ന്യൂഡൽഹി: സുരക്ഷിതവും സുസ്ഥിരവുമായ കാർഷികോത്പാദനത്തിന് കർഷകർക്ക് ഏക്കറിന് 10,000 രൂപ സബ്സിഡി നൽകണമെന്നും വിളകളുടെ ചുരുങ്ങിയ താങ്ങുവില ഉത്പാദനച്ചെലവിന്റെ ഒന്നരമടങ്ങാക്കണമെന്നും വിദഗ്ധസമിതി റിപ്പോർട്ട്. കേന്ദ്രസർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവിന്റെ ഓഫീസാണ് സമിതിയെ നിയോഗിച്ചത്. ഏക്കറിന് 10,000 രൂപ നിരക്കിൽ പരമാവധി പത്തേക്കറിനുവരെ സബ്സിഡി നൽകണം. കാർഷിക കാര്യക്ഷമതയും പരിസ്ഥിതിസംരക്ഷണവും ലക്ഷ്യമിട്ടാണ് സബ്സിഡി. വിത്ത്, വളം, അനുബന്ധസാധനങ്ങൾ എന്നിവ വാങ്ങാനും വിള ഇൻഷുറൻസിനും മറ്റുമായി ഏക്കറിന് 6000 രൂപയാണ് സബ്സിഡി. ഇതിനുപുറമേ കാർബണിന്റെ അളവുകുറയ്ക്കാനും കാര്യക്ഷമമായ വിളപരിപാലനരീതികൾ നടപ്പാക്കാനുമായി 4000 രൂപയും നൽകണം. ഇതുവഴി കർഷകന് വർഷം ഒരേക്കറിന് മൊത്തം 10,000 രൂപ സബ്സിഡിയായി ലഭിക്കും. ഇതിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വർഷം മൂന്നരലക്ഷം കോടി രൂപ നീക്കിവെക്കണം. സബ്സിഡി സമയബന്ധിതമായി കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ടുനൽകണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു. ചുരുങ്ങിയ താങ്ങുവില കൂടുതൽ വിളകൾക്ക് ചുരുങ്ങിയ താങ്ങുവില പ്രഖ്യാപിക്കണം. താങ്ങുവില യഥാസമയം പുനഃപരിശോധിക്കാൻ ഉന്നതാധികാരസമിതിയെ നിയോഗിക്കണം. എല്ലാവിളകൾക്കും 'സി-രണ്ട്' മാനദണ്ഡമനുസരിച്ച് ഉത്പാദനച്ചെലവിന്റെ ഒന്നരമടങ്ങ് കുറഞ്ഞ താങ്ങുവില പ്രഖ്യാപിക്കണം. കൃഷിഭൂമിയുടെ വാടകയും അദൃശ്യചെലവും ഉൾപ്പെടെ കണക്കാക്കിയാണ് സി-രണ്ടിൽ ഉത്പാദനച്ചെലവ് നിശ്ചയിക്കുന്നത്. വിളസംഭരണത്തിൽ സംസ്ഥാന ഏജൻസികളെയും ഉൾപ്പെടുത്തണം. ചില സംസ്ഥാനങ്ങൾ കമ്പോളനികുതി 14 ശതമാനംവരെ ഈടാക്കുന്നുണ്ട്. ഇത് രാജ്യത്താകമാനം 6-8 ശതമാനമായി ഏകീകരിക്കണം. കാർഷികോത്പന്നങ്ങളുടെ വിപണനം നിയന്ത്രിക്കുന്ന എല്ലാനിയമങ്ങളും ഉന്നതതലസമിതി പുനഃപരിശോധന നടത്തണം. കുറഞ്ഞ പലിശയ്ക്കുള്ള വായ്പ അഞ്ചുലക്ഷമാക്കണം കർഷകർക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കാൻ നടപ്പാക്കിയ കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയിൽ കേവലം 6.9 കോടി കർഷകർമാത്രമാണ് അംഗങ്ങളായിരിക്കുന്നത്. പദ്ധതിയിൽ കുറഞ്ഞ പലിശയ്ക്ക് (നാലുശതമാനം) ലഭിക്കുന്ന വായ്പയുടെ പരിധി മൂന്നുലക്ഷത്തിൽനിന്ന് അഞ്ചുലക്ഷമായി ഉയർത്തണം. മൂന്നുവർഷം കൂടുമ്പോൾ വായ്പാപരിധി പരിഷ്കരിക്കണം. കർഷകർക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്ന തരത്തിൽ എ.ടി.എം. മാതൃകയിൽ കിസാൻ ക്രെഡിറ്റ് കാർഡ് നൽകണം. ഒരേക്കർവരെ സ്ഥലമുള്ള കർഷകർക്ക് മുദ്രപദ്ധതിപോലുള്ള ഹ്രസ്വകാല വായ്പകൾ നൽകാൻ പ്രാഥമിക കാർഷിക വായ്പാസൊസൈറ്റികൾ നടപടി സ്വീകരിക്കണം. എംബസികളിൽ കാർഷിക ഉപദേശകൻ കാർഷികോത്പന്നങ്ങളുടെ കയറ്റുമതി 2022-ഓടെ ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തിലെത്താൻ കയറ്റുമതിക്കുള്ള നിയന്ത്രണംനീക്കണം. രാജ്യത്ത് ഏതെങ്കിലും ഉത്പന്നത്തിന് ക്ഷാമമുണ്ടാകുകയാണെങ്കിൽമാത്രം ആ ഉത്പന്നത്തിന്റെ കയറ്റുമതിക്ക് നിയന്ത്രണമാകാം. ഇന്ത്യയിൽനിന്ന് കാർഷികോത്പന്നങ്ങൾ കയറ്റുമതിചെയ്യാൻ തയ്യാറുള്ള രാജ്യങ്ങളിലെ എംബസികളിൽ കാർഷിക ഉപദേശകന്റെ പുതിയ തസ്തിക സൃഷ്ടിക്കണം. ആർ.സി.ഇ.പി. കരാർ ദോഷമാകും പാമോയിൽ ഉൾപ്പെടെയുള്ള ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി നിയന്ത്രിക്കണം. ഇറക്കുമതി വർധിക്കുന്നത് രാജ്യത്തെ കർഷകരെ ബാധിക്കും. വിലയിടിയും. അതിനാൽ ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതിച്ചുങ്കം ഉയർത്തണം. ആർ.സി.ഇ.പി. (റീജണൽ കോംപ്രഹൻസീവ് ഇക്കണോമിക് പാർട്ണർഷിപ്പ്) കരാറിലെ വ്യവസ്ഥകൾ രാജ്യത്തെ ക്ഷീരകർഷകരെ ബാധിക്കും. ഭാവിയിലുണ്ടാകുന്ന വ്യാപാരക്കരാറുകളിൽനിന്ന് പാൽ, ഭക്ഷ്യ എണ്ണ ഉത്പന്നങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കണം. കാർഷികോത്പന്നങ്ങളുടെയും മൂല്യവർധിത ഉത്പന്നങ്ങളുടെയും കയറ്റുമതിസാധ്യത കണക്കിലെടുത്ത് ഈ ഉത്പന്നങ്ങളുടെ ജി.എസ്.ടി. നിരക്ക് അഞ്ചുശതമാനമായി നിലനിർത്തണം. കമ്പനികൾക്കുള്ള കോർപ്പറേറ്റ് നികുതി 15 ശതമാനത്തിൽ കൂടാൻപാടില്ല -റിപ്പോർട്ടിൽ പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2USNfcH
via
IFTTT
No comments:
Post a Comment