: ഒരു സ്റ്റെതസ്കോപ്പുമായി നിലമ്പൂരിലെയും സമീപപ്രദേശങ്ങളിലെയും ക്യാമ്പുകളിലെത്തുന്ന ഡോ. അപർണാ നാഥിന് രോഗികളെ കാണുന്നതും ആശ്വസിപ്പിക്കുന്നതും അതിജീവനത്തിനുള്ള വഴിയാണ്. മകനെ നഷ്ടപ്പെടുകയും നിലമ്പൂരിലുണ്ടായ പ്രളയത്തിൽ വീട് നാശത്തിന്റെ വക്കിലെത്തുകയും ചെയ്തപ്പോൾ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് അപർണ. പുതുവർഷത്തിൽ അപർണയെ തേടിയെത്തിയത് മൂത്തമകൻ രോഹന്റെ മരണമാണ്. അജ്ഞാതരോഗം ബാധിച്ചാണ് ജനുവരി ഒന്നിന് കുഞ്ഞ് മരിച്ചത്. അധ്യാപകനായ ഭർത്താവ് കുരുവിളയും മഞ്ചേരി മുള്ളംപാറയിൽ ഗവ. ആയുർവേദാശുപത്രിയിൽ താത്കാലികനിയമനം കിട്ടിയ അപർണയും ആ ദുരന്തത്തിൽനിന്ന് മനസ്സിനെ വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു. കൂടെ ഒരു കൊച്ചുവീട് നിർമിച്ചും തുടങ്ങി.അതെല്ലാം പ്രളയം തകർത്തു. പ്രളയം പ്രതീക്ഷയും വീടും നശിപ്പിച്ചത്. നിലമ്പൂരിലെ ജനതപ്പടിയിൽ കുരുവിളയുടെ വയോധികരായ മാതാപിതാക്കൾക്കൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. വെള്ളം കയറി എല്ലാം നശിച്ച ആ ദിനത്തെ അപർണ ഓർക്കുന്നു; ‘ഏഴാംതീയതി ഇളയമകൻ കിച്ചുവിന് പനിയായപ്പോൾ ഡോക്ടറെ കാണിക്കാനായി നിലമ്പൂർ ടൗണിൽ വന്നതായിരുന്നു. പെരുമഴയെത്തുടർന്ന് ടൗണിന് അടുത്ത് കോവിലകത്തുമുറിയിലെ എന്റെ വീട്ടിൽ താമസിച്ചു. പിറ്റേന്ന് രാവിലെ കേട്ടത് ജനതപ്പടിയിലെ വീട്ടിൽ വെള്ളം കയറിയെന്നായിരുന്നു. ഇട്ട ഡ്രസും ഫോണുമൊഴികെ എല്ലാം പോയി. എ.ടി.എം. കാർഡും സർട്ടിഫിക്കറ്റുകളും എല്ലാം നഷ്ടപ്പെട്ടു’. നിർമാണം നടക്കുന്ന പുതിയ വീട്ടിലും വെള്ളം കയറി. അതിനിടയിലാണ് അപർണയെ ജോലിചെയ്യുന്ന ആശുപത്രിയിലെ സി.എം.ഒ. ഡോ. സുധ ദുരിതാശ്വാസ ക്യാമ്പിലേക്ക് വിളിച്ചത്. മുതുകാട്, കരിമ്പുഴ, ജവഹർകോളനി എന്നിവിടങ്ങളിൽ ക്യാമ്പ് നടത്തി. ഇനി എങ്ങനെ മുന്നോട്ടുപോകും എന്ന ചോദ്യത്തിന് പൂജ്യത്തിൽനിന്ന് തുടങ്ങണമെന്നാണ് അപർണയുടെ ഉത്തരം. ‘‘ഞാൻ മനശ്ശാന്തിക്കായുള്ള പോരാട്ടത്തിലാണ്. എന്റെ ജീവിതമായാലും പാർപ്പിടമായാലും പുനർനിർമിക്കണം. പക്ഷേ, തോൽക്കാൻ തയ്യാറല്ല’’- ക്യാമ്പിൽ അടുത്ത രോഗിയെ പരിശോധിക്കവേ അപർണ പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2Z1FEJa
via
IFTTT
No comments:
Post a Comment