റാന്നി: സപ്ലൈകോയ്ക്ക് അടയ്ക്കേണ്ട 26 ലക്ഷം രൂപ, ബാങ്കിലെ പണമിടപാടിൽ തട്ടിപ്പുനടത്തി വെട്ടിച്ചെന്ന് കണ്ടെത്തി. റാന്നി സപ്ലൈകോയിലെ റേഷൻ വാതിൽപ്പടിവിതരണ കരാറുകാരന്റെ സഹായിയാണ് പണം തട്ടിയെടുത്തതെന്ന് ഡിപ്പോ അധികൃതർ പറയുന്നു. റേഷൻവ്യാപാരികൾ ബാങ്കിലടച്ച് ചെല്ലാനെടുക്കുന്നതിനായി നൽകിയ പണമാണ് കൈക്കലാക്കിയത്. ഇയാൾ ഒളിവിലാണെന്നും ഇതുസംബന്ധിച്ച് വിജിലൻസ് അന്വേഷണം നടന്നുവരികയാണെന്നും സപ്ലൈകോ ഡിപ്പോ അധികൃതർ പറഞ്ഞു. 20 ലക്ഷത്തോളം രൂപ തട്ടിപ്പിനിരയായ വ്യാപാരികൾ തിരികെ അടച്ചു. സപ്ലൈകോയുടെ തടിയൂരിലെ ഗോഡൗണിൽനിന്നാണ് സാധനങ്ങൾ താലൂക്കിലെ 126 റേഷൻകടകളിൽ എത്തിക്കേണ്ടത്. ഇതിനായി തിരുവനന്തപുരം സ്വദേശിയാണ് കരാറെടുത്തിട്ടുള്ളത്. ഇയാളുടെ സഹായി ഇല്യാസ് പണം തട്ടിയെടുത്തതായാണ് വിജിലൻസ് കണ്ടെത്തിയിട്ടുള്ളത്. ആവശ്യമായ ഭക്ഷ്യസാധനങ്ങൾക്കുള്ള തുക ഓരോമാസവും റേഷൻവ്യാപാരികൾ തടിയൂരിലെ ഫെഡറൽ ബാങ്ക് ശാഖയിൽ ചെല്ലാനുപയോഗിച്ച് അടച്ച് ഡിപ്പോയിൽ രസീത് നൽകണം. ഇതിനുശേഷമാണ് സാധനങ്ങൾ കരാറുകാരൻ കടകളിലെത്തിക്കുന്നത്. അൻപതോളം വ്യാപാരികൾ തടിയൂരിൽ പോകുന്ന ബുദ്ധിമുട്ടൊഴിവാക്കാൻ ഇല്യാസിനെ പണമേൽപ്പിക്കുകയായിരുന്നു. എന്നാൽ ഇയാൾ മുഴുവൻ തുക അടയ്ക്കുന്നതിനുപകരം ചെറിയ തുക അടച്ചശേഷം രസീതിൽ തിരുത്തുകയാണ് ചെയ്തിരുന്നതെന്നാണ് ആരോപണം. തട്ടിപ്പ് ഇങ്ങനെ ഒരു വ്യാപാരിക്ക് 27,532 രൂപ അടയ്ക്കണമെങ്കിൽ 7532 രൂപ അടയ്ക്കും. ഡിപ്പോയിൽ കൊടുക്കാനുള്ള രസീതിൽ അടച്ച സംഖ്യക്കുമുമ്പായി അക്കത്തിലും അക്ഷരത്തിലും രണ്ടുകൂടി എഴുതിച്ചേർക്കും. അതനുസരിച്ചായിരുന്നു ചെല്ലാൻ പൂരിപ്പിച്ചിരുന്നത്. 20,000 രൂപ ഇയാൾ സ്വന്തമാക്കും. ഡിപ്പോയിൽ രസീത് കിട്ടുന്നതിനാൽ സാധനങ്ങൾ കൃത്യമായി കടയിൽ എത്തിക്കൊണ്ടിരുന്നു. ഇതുകാരണം തട്ടിപ്പ് കണ്ടെത്താനായില്ല. മാസംതോറും ബാങ്ക് രേഖകളുമായി ബന്ധപ്പെടുത്തി അധികൃതർ പരിശോധന നടത്താത്തതാണ് തട്ടിപ്പ് കണ്ടെത്താൻ വൈകാനിടയാക്കിയത്. ഉദ്യോഗസ്ഥരുടെഭാഗത്ത് വീഴ്ചയുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഒരാഴ്ചമുമ്പാണ് തട്ടിപ്പ് കണ്ടെത്തിയതെന്ന് സപ്ലൈകോ ഉദ്യോഗസ്ഥർ പറഞ്ഞു. തട്ടിപ്പിനിരയായ റേഷൻവ്യാപാരികൾക്ക് കുടിശ്ശികസംബന്ധിച്ച് അറിയിപ്പ് ലഭിച്ചപ്പോഴാണ് വിവരമറിയുന്നത്. തുടർന്ന് കുറെ തുക അടച്ചു. പത്തുമാസമായി തട്ടിപ്പ് നടന്നുവരുന്നതായി ബന്ധപ്പെട്ടവർ പറയുന്നു. content highlights: supplyco,financial fraud
from mathrubhumi.latestnews.rssfeed https://ift.tt/303c2eZ
via
IFTTT
No comments:
Post a Comment