കോട്ടയം: അഞ്ചിടത്തെ ഉപതിരഞ്ഞെടുപ്പിന്റെ 'സെമിഫൈനലാ'യ പാലായിലെ വിധിയെഴുത്ത് തിങ്കളാഴ്ച. അഞ്ചിടത്തും വൈകാതെ പ്രചാരണത്തിലേക്ക് കടക്കേണ്ടിവരുമെന്നതിനാൽ പാലാ ഫലത്തിന് പ്രാധാന്യമുണ്ടെന്ന തിരിച്ചറിവിലാണ് മുന്നണികൾ. അതുകൊണ്ടുതന്നെ, പ്രചാരണം അവസാനിച്ചിട്ടും മുന്നണി നേതാക്കൾ ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തി. അവസാന മണിക്കൂറുകളിലും വോട്ടുറപ്പിക്കാനുള്ള തന്ത്രങ്ങൾ മെനയുന്ന തിരക്കിലുമായിരുന്നു. തുടക്കത്തിൽ പ്രാദേശിക പ്രശ്നങ്ങൾ കാട്ടി പ്രചാരണത്തിൽ പരസ്പരം പഴിചാരൽ ആരംഭിച്ച മുന്നണികൾ, വളരെ പെട്ടെന്നാണ് രാഷ്ട്രീയ കേരളം ചർച്ചചെയ്യുന്ന ആരോപണങ്ങളിലേക്ക് വഴിമാറിയത്. യു.ഡി.എഫ്. കിഫ്ബിയും എൽ.ഡി.എഫ്. പാലാരിവട്ടം പാലവും ഉയർത്തി അഴിമതി ആരോപണങ്ങളുമായി അങ്കം കൊഴുപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മണ്ഡലത്തിൽ ക്യാമ്പ് ചെയ്താണ് അഴിമതിക്കഥകൾ ചർച്ചയാക്കിയത്. അവസാന മണിക്കൂറുകളിൽ ആരോപണം വോട്ട് കച്ചവടത്തെച്ചൊല്ലിയായി. ബി.ജെ.പി.യുമായി യു.ഡി.എഫ്. വോട്ടുകച്ചവടം ഉറപ്പിച്ചിരിക്കയാണെന്ന ആരോപണവുമായി എൽ.ഡി.എഫ്.സ്ഥാനാർഥി മാണി സി.കാപ്പൻ രംഗത്തുവന്നു. പരാജയം ഉറപ്പായതോടെ കണ്ടെത്തിയ കാരണമാണിതെന്ന് യു.ഡി.എഫ്. സ്ഥാനാർഥി ജോസ് ടോം തിരിച്ചടിച്ചു. എൽ.ഡി.എഫിന്റെ പതിവ് പല്ലവിയാണിതെന്നും കള്ളക്കളി വോട്ടർമാർ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എൻ.ഡി.എ. സ്ഥാനാർഥി എൻ.ഹരി പറഞ്ഞു. വിജയ പ്രതീക്ഷയിൽ സാഹചര്യങ്ങളെല്ലാം ജയം ഉറപ്പിക്കുന്നതാണെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. ലോക്സഭാ തിരഞ്ഞെടുപ്പിലെ തിളക്കമാർന്ന ജയത്തിന് മാറ്റമുണ്ടാകാനുള്ള ഒരുഘടകവും യു.ഡി.എഫ്. കാണുന്നില്ല. സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾമൂലം എൽ.ഡി.എഫിന്റെ വോട്ട് കുറയുമെന്നും നേതാക്കൾ വിലയിരുത്തുന്നു. കാൽ ലക്ഷത്തോളം വോട്ടിന് ജോസ് ടോം വിജയിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. പറഞ്ഞു. കെ.എം.മാണിയില്ലാത്ത തിരഞ്ഞെടുപ്പിൽ കഴിഞ്ഞ മൂന്നു തവണ പരാജയപ്പെട്ട മാണി സി.കാപ്പന് അനുകൂലമായ വിധിയെഴുത്താകുമെന്ന് എൽ.ഡി.എഫ്. കണക്കുകൂട്ടുന്നു. സംസ്ഥാന സർക്കാരിന്റെ ജനക്ഷേമകരവും അഴിമതി രഹിതവുമായ ഭരണത്തിൻറെ വിലയിരുത്തലും നടക്കുമെന്ന് അവർ പറയുന്നു. സി.പി.എം. ജില്ലാ സെക്രട്ടറി വി.എൻ.വാസവന്റെ കണക്കിൽ പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് മാണി സി.കാപ്പൻ ജയിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കാൽ ലക്ഷത്തോളം വോട്ട് നേടിയതും ലോക്സഭാ തിരഞ്ഞെടുപ്പിൽ നില ഉറപ്പിച്ചതും ആണ് എൻ.ഡി.എ. സ്ഥാനാർഥി എൻ.ഹരിയുടെ വിജയത്തിന് അടിസ്ഥാനമായി നേതാക്കൾ കാണുന്നത്. നല്ല ഭൂരിപക്ഷത്തിന് ഹരി ജയിക്കുമെന്ന് ബി.ജെ.പി. ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. Content Highlights:Pala By Election
from mathrubhumi.latestnews.rssfeed https://ift.tt/2M6Nltm
via
IFTTT
No comments:
Post a Comment