തൃശ്ശൂർ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 230 കോടി രൂപകൂടി വായ്പയെടുക്കാൻ കെ.എസ്.ഇ.ബി. തീരുമാനിച്ചു. കേന്ദ്രസർക്കാർ സ്ഥാപനമായ റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ ലിമിറ്റഡിൽനിന്ന് (ആർ.ഇ.സി.) 10.65 ശതമാനം പലിശയ്ക്ക് വായ്പയെടുക്കാനാണ് ഡയറക്ടർ ബോർഡ് തീരുമാനം. വർഷം ഏതാണ്ട് 1500 കോടി രൂപ നഷ്ടംനേരിടുന്ന സാഹചര്യത്തിലാണ് നടപടി. പുറമേനിന്ന് വാങ്ങുന്ന വൈദ്യുതിക്ക് പണം കൊടുക്കാനില്ലാത്ത അവസ്ഥയാണ് ഇപ്പോൾ. ബോർഡ് സാമ്പത്തിക വിഭാഗത്തിന്റെ രേഖകൾപ്രകാരം കഴിഞ്ഞ ജൂൺ 20 വരെ ശമ്പളം, പെൻഷൻ, വൈദ്യുതി വാങ്ങൽ എന്നിവയിലടക്കം 350 കോടി രൂപയാണ് കുടിശ്ശിക. ഊർജവകുപ്പിന് കീഴിലുള്ള, നവരത്ന കമ്പനികളിലൊന്നായ ആർ.ഇ.സി. ലിമിറ്റഡ് 2017-ൽ പ്രത്യേക വായ്പയായി രണ്ടായിരംകോടി രൂപ കെ.എസ്.ഇ.ബി.ക്ക് അനുവദിച്ചിരുന്നു. ഇതിൽ 1250 കോടി രൂപ 9.08 ശതമാനം പലിശയ്ക്ക് 2017-ൽതന്നെ വാങ്ങി. പിന്നീട് 2018-ലും 2019-ലും പലപ്പോഴായി 9.08 ശതമാനം മുതൽ 11 ശതമാനംവരെ പലിശയ്ക്ക് 520 കോടിരൂപ കൂടിയെടുത്തു. ഇതിനിടെയാണ് ഇപ്പോൾ ബാക്കിതുകയായ 230 കോടികൂടി കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടത്. നിലവിലുള്ള വായ്പനയത്തിനനുസരിച്ചേ തുക നൽകാനാകുവെന്നും ഇത് 10.90 ശതമാനമാണെന്നുമായിരുന്നു ആർ.ഇ.സി.യുെട നിലപാട്. എങ്കിലും ബോർഡിന്റെ അഭ്യർഥനയെത്തുടർന്ന് പലിശനിരക്കിൽ 0.25 ശതമാനം കുറവുവരുത്തി. മറ്റുവഴികളില്ലാത്തതിനാൽ ഈ പലിശനിരക്കിൽ 230 കോടി രൂപയെടുക്കാൻ ഡയറക്ടർബോർഡ് തീരുമാനിച്ചു. ഊർജമേഖലയുടെ മുൻഗണന അവസാനിച്ചു, പലിശ ഉയർന്നു രാജ്യത്ത് ബാങ്കുകൾ ഊർജമേഖലയ്ക്ക് നൽകിയിരുന്ന മുൻഗണന എടുത്തുകളഞ്ഞതാണ് പലിശ കൂടാൻ കാരണം. സ്വകാര്യ ഏജൻസികളിൽനിന്ന് വൈദ്യുതി വാങ്ങുന്ന സംസ്ഥാനങ്ങൾ വൻതുക കുടിശ്ശിക വരുത്താൻ തുടങ്ങിയതോടെയാണ് ബാങ്കുകൾ ഊർജമേഖലയുടെ മുൻഗണന ഒഴിവാക്കിയത്. ഇതോടെ വായ്പകൾക്ക് ഉയർന്നതോതിൽ പലിശ നൽകേണ്ട അവസ്ഥയായി. ഇനിയുംവേണം വൻവായ്പകൾ പുതിയ പദ്ധതികൾക്ക് പിന്നാലെയാണ് വൈദ്യുതി ബോർഡ്. ഇതിനായി ആയിരക്കണക്കിന് കോടിരൂപ വിവിധ ഏജൻസികളിൽനിന്ന് വായ്പയെടുക്കേണ്ടി വരും. പുതിയ പദ്ധതികൾക്കായി പണം വേണ്ടതിങ്ങനെ. * സൗരോർജ പദ്ധതികൾക്ക് 3300 കോടി * വിതരണമേഖലയിലെ പദ്ധതികൾക്ക് 4600 കോടി * ട്രാൻസ്ഗ്രിഡ് പദ്ധതികളുടെ ഒന്നാംഘട്ടത്തിൽ 4500 കോടിയും രണ്ടാംഘട്ടത്തിൽ ആറായിരംകോടിയും Content Highlights:kseb facing financial crisis; will be take 230 crore as loan
from mathrubhumi.latestnews.rssfeed https://ift.tt/2VqMFTD
via
IFTTT
No comments:
Post a Comment