കണ്ണൂർ: മാതൃഭൂമി ന്യൂസ് എഡിറ്റർ കെ.വിനോദ് ചന്ദ്രനെയും ഭാര്യ സരിതാകുമാരിയെയും ആക്രമിച്ച് സ്വർണവും പണവും കൊള്ളയടിച്ച കേസിൽ രണ്ടു ബംഗ്ലാദേശികൾകൂടി ഡൽഹി പോലീസിന്റെ പിടിയിൽ. മൂന്നുപേർ വലയിലാണ്. ബംഗ്ലാദേശിലെ മൊറാൽഗഞ്ച് സ്വദേശികളായ സാർദർ മാണിക്, ആലം ഗിർ(33) എന്നിവരാണ് പിടിയിലായത്. കൂട്ടുപ്രതികളായ ഇല്യാസ്, സഹാദത്ത് ഖാൻ, ഷാഹി എന്നിവർ ഉടൻ പിടിയിലാവും. സംഭവത്തിൽ ബംഗ്ലാദേശ് ഖുൽനാ ജില്ലയിലെ മുഹമ്മദ് ഹിലാൽ നേരത്തേ അറസ്റ്റിലായി. ഇയാൾ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ്. പിടിയിലായവരെ കണ്ണൂരിൽ കൊണ്ടുവന്ന് ചോദ്യംചെയ്യും. മധ്യപ്രദേശിലെ ജബൽപുർ, കർണാടകയിലെ ഹുബ്ലി തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന സമാനമായ കവർച്ചയിൽ പ്രതികളുൾപ്പെട്ടതാണ് കേസന്വേഷണത്തിൽ വഴിത്തിരിവായത്. ഇവർ ജബൽപുരിൽ കണ്ണൂരിലേതിനു സമാനമായ കൊള്ളനടത്തി പണവും സ്വർണവും കവർന്നിരുന്നു. ഹുബ്ലിയിലെ വീട്ടിൽക്കയറി ഗൃഹനാഥനെ വെട്ടിക്കൊന്നശേഷമാണ് കവർച്ചനടത്തിയത്. ഈ കേസുകളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂരിൽ വിനോദ് ചന്ദ്രനെയും ഭാര്യയെയും ആക്രമിച്ച പ്രതികൾതന്നെയാണിവരെന്ന് പോലീസിനു മനസ്സിലായത്.ജബൽപുരിൽനിന്ന് 70 കിലോമീറ്റർ അകലെയുള്ള ചെറിയ പട്ടണത്തിലാണ് സംഘം കവർച്ചനടത്തിയത്. ഫ്ളാറ്റിന്റെ ജനാലകളുടെ കമ്പി ഇളക്കിമാറ്റി അകത്തുകടന്നു. വീട്ടിൽ അച്ഛനും അമ്മയും കൊച്ചു പെൺകുട്ടിയും ആൺകുട്ടിയും മാത്രമാണുണ്ടായിരുന്നത്. എല്ലാവരെയും കത്തികാട്ടി ഭീഷണിപ്പെടുത്തിയശേഷം കെട്ടിയിട്ട് കവർച്ചനടത്തി. സ്വർണം ലോക്കറിലായതിനാൽ പണം മാത്രമാണു നഷ്ടപ്പെട്ടത്. അവിടെ കവർച്ചനടത്തിയവരിൽ മൂന്നുപേർ കണ്ണൂരിലെ സംഘത്തിലുമുണ്ടായിരുന്നു. ഇവരുടെ ഫോട്ടോയും പാസ്‌പോർട്ട് വിവരങ്ങളും മറ്റും കണ്ണൂർ പോലീസിന് ലഭിച്ചു. ഹുബ്ലിയിൽ സംഘം കൊലപ്പെടുത്തിയത് ഒരു മന്ത്രിബന്ധുവിനെയാണെന്നറിയുന്നു. പിടിയിലായവരെക്കുറിച്ചുള്ള വിവരങ്ങൾ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതി മുഹമ്മദ് ഹിലാലിന്റെ മൊഴിയിൽനിന്നു വ്യക്തമായിട്ടുണ്ട്. കണ്ണൂരിനെ നടുക്കിയ കവർച്ച2018 സെപ്റ്റംബർ ആറിനു പുലർച്ചെയാണ് കണ്ണൂർ സിറ്റിക്കു സമീപത്തെ വിനോദ് ചന്ദ്രന്റെ വീട്ടിൽ കൊള്ളനടന്നത്. അർധരാത്രി മുഖംമൂടി ധരിച്ച ആറംഗസംഘം തോക്കും ആയുധങ്ങളുമായി വീടിന്റെ മുൻവാതിൽ തകർത്ത് ഇരച്ചുകയറി ദമ്പതിമാരെ കെട്ടിയിട്ട് മർദിച്ചശേഷമാണ് വീടു കൊള്ളയടിച്ചത്. കൊള്ളനടത്തിയശേഷം ഇവർ ട്രെയിനിൽ ബംഗ്ലാദേശിലേക്ക് കടന്നു. അന്വേഷണസംഘം ബംഗ്ലാദേശ് അതിർത്തിവരെ സാഹസികമായെത്തി വിവരങ്ങൾ ശേഖരിച്ചു. തുടർന്നാണ് ഡൽഹിയിൽനിന്ന് മുഹമ്മദ് ഹിലാലിനെ അറസ്റ്റുചെയ്തത്.കവർച്ചയ്ക്കുശേഷം കൂട്ടുപ്രതികൾ തൊണ്ടിമുതലുമായി ബംഗ്ലാദേശിലെ രഹസ്യകേന്ദ്രത്തിലേക്കു കടന്നു. ഡൽഹിയിൽനിന്ന് പ്രതികളുടെ പാസ്‌പോർട്ട് വിവരങ്ങൾ ശേഖരിച്ച കണ്ണൂർ പോലീസ് അത് അതിർത്തിയിലെ പോലീസിനു കൈമാറിയിരുന്നു. പക്ഷേ, വിവരങ്ങളൊന്നും ലഭിച്ചില്ല. അതിനിടെ കണ്ണൂരിലെ അന്വേഷണസംഘം ഡൽഹി, മധ്യപ്രദേശ്, കർണാടക പോലീസ് ഉദ്യോഗസ്ഥരെയും കണ്ണൂർ പോലീസിനെയും ഉൾപ്പെടുത്തി ഒരു വാട്‌സാപ്പ് കൂട്ടായ്മയുണ്ടാക്കി. കണ്ണൂരിലേതിനു സമാനമായ കവർച്ചകൾ നടക്കുമ്പോൾ പ്രതികളുടെ വിവരങ്ങളുംമറ്റും ഈ വാട്‌സാപ്പ് ഗ്രൂപ്പിൽ ചേർക്കും. അങ്ങനെയാണ് ജബൽപുരിലെ കവർച്ച അറിയുന്നത്. ബംഗ്ലാദേശിൽനിന്നെത്തി കൊള്ളബംഗ്ലാദേശിൽനിന്നെത്തി രാത്രിയിൽ ആയുധങ്ങളുമായി വീടുകളുടെ വാതിൽ തകർത്ത് അകത്തുകയറി കൊള്ളയടിക്കുകയാണ് ഇവരുടെ രീതി. എതിർപ്പുണ്ടായാൽ ഇരകളെ കൊല്ലും. സംഘം പലസ്ഥലങ്ങളിൽ നടത്തിയ കവർച്ചയുടെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പലതും. വാളും തോക്കുമുൾപ്പെടെയുള്ള ആയുധങ്ങൾ ഇവർ ഉപയോഗിച്ചിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2TfDXqe
via
IFTTT
No comments:
Post a Comment