അബഹ: മോഷണക്കേസിൽ പ്രതിയാക്കപ്പെട്ട് ഒൻപത് മാസമായി ജയിലിൽ കഴിയുകയായിരുന്ന ആലപ്പുഴ സ്വദേശിയായ യുവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാനുള്ള മുൻ കോടതി വിധി റദ്ദാക്കി.സൗദിഅറേബ്യയിലെ തെക്കൻ നഗരമായ ഖമീസ് മുഷൈത്തിലെ ക്രിമിനൽ കോടതിയാണ് ഏപ്രിൽ മാസം മലയാളി യൂവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. ഇതിനെതിരെ യുവാവ് ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെയും ജിദ്ദ കോണ്സുലേറ്റിന്റെയും സഹായത്തോടെ അപ്പീൽ നൽകിയത്. അബഹയിലെ മൂന്നംഗ അപ്പീൽ കോടതി കേസ് പഠിക്കുകയും, കൈപ്പത്തി മുറിച്ചുമാറ്റാനുള്ള വിധി റദ്ദാക്കി പകരം നാലുവർഷം തടവും 400 അടിയും വിധിക്കുകയും ആയിരുന്നു. ആലപ്പുഴ സ്വദേശിയായ യുവാവിനെതിരെയായിരുന്നു കോടതി വിധി വന്നത്. അബഹയിലും ഖമീസ് മുശൈത്തിലും ശാഖകളുള്ള ഒരു പ്രമുഖ സൗദി റെസ്റ്റോറന്റിലെ ലോക്കറിൽ നിന്ന് ഒരു ലക്ഷത്തി പതിനായിരം റിയാൽ നഷ്ടപ്പെട്ടിരുന്നു. അതിന്റെ അന്വേഷണത്തിലാണ് അതേ സ്ഥാപനത്തിൽ ആറ് വർഷമായി ജോലിചെയ്തിരുന്ന മലയാളി യുവാവ് പിടിയിലായത്. നഷ്ടപ്പെട്ട മുഴുവൻ തുകയും അന്വേഷണ ഉദ്യോഗസ്ഥർ കുളിമുറിയിൽ നിന്ന് കണ്ടെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശരിയത്ത് നിയമം അനുസരിച്ചുള്ള പരമാവധി ശിക്ഷ കോടതി അന്ന് വിധിക്കുകയായിരുന്നു. സ്പോൺസറുമായി സാമ്പത്തിക ബാധ്യത ഉണ്ടായിരുന്ന ഇതേ റെസ്റ്റോറന്റിൽ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശിയായ മറ്റൊരു സുഹൃത്ത് അയാളുടെ മാതാവിന്റെ ചികിത്സാർത്ഥം നാട്ടിൽ പോകേണ്ടിവന്നപ്പോൾ ഇദ്ദേഹം ജാമ്യം നിൽക്കുകയും അയാൾ തിരിച്ച് വരാതിരുന്നപ്പോൾ സ്പോൺസർ ഇയാളിൽ നിന്ന് ഇരുപത്തിനാലായിരം റിയാൽ അഥവാ മൂന്നര ലക്ഷം രൂപ ഈടാക്കുകയും ചെയ്തിരുന്നു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്ന ഇദ്ദേഹം നാട്ടിൽ നിന്ന് കടം വാങ്ങിയും പലതും വിറ്റ് പെറുക്കിയാണ് സ്പോൺസർക്ക് ഈ സംഖ്യ കൊടുത്ത് വീട്ടിയത്. ഭാഷ വശമില്ലത്തതിനാലും ഭയം മൂലവും കാര്യങ്ങൾ കോടതിയെ വേണ്ട രീതിയിൽ ബോധ്യപ്പെടുത്താൻ തനിക്ക് കഴിഞ്ഞില്ലെന്നു ഇദ്ദേഹം പറഞ്ഞിരുന്നു. വലത് കൈപ്പത്തി മുറിച്ച് മാറ്റാൻ വന്ന കോടതി വിധിയിൽ ആകെ തകർന്നിരിക്കുകയായിരുന്നു ഇയാളുടെ നാട്ടിലുള്ള കുടുംബം. കൈ മുറിക്കാനുള്ള വിധി എങ്ങിനെയെങ്കിലും മാറ്റി രക്ഷപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ച് നാട്ടിലുള്ള മാതാവും അസീറിലെ സുഹൃത്തുക്കളും ഇന്ത്യൻ സോഷ്യൽ ഫോറം അബഹ നേതൃത്വത്തെ സമീപിച്ചിരുന്നു. അത് പ്രകാരം സോഷ്യൽ ഫോറം എക്സിക്യൂട്ടീവ് മെമ്പറും സി സി ഡബ്ല്യൂ എ മെമ്പറുമായ സൈദ് മൗലവി ഖമീസ് മുശൈത്ത് ക്രിമിനൽ കോടതിൽ പോയി ജഡ്ജിയുടെ ചേമ്പറിൽ നിന്ന് വിധിയുടെ പകർപ്പ് കൈ പറ്റി. റമദാൻ പതിനേഴിനകം അപ്പീലിന് പോകാൻ കോടതി ഇതിൽ അനുവാദം നൽകുന്നതായി കണ്ടെത്തിയിരുന്നു. നിയമ വിദഗ്ദരുമായും സൗദി അഡ്വക്കേറ്റുമായും സൈദ് മൗലവി കൂടിക്കാഴ്ച നടത്തി അപ്പീൽ തയ്യാറാക്കി ജിദ്ദ കോണ്സുലേറ്റിനെ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ജിദ്ദയിലെ കോൺസുൽ വെൽഫയർ ഡോക്ടർ മുഹമ്മദ് അലീമും മറ്റൊരു ഉദ്യോഗസ്ഥനായ ഫൈസലും അടിയന്തിരമായി അബഹയിൽ എത്തുകയും സൈദ് മൗലവിയോടൊപ്പം ജയിലിൽ പോയി യുവാവിനെ സന്ദർശിക്കുകയും ജയിൽ മേധാവിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. പിന്നീട് ഖമീസ് മുശൈതിലെ ക്രിമിനൽ കോടതിയിലെ ചീഫ് ജസ്റ്റിസിന്റെ ചേമ്പറിൽ അപ്പീൽ സമർപ്പിക്കുകയായിരുന്നു. അബഹ അസിസ്റ്റന്റ് ഗവർണറെ സന്ദർശിച്ച് കോൺസുലർ സംഘം നിവേദനം നൽകുകയും ചെയ്തിരുന്നു. അപ്പീലുമായി മുന്നോട്ട് പോകുന്ന സോഷ്യൽ ഫോറത്തിനും യുവാവിന്റെ സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും എല്ലാവിധ സഹായവും ജിദ്ദ കോൺസുലേറ്റ് നൽകിയിരുന്നു. മകന്റെ കൈ മുറിച്ചുമാറ്റാനുള്ള വിധി റദ്ദായതിൽ ഏറെ സന്തോഷമുണ്ടെന്നും ഇതിനായി പ്രവർത്തിച്ച ഇന്ത്യൻ സോഷ്യൽ ഫോറത്തിനും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിനും മകന്റെ സുഹൃത്തുക്കൾക്കും യുവാവിന്റെ മാതാവ് തന്റെ നന്ദിയും കടപ്പാടും പ്രാർത്ഥനയും ഉണ്ടാകുമെന്ന് പറഞ്ഞു. Content Highlights:Saudi arabia-hand amputation
from mathrubhumi.latestnews.rssfeed https://ift.tt/30TgiPn
via
IFTTT
No comments:
Post a Comment