പിറവം: പിറവം സെയ്ന്റ് മേരീസ് പള്ളി (വലിയ പള്ളി) സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കാൻ പോലീസ് ഒരുങ്ങി. ബുധനാഴ്ച രാവിലെ ഓർത്തഡോക്സ് വിഭാഗത്തെ പള്ളിയിൽ പ്രവേശിപ്പിക്കാനാണ് പോലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ കഴിഞ്ഞദിവസം തന്നെ പള്ളിക്ക് അകത്ത് നിലയുറപ്പിച്ച യാക്കോബായ വിഭാഗം വിശ്വാസികൾ പള്ളിയുടെ പ്രവേശനകവാടം പൂട്ടിയിട്ട് പ്രതിഷേധിക്കുകയാണ്.എന്തുവന്നാലും ഓർത്തഡോക്സ് വിഭാഗത്തെ പള്ളിയിൽ പ്രവേശിപ്പിക്കാനാകില്ലെന്നാണ് ഇവരുടെ നിലപാട്. പ്രായമായ സ്ത്രീകളടക്കം നിരവധി പേരാണ് പ്രതിഷേധവുമായി തടിച്ചുകൂടിയിരിക്കുന്നത്. രാവിലെ ഏഴുമണിയോടെ പള്ളിയിൽ പ്രവേശിക്കുമെന്നായിരുന്നു ഓർത്തഡോക്സ് വിഭാഗം അറിയിച്ചിരുന്നത്. ഇതിനു മുന്നോടിയായി ചൊവ്വാഴ്ച വൈകീട്ടു തന്നെ പിറവത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചു. യാക്കോബായ വിശ്വാസികളും ചൊവ്വാഴ്ച തന്നെ പള്ളിയിലെത്തി. രാത്രി ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയും ഏതാനും മെത്രാപ്പോലീത്തമാരും വലിയ പള്ളിയിലെത്തി പള്ളിയകത്ത് പ്രാർത്ഥന നടത്തി. തുടർന്ന് അവർ വിശ്വാസികൾക്കൊപ്പം പള്ളിയകത്തിരുന്നു. ഓർത്തഡോക്സ് വിഭാഗം പള്ളിപ്രവേശനത്തിനെത്തിയാൽ എന്തായിരിക്കും നിലപാടെന്ന് അവർ വ്യക്തമാക്കിയിരുന്നില്ല. എന്നാൽ പള്ളികൾ വിട്ടുകൊടുക്കില്ലെന്ന് ശ്രേഷ്ഠ ബാവ എറണാകുളത്ത് ഉപവാസ വേദിയിൽ വ്യക്തമാക്കിയിരുന്നു. റൂറൽ ജില്ലാ പോലീസ് സൂപ്രണ്ട് കെ. കാർത്തിക് ചൊവ്വാഴ്ച പിറവത്ത് വലിയ പള്ളിയിലെത്തിയിരുന്നു. പിറവം പള്ളി പരിസരത്ത് ക്യാമ്പ് ചെയ്യുന്ന പോലീസ് സംഘം. ഫോട്ടോ: ടി.കെ.പ്രദീപ്കുമാർ എഴുനൂറിലേറെ വരുന്ന പോലീസുകാരുടെ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ജല പീരങ്കിയും ബാരിക്കേഡുകളും സജ്ജമാക്കിയിട്ടുണ്ട്. അഗ്നിരക്ഷാ സേനയ്ക്കൊപ്പം സ്കൂബ ടീമിനെയും തയ്യാറാക്കി നിർത്തിയിട്ടുണ്ട്. ആർ.ഡി.ഒ. യുടെ നേതൃത്വത്തിൽ റവന്യു വകുപ്പ് സംഘവുമുണ്ട്. പിറവത്ത് പുഴയുടെ തീരത്താണ് വലിയ പള്ളി. ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിന്നായി നാല് ബോട്ടുകളും പിറവത്തെത്തിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ റൂറൽ ജില്ലാ പോലീസ് സൂപ്രണ്ട് കെ. കാർത്തിക്, അഡീഷണൽ ജില്ലാ പോലീസ് സൂപ്രണ്ട് കെ.എം. സോജൻ, ഡിവൈ.എസ്.പി. കെ. അനിൽകുമാർ എന്നിവരുണ്ടാകും. ഓർത്തഡോക്സ് വിഭാഗം കാതോലിക്കേറ്റ് സെന്ററിൽ കേന്ദ്രീകരിച്ച ശേഷം വലിയ പള്ളിയിൽ പ്രവേശിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആരാധന നടത്താൻ സംരക്ഷണം ആവശ്യപ്പെട്ട് ഓർത്തഡോക്സ് പക്ഷത്തെ ഫാ. സ്കറിയ വട്ടക്കാട്ടിൽ, ഫാ. മാത്യു കാഞ്ഞിരം പാറയിൽ, ഫാ. ഏലിയാസ് ചെറുകാട്, ഫാ. മാത്യു വാതക്കാട്ട് എന്നിവരാണ് കോടതിയെ സമീപിച്ചത്. കോടതി വിധിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ശനിയാഴ്ച തന്നെ ഓർത്തഡോക്സ് സംഘം വലിയ പള്ളിയിൽ പ്രവേശിക്കാൻ തയ്യാറെടുത്തിരുന്നു. എന്നാൽ മതിയായ സംരക്ഷണമൊരുക്കാൻ കൂടുതൽ സമയം വേണമെന്ന് പോലീസ് അറിയിച്ചതിനെ തുടർന്ന് അന്ന് അവർ പിൻവാങ്ങുകയായിരുന്നു. ബുധനാഴ്ച സംരക്ഷണം നൽകാമെന്ന് പോലീസ് ഉറപ്പു നൽകിയിരുന്നു. Content Highlights:piravom church dispute; police is ready to implement court verdict, protest by Jacobites
from mathrubhumi.latestnews.rssfeed https://ift.tt/2lv8WlP
via
IFTTT
No comments:
Post a Comment