തൃശ്ശൂർ:ആറുമാസമായി ശമ്പളം കിട്ടാത്ത കരാർതൊഴിലാളികൾ രംഗത്തിറങ്ങിയതോടെ പ്രളയത്തിൽ ബി.എസ്.എൻ.എൽ. ഒരു പരിധിവരെ പിടിച്ചുനിന്നു. കേബിൾജോലികൾക്കായി മാത്രം കേരള സർക്കിളിലുള്ള നാലായിരത്തോളം കരാർതൊഴിലാളികളാണ് ശനിയാഴ്ച ശമ്പളനിഷേധം സഹിച്ചും രംഗത്തിറങ്ങിയത്. ശമ്പളം ലഭിച്ചാലും ഇല്ലെങ്കിലും വാർത്താവിനിമയബന്ധം പുനഃസ്ഥാപിക്കാൻ തൊഴിലാളികൾ ഇറങ്ങണമെന്ന് യൂണിയൻ നേതൃത്വം തൊഴിലാളികളോട് അഭ്യർഥിച്ചിരുന്നു. ഒപ്റ്റിക്കൽ ഫൈബർ കേബിളുകളിലെ തകരാറുകൾ പരിഹരിക്കാൻ പരമാവധി തൊഴിലാളികളെ സഹകരിപ്പിക്കാൻ ബി.എസ്.എൻ.എൽ. കാഷ്വൽ കോൺട്രാക്ടേഴ്സ് യൂണിയനും ശ്രമിക്കുന്നുണ്ട്. ഇപ്പോൾ നടക്കുന്ന തകരാർ പരിഹരിക്കൽ ജോലികൾക്ക് നാമമാത്രമായ പണമാണ് മാനേജ്മെന്റ് അനുവദിച്ചിരിക്കുന്നത്. എന്നാൽ, സ്ഥിരം ജീവനക്കാർ കൈയിൽനിന്ന് പണമെടുത്താണ് ജോലികൾ ചെയ്യിക്കുന്നത്. തകരാറിലായ എക്സ്ചേഞ്ചുകളും മൊബൈൽ ടവറുകളും പ്രവർത്തിപ്പിക്കുന്നതിലാണ് അടിയന്തരപ്രാധാന്യം നൽകിയിരിക്കുന്നത്. മഴ കടുത്ത പ്രശ്നമുണ്ടാക്കിയ സ്ഥലങ്ങളിൽ ബി.എസ്.എൻ.എൽ. സർവീസ് മാത്രമാണ് ഇപ്പോൾ കിട്ടുന്നത്. ദിവസങ്ങളോളം വൈദ്യുതി നിലയ്ക്കുന്ന സ്ഥലങ്ങളിലെ മൊബൈൽ ടവറുകൾ ജനറേറ്റർ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ ജീവനക്കാരും തൊഴിലാളികളും മുന്നിട്ടിറങ്ങിയിട്ടുണ്ട്. കരാർതൊഴിലാളികളും സ്ഥിരംജീവനക്കാരും പ്രതിസന്ധിഘട്ടത്തിൽ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് ബി.എസ്.എൻ.എൽ. കാഷ്വൽ കോൺട്രാക്ട് ലേബേഴ്സ് യൂണിയൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് കെ. മോഹനൻ, ബി.എസ്.എൻ.എൽ. എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി സി. സന്തോഷ്കുമാർ എന്നിവർ അഭ്യർഥിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കരാർതൊഴിലാളികൾ നടത്താനിരുന്ന സംസ്ഥാന ലേബർ കമ്മിഷണർ ഓഫീസ് മാർച്ച്് മാറ്റിവെച്ചിട്ടുണ്ട്. സംസ്ഥാനത്ത് പ്രളയത്തെത്തുടർന്ന് ആയിരത്തോളം മൊബൈൽ ടവറുകളും നൂറോളം എക്സ്ചേഞ്ചുകളും തകരാറിലായിട്ടുണ്ട്. മൂന്നുകോടി രൂപയുടെ നഷ്ടം ഇത്തവണത്തെ പ്രളയംമൂലം ഉണ്ടായിട്ടുണ്ടെന്നാണ് കേരള സർക്കിൾ കണക്കുകൂട്ടിയിരിക്കുന്നത്. ഈ തുക അടിയന്തരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മാനേജ്മെന്റിന് കേരള സർക്കിൾ കത്തെഴുതിയിട്ടുണ്ട്. എന്നാൽ, തുക അനുവദിക്കുമോ എന്ന കാര്യത്തിൽ ഉറപ്പൊന്നും ഡൽഹിയിൽനിന്ന് ഉണ്ടായിട്ടില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2z2XjG5
via
IFTTT
No comments:
Post a Comment