കോട്ടയം: ഒടുവില്‍ പി.ജെ. ജോസഫിനെ പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാനായി ''രേഖാമൂലം'' അംഗീകരിച്ച് ജോസ് കെ. മാണി. പത്രികാ സമര്‍പ്പണം അവസാനിപ്പിക്കുന്നതിന് അരമണിക്കൂര്‍ മുമ്പ്, രണ്ടില ചിഹ്‌നം അനുവദിക്കണമെന്നാവശ്യപ്പെട്ട് ജോസഫിനു ജോസ് കത്തയച്ചു. എന്നാല്‍, കത്തിന്റെ വിവരം ജോസഫ് അറിഞ്ഞതു പത്രികാസമര്‍പ്പണം പൂര്‍ത്തിയായശേഷം.
പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാനെന്ന നിലയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി ജോസ് ടോമിനു രണ്ടില ചിഹ്‌നം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ ഉച്ചകഴിഞ്ഞു 2.29-നാണ് ജോസഫിനു ജോസ് ഇ-മെയില്‍ സന്ദേശമയച്ചത്. എന്നാല്‍, കത്തില്‍ ഒന്നാംതീയതിയാണു രേഖപ്പെടുത്തിയിട്ടുള്ളത്. കത്തയച്ചിട്ടുണ്ടെന്ന വിവരം അറിഞ്ഞില്ലെന്നു ജോസഫ് വിഭാഗം പറയുന്നു. ചാനലില്‍ വാര്‍ത്ത വന്നപ്പോഴാണു വിവരമറിഞ്ഞത്.
ചിഹ്‌നപ്രശ്‌നം പരിഹരിക്കാന്‍ യു.ഡി.എഫ്. ചെയര്‍മാന്‍ രമേശ് ചെന്നിത്തലയും കണ്‍വീനര്‍ ബെന്നി ബഹനാനും കഴിഞ്ഞ ചൊവ്വാഴ്ച ജോസഫുമായും ജോസുമായും ചര്‍ച്ച നടത്തിയിരുന്നു. ജോസഫിനെ വര്‍ക്കിങ് ചെയര്‍മാനായി ജോസ് പക്ഷം അംഗീകരിക്കണമെന്നും അതിന്റെ അടിസ്ഥാനത്തില്‍ ജോസഫ് രണ്ടില ചിഹ്‌നം അനുവദിക്കണമെന്നുമായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആവശ്യം.
രണ്ടുവിഭാഗവും ഇത് ഉപാധികളോടെ അംഗീകരിച്ചിരുന്നു. ചിഹ്‌നം ആവശ്യപ്പെട്ട് ജോസഫിനു കത്ത് നല്‍കണമെന്നു ജോസിനോടു യു.ഡി.എഫ്. നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കത്തിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും ചെയ്യാന്‍ സമയമില്ലെന്നിരിക്കേ, യു.ഡി.എഫ്. നിര്‍ദേശം അനുസരിക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാനാണ് അവസാനനിമിഷം കത്തയച്ചതെന്നു ജോസഫ് വിഭാഗം പറയുന്നു.
പത്രികാസമര്‍പ്പണത്തിന്റെ സമയമവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ പാലായില്‍ യു.ഡി.എഫിനെ ഞെട്ടിച്ച് പി.ജെ. ജോസഫ് വിഭാഗം സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തി വന്‍ ട്വിസ്റ്റ് നടത്തിയിരുന്നു. കര്‍ഷക യൂണിയന്‍ സംസ്ഥാന സെക്രട്ടറി ജോസഫ് കണ്ടത്തിലാണ് അവസാനനിമിഷം പത്രിക സമര്‍പ്പിച്ചത്.
രണ്ടില ചിഹ്‌നം െകെവിട്ടുപോകാതിരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായായിരുന്നു പി.ജെ. ജോസഫിന്റെ പൂഴിക്കടകന്‍. യു.ഡി.എഫ്. സ്ഥാനാര്‍ഥി ജോസ് ടോം കേരളാ കോണ്‍ഗ്രസി(എം)നെ പ്രതിനിധീകരിച്ചും സ്വതന്ത്രനായും രണ്ടു പത്രികകള്‍ സമര്‍പ്പിച്ചിരുന്നു. തൊട്ടുപിന്നാലെ, ജോസ് വിഭാഗം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് രണ്ടില ചിഹ്‌നമാവശ്യപ്പെട്ട് ഉപവരണാധികാരിക്കു കത്ത് നല്‍കി. ഇതോടെയാണു ജോസഫ് വിഭാഗം സ്ഥാനാര്‍ഥിയായി ജോസഫ് കണ്ടത്തില്‍ പത്രിക സമര്‍പ്പിച്ചത്.
ജോസ് കെ. മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടി സ്‌റ്റേ ചെയ്തുകൊണ്ടുള്ള കോടതി ഉത്തരവും ചെയര്‍മാന്റെ അഭാവത്തില്‍ ചിഹ്‌നം അനുവദിക്കാനുള്ള അധികാരം വര്‍ക്കിങ് ചെയര്‍മാനാണെന്നു വ്യക്തമാക്കുന്ന പാര്‍ട്ടി ഭരണഘടനയുടെ പകര്‍പ്പും ജോസഫ് വിഭാഗം ഉപ വരണാധികാരിക്കു െകെമാറി. തന്റെ അനുമതിയില്ലാതെ യു.ഡി.എഫ്. സ്ഥാനാര്‍ഥിക്കു രണ്ടില ലഭിക്കില്ലെന്ന് ഉറപ്പുവരുത്താനുള്ള നീക്കമാണു ജോസഫ് നടത്തിയത്. ചിഹ്‌നമാവശ്യപ്പെട്ടു ജോസ് കെ. മാണിയോ സ്്ഥാനാര്‍ഥിയോ തന്നെ വിളിച്ചില്ലെന്നു ജോസഫ് പിന്നീടു വ്യക്തമാക്കി.
കുത്സിത മാര്‍ഗത്തിലൂടെ ചിഹ്‌നം തരപ്പെടുത്താന്‍ ജോസ് വിഭാഗം നടത്തിയ നീക്കത്തിനു തടയിടാനാണു സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തിയതെന്നു ജോസഫ് തുറന്നടിച്ചു. 32 വര്‍ഷമായി പാലാക്കാര്‍ കെ.എം. മാണിക്കു വോട്ട് ചെയ്ത ചിഹ്‌നം കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു നല്‍കില്ലെന്നു വാശി പിടിക്കുന്നതു വേദനാജനകമാണെന്നു ജോസ് കെ. മാണി പാലായില്‍ പ്രതികരിച്ചു.
from mangalam.com https://ift.tt/2ZHmCw8
via IFTTT
No comments:
Post a Comment