് പ്രതിപക്ഷപാർട്ടികൾ പ്രാദേശികവിഷയങ്ങളുയർത്തിയാണ് ബി.ജെ.പി.യെ നേരിട്ടത്. മഹാറാലികൾക്കുപകരം ചെറുയോഗങ്ങളായിരുന്നു അവരുടെ വേദികൾ. തൊഴിലില്ലായ്മ, പട്ടിണി, കാർഷികപ്രതിസന്ധി, കർഷക ആത്മഹത്യ, ആൾക്കൂട്ടക്കൊല, സംസ്ഥാനഭരണത്തിലെ വീഴ്ചകൾ തുടങ്ങിയ വിഷയങ്ങൾ ഈ യോഗങ്ങളിൽ വിശദീകരിച്ചു. കാർഷികപ്രതിസന്ധി മഹാരാഷ്ട്രയിലെ വിദർഭ തുടങ്ങിയ മേഖലകളിലും ആൾക്കൂട്ടക്കൊലകൾക്കെതിരേയുള്ള പ്രചാരണം ന്യൂനപക്ഷങ്ങൾ ഏറെയുള്ള ഹരിയാണയിലെ നുഹു തുടങ്ങിയ മേഖലയിലും ബി.ജെ.പി.ക്ക് ദോഷംചെയ്തെന്ന് ഈ മേഖലകളിലെ തിരഞ്ഞെടുപ്പുഫലങ്ങൾ വ്യക്തമാക്കുന്നു. സാമ്പത്തികമാന്ദ്യത്തിന്റെ രൂക്ഷത താഴെത്തട്ടിലെത്തിയതിന്റെ ലക്ഷണങ്ങളും വ്യക്തം. പതിവുരീതിയിൽ പ്രചണ്ഡമായ പ്രചാരണംകൊണ്ട് ഇവയെ മറികടക്കാമെന്നായിരുന്നു ബി.ജെ.പി.യുടെ ധാരണ. എന്നാൽ, അധ്യക്ഷപദവിയിൽനിന്ന് ഒഴിയാനൊരുങ്ങുന്ന അമിത് ഷായ്ക്കും രണ്ടാംവട്ടം കേന്ദ്രസർക്കാരിനെ നയിക്കുന്ന പ്രധാനമന്ത്രിക്കും തിരഞ്ഞെടുപ്പുഫലങ്ങൾ പുതിയ പാഠമായി. ലോക്സഭ-നിയമസഭ തിരഞ്ഞെടുപ്പുകളെ ജനം വ്യത്യസ്തമായാണ് സമീപിക്കുന്നതെന്ന കാര്യവും ഫലങ്ങളിൽനിന്ന് വ്യക്തം. സംസ്ഥാനവിഷയങ്ങളാണ് നിയമസഭാതിരഞ്ഞെടുപ്പിൽ നിർണായകം. രണ്ടുതിരഞ്ഞെടുപ്പും ഒരുമിച്ചുനടത്തണമെന്ന് ബി.ജെ.പി. ആവശ്യപ്പെടുന്നതിനിടയിലാണ് ഈ ഫലമെന്നതും ശ്രദ്ധേയം. Content Highlights:Modi magic BJP election results
from mathrubhumi.latestnews.rssfeed https://ift.tt/2BFkdo5
via
IFTTT
No comments:
Post a Comment