കൊച്ചി: “കറന്റ് കട്ട് ചെയ്യും. വെള്ളവും നിർത്തും. ഇനി ഈ അമ്മ എന്ത് ചെയ്യും മോളേ...” മരട് ഹോളി ഫെയ്ത്ത് ഫ്ളാറ്റിൽ തനിച്ചു താമസിക്കുന്ന ചിന്നമ്മയുടെ വാക്കുകളാണ്. തനിച്ചായ അമ്മ ഭീതിയോടെ ഫ്ളാറ്റിൽ കഴിയുന്ന കാര്യം ഓർത്തതോടെ മകൾ സുജ റോയ് ലീവെടുത്ത് കുവൈത്തിൽ നിന്ന് ഓടിയെത്തി. വ്യാഴാഴ്ച പുലർച്ചെ അഞ്ചു മണിയോടെ മരടിലെത്തിയപ്പോൾ ഫ്ളാറ്റ് സമുച്ചയം മുഴുവൻ ഇരുട്ടിലായിരുന്നു. ഫ്ളാറ്റ് പരിസരമാകെ ഒരു മരണ വീട് പോലെയായിരുന്നു. ആശങ്കയോടെ മകൾ സ്വന്തം ഫ്ളാറ്റിൽ എത്തി. അമ്മയെ കണ്ടു, ആശ്വസിപ്പിച്ചു. സുജ എത്തുംമുമ്പുതന്നെ ഫ്ളാറ്റിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചിരുന്നു. പുനലൂരിലെ വീടും സ്ഥലവും വിറ്റുപെറുക്കിയും ബാങ്ക് ലോൺ എടുത്തുമാണ് മരടിൽ ഫ്ളാറ്റ് വാങ്ങിയതെന്ന് സുജ പറഞ്ഞു. എറണാകുളത്ത് സ്ഥലം വാങ്ങി വീട് വെയ്ക്കാനുള്ള പണം ഇല്ലാത്തതുകൊണ്ടാണ് ഫ്ളാറ്റ് ആക്കിയത്. അമ്മയുടെ സുരക്ഷയും കൂടി നോക്കിയപ്പോൾ ഫ്ളാറ്റ് ഉറപ്പിക്കുകയായിരുന്നു. 40 ലക്ഷം രൂപയ്ക്കാണ് 2006-ൽ വാങ്ങിയത്. ഫർണിഷിങ്ങിനായി 16 ലക്ഷം രൂപയോളം ചെലവഴിക്കുകയും ചെയ്തു. കൺസ്ട്രക്ഷനിൽ ഒരു ബന്ധു കൂടിയുണ്ടായതുകൊണ്ടാണ് ധൈര്യമായി ഫ്ളാറ്റ് വാങ്ങിയതെന്നാണ് ചിന്നമ്മ പറയുന്നത്. ഉണ്ടായ സമ്പാദ്യം മുഴുവനെടുത്താണ് ഫ്ളാറ്റ് വാങ്ങിയത്, ഇനി ഇത്തരത്തിലൊന്ന് ജീവിതത്തിൽ പണിയാൻ കഴിയില്ലെന്നാണ് സുജ പറയുന്നത്. ഒരു മാസത്തിലേറെയായി ഈ അമ്മയ്ക്കും മകൾക്കും സമാധാനം നഷ്ടമായിട്ട്. നഗരസഭ നോട്ടീസ് പതിച്ചത് മുതൽ ചിന്നമ്മ വലിയ മാനസിക സംഘർഷമാണ് അനുഭവിക്കുന്നത്. 75 വയസ്സായ ചിന്നമ്മയ്ക്ക് വാർദ്ധക്യ സഹജമായ അസുഖങ്ങളുമുണ്ട്. ജീവിക്കാൻ കഴിയാത്ത സാഹചര്യം ഒരുങ്ങുന്നുവെന്ന് ചിന്നമ്മ തിങ്കളാഴ്ച വൈകീട്ടോടെയാണ് മകളെ അറിയിച്ചത്. ഇതോടെ രാത്രിതന്നെ കിട്ടിയ വിമാനത്തിൽ കയറി സുജ പോരുകയായിരുന്നു. പത്താം നിലയിലാണ് ചിന്നമ്മയുടെ താമസം. അതിനാൽ ലിഫ്റ്റിന്റെ പ്രവർത്തനം നിലച്ചാൽ പ്രായമായ ചിന്നമ്മ എങ്ങനെ താഴേക്കിറങ്ങുമെന്നാണ് സുജ ചോദിക്കുന്നത്. ഖത്തറിൽ നഴ്സാണ് സുജ. നാട്ടിലെ അമ്മയുടെ സ്ഥിതി അറിയിച്ചതോടെ ഇവർക്ക് അധികൃതർ ലീവ് അനുവദിച്ചു നൽകുകയായിരുന്നു. എന്നുവരെ ലീവ് നീണ്ടുപോകുമെന്നറിയില്ല. എന്നാൽ, ഫ്ലാറ്റിന്റെ കാര്യത്തിൽ ഒരു തീരുമാനമാകാതെ തിരിച്ചു പോക്കില്ല എന്ന് സുജ തീരുമാനിച്ചു കഴിഞ്ഞു. അതേസമയം ആകെയുള്ള സമ്പാദ്യം കാക്കാനുള്ള ശ്രമത്തിനിടയിൽ ജോലിയുടെ കാര്യത്തിലും ആശങ്കയുണ്ട് ഇവർക്ക്. രോഷവും ദുഃഖവും താങ്ങാനാവാതെ അവരുടെ മിഴികൾ പലപ്പോഴും നിറയുന്നുണ്ട്. ''എന്തു വന്നാലും ഞങ്ങൾ ഇറങ്ങില്ല...'' സുജ തീർത്തുപറഞ്ഞു. content highlights:maradu flat
from mathrubhumi.latestnews.rssfeed https://ift.tt/2lVG3zz
via
IFTTT
No comments:
Post a Comment