തളിപ്പറമ്പ്: തളിപ്പറമ്പ് അർബൻ സഹകരണ ബാങ്കിന് ഐ.സി.ഐ.സി.ഐ. ബാങ്കിലുള്ള കറന്റ് അക്കൗണ്ടിൽനിന്ന് 64,41,781 രൂപ നഷ്ടമായത് സൈബർതട്ടിപ്പിലൂടെ. അക്കൗണ്ടിന്റെ യൂസർനെയിമും പാസ്‌വേഡും ഹാക്ക് ചെയ്ത് പണം തട്ടിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇങ്ങനെ തട്ടിയെടുത്ത തുകയിൽ 50 ലക്ഷത്തോളം രൂപ പിൻവലിക്കുന്നത് തടയാനായതായി ബാങ്ക് അധികൃതർ പറഞ്ഞു. ബാങ്കിന്റെ അക്കൗണ്ടുമായി ബന്ധപ്പെട്ടവിവരം ഹാക്കർമാർ എങ്ങനെ ചോർത്തിയെന്ന പരിശോധനയിലാണ് അധികൃതർ. ആർ.ടി.ജി.എസ്., നെഫ്റ്റ് സംവിധാനങ്ങൾവഴി പണം കൈമാറുന്നതിനാണ് അർബൻ ബാങ്ക് ഐ.സി.ഐ.സി.ഐ. ബാങ്ക് തളിപ്പറമ്പ് ശാഖയിൽ അക്കൗണ്ട് തുടങ്ങിയത്. ഈ അക്കൗണ്ടിൽനിന്ന് 16 അക്കൗണ്ടുകളിലേക്കാണ് ഹാക്കർമാർ ആർ.ടി.ജി.എസ്. സംവിധാനംവഴി പണം മാറ്റിയത്. അർബൻ ബാങ്ക് നൽകുന്ന അപേക്ഷയെന്ന വ്യാജേന ഹാക്കർമാർ നൽകിയ അക്കൗണ്ടുകളിലേക്കാണ് പണംപോയത്. തുടരെ വൻതുക മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുന്നത് ശ്രദ്ധയിൽപ്പെട്ട ഐ.സി.ഐ.സി.ഐ. ബാങ്ക് അധികൃതരാണ് അർബൻ ബാങ്കിൽ വിളിച്ച് വിവരമറിയിച്ചത്. ഇത്തരത്തിൽ പണം ട്രാൻസ്‌ഫർ ചെയ്യാൻ സന്ദേശം നൽകിയില്ലെന്ന് അർബൻ ബാങ്ക് അധികൃതർ പറഞ്ഞതോടെ ഐ.സി.ഐ.സി.ഐ. ബാങ്ക് ഇടപാടുകൾ മരവിപ്പിച്ചു. തുടർന്ന് വിവിധ ബാങ്കുകളുമായി ബന്ധപ്പെട്ട് അവരുടെ അക്കൗണ്ടിലേക്കുപോയ പണം കൈമാറുന്നതും തടഞ്ഞു.അമ്പരപ്പിന്റെ മണിക്കൂറുകൾസെപ്‌റ്റംബർ ഒൻപതിന് രാവിലെ 10.30-ഒാടെയാണ് അർബൻ ബാങ്കിലേക്ക് ഐ.സി.ഐ.സി.ഐ. ബാങ്കിൽനിന്ന് വിളിവന്നത്. 16 വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് 79 ലക്ഷം രൂപ മാറ്റിയതോടെയാണ് ഐ.സി.ഐ.സി.ഐ. ബാങ്ക് മാനേജർക്ക് സംശയം തോന്നിയത്. സെപ്റ്റംബർ ഏഴുമുതലാണ് ഇവർ പണം മാറ്റിത്തുടങ്ങിയത്. രാജസ്ഥാൻ, ഡൽഹി, ബിഹാർ, ബംഗാൾ, യു.പി., പഞ്ചാബ് എന്നിവിടങ്ങളിലെ എസ്.ബി.ഐ., പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കോട്ടക് ബാങ്ക്, എച്ച്.ഡി.എഫ്.സി. ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവയിലുള്ള അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയത്. നേത്രപാൽ സിങ്, രവികുമാർ, സൂരജ് ഗുപ്ത, ടോഫൽ സിങ്, ഹൻസ്‌നേർ അൻസാരി, ഹരീന്ദർ റാവത്ത്, റൈലീഷ് കുമാർ, വാരിഫ്, പ്രയാൺ ദേ തുടങ്ങിയവരുടെ പേരിലാണ് അക്കൗണ്ടുകൾ.ഓരോ അക്കൗണ്ടിലേക്കും അഞ്ചുലക്ഷംരൂപയിൽ താഴെയാണ് മാറ്റിയത്. രാജസ്ഥാനിലെ അക്കൗണ്ടിലേക്ക് മാറ്റിയ തുക ഉടൻ ഡൽഹിയിലെ അക്കൗണ്ടിലേക്കും മാറ്റിയിട്ടുണ്ട്. അർബൻ ബാങ്കിൽ നടത്തിയ പരിശോധനയിൽ ഇത്തരം ഇടപാടുകൾക്കുള്ള അപേക്ഷകളില്ലെന്ന് വ്യക്തമായതോടെ ജീവനക്കാർ മറ്റു ബാങ്കുകളിലേക്ക് കുതിച്ചു. ജീവനക്കാർ കംപ്യൂട്ടറിൽ അക്കൗണ്ടുകൾ പരിശോധിക്കുമ്പോഴും പണം പിൻവലിക്കുന്നതുകാണാമായിരുന്നു. പലയിടത്തും എ.ടി.എം. മുഖേനയാണ് തുക തട്ടിയത്. ഇത് തടയാനായി ബന്ധപ്പെട്ട ബാങ്കുകളുടെ ഹെഡ് ഓഫീസുകളുമായും ബന്ധപ്പെട്ടു. കോഡ് മാറി; തുക തിരിച്ചുവന്നുഹാക്കർമാർ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയത് 79 ലക്ഷം രൂപയാണെങ്കിലും ഐ.എഫ്.എസ്. കോഡ് മാറിയതിനാൽ മൂന്ന് അക്കൗണ്ടുകളിലേക്ക് മാറ്റിയ 15 ലക്ഷത്തോളം രൂപ തിരികെവന്നു. അതിനാലാണ് നഷ്ടമായ തുക 64.41 ലക്ഷത്തിലൊതുങ്ങിയത്. ഹാക്കറുടെ ഒരു അക്കൗണ്ടിലെത്തിയ അഞ്ചുലക്ഷം രൂപയിൽ 90,000 രൂപ പിൻവലിച്ചപ്പോഴേക്കും ബാങ്കിന് തടയാൻ കഴിഞ്ഞതിനാൽ ബാക്കി തുകയും നഷ്ടപ്പെട്ടില്ല. തട്ടിപ്പിനുപിന്നിൽ ഒരാളാണോ അതോ കൂടുതൽപേരുണ്ടോ എന്നകാര്യം വ്യക്തമല്ല. ബാങ്ക് അധികൃതരുടെ പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സൈബർ പോലീസ് വിഭാഗത്തിന്റെ സഹായവും തേടിയിട്ടുണ്ട്. ചൊവ്വാഴ്ച ബാങ്ക് അധികൃതരുടെ മൊഴിയെടുത്തു. തളിപ്പറമ്പ് സി.ഐ. സത്യനാഥനാണ് കേസന്വേഷിക്കുന്നത്. അങ്കലാപ്പുവേണ്ടബാങ്കിലെ ഇടപാടുകാർക്ക് അങ്കലാപ്പുവേണ്ട. ഐ.സി.ഐ.സി.ഐ. ബാങ്കിലെ അക്കൗണ്ടിൽനിന്നാണ് തുകയെടുക്കാൻ ശ്രമിച്ചത്. തട്ടിയെടുത്ത തുകയിൽ ഭൂരിഭാഗവും പിൻവലിക്കുന്നത് തടയാനായി. പ്രശ്നം തളിപ്പറമ്പ് ബാങ്കിലെ ഇടപാടിനെ ബാധിക്കില്ല. ഗൗരവത്തോടെയുള്ള അന്വേഷണം ആവശ്യപ്പെടും. സി.ശിവശങ്കരൻ ചെയർമാൻ, തളിപ്പറമ്പ് അർബൻ ബാങ്ക്
from mathrubhumi.latestnews.rssfeed https://ift.tt/3076MXZ
via
IFTTT
No comments:
Post a Comment