അരിമ്പൂർ: കോൾപ്പാടത്തെ വെള്ളക്കെട്ട് പരിശോധിക്കാനെത്തിയ കൃഷിമന്ത്രി വി.എസ്. സുനിൽകുമാറും സംഘവും കയറിയ തോണി കാറ്റിൽ ആടിയുലഞ്ഞു. തോണിയിൽ വെള്ളം കയറിത്തുടങ്ങിയതോടെ അരമണിക്കൂറോളം പരിഭ്രാന്തി തുടർന്നു. ഒടുവിൽ തോണി രണ്ടുകിലോമീറ്റർ അകലെ ഒരുവിധം കരയ്ക്കടുപ്പിച്ചതോടെയാണ് എല്ലാവരുടെയും മുഖത്ത് ആശ്വാസച്ചിരി വിടർന്നത്. മന്ത്രിയും സംഘവും തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് തോണിയിൽ അരിമ്പൂർ ചാലാടി പഴംകോൾപടവിന്റെ അതിർത്തിവഴി പുത്തൻകോൾ പടവിലേക്കുള്ള പാലത്തിലെത്തിയത്. പാടത്ത് രണ്ടാൾ ആഴത്തിൽ വെള്ളമുണ്ടായിരുന്നു. ഉദ്യോഗസ്ഥരും രണ്ടു തുഴക്കാരുമടക്കം 14 പേരാണ് മന്ത്രിക്കൊപ്പം തോണിയിലുണ്ടായിരുന്നത്. രണ്ടേമുക്കാലോടെ പാലത്തിൽനിന്ന് തോണിവഴി മടങ്ങുന്നതിനിടെയാണ് കാറ്റുവീശിയത്. തോണി തിരിച്ചുവിളിച്ച് പടവുകമ്മിറ്റി ഭാരവാഹികൾ ചെറുവള്ളം കൂട്ടിക്കെട്ടി മറിയാതിരിക്കാനുള്ള മുൻകരുതലെടുത്തു. പാലത്തിൽനിന്ന് ഒന്നരകിലോമീറ്റർ അകലെ, അരിമ്പൂരിലെ ഒളംതല്ലിപ്പാറയിലാണ് തോണി അടുപ്പിക്കേണ്ടിയിരുന്നത്. എന്നാൽ, കാറ്റു വീശിയപ്പോൾ കെട്ടയഞ്ഞ് ചെറുവള്ളം അകന്നു. തോണിയിൽ വെള്ളം കയറാനും തുടങ്ങി. ഇതോടെ ഭയന്നുപോയ എല്ലാവരും ചേർന്ന് തോണിയിലെ വെള്ളം തേവിക്കളയാൻ തുടങ്ങി. സന്ദർശനത്തിൽ മന്ത്രി ഉദ്യോഗസ്ഥരുടെ ഒരു കബളിപ്പിക്കലും പിടികൂടി. ഏനമാവ് റെഗുലേറ്ററിന്റെ ഷട്ടറുകൾ എല്ലാം തുറന്നു എന്നായിരുന്നു മന്ത്രിയെ ഉദ്യോഗസ്ഥർ ധരിപ്പിച്ചിരുന്നത്. എന്നാൽ, ഇതു ശരിയല്ലെന്നു ബോധ്യപ്പെട്ട അദ്ദേഹം ചൊവ്വാഴ്ച രാവിലെ എല്ലാ ഷട്ടറുകളും തുറക്കാൻ നിർദേശം നൽകി. തെറ്റായ വിവരം നൽകിയ ഉദ്യോഗസ്ഥരുടെ പേരിൽ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഇല്ലിക്കൽ റെഗുലേറ്ററിന്റെ ഷട്ടറുകളും ചൊവ്വാഴ്ച തുറക്കാൻ മന്ത്രി നിർദേശം നൽകി.
from mathrubhumi.latestnews.rssfeed https://ift.tt/2TpoFPY
via
IFTTT
No comments:
Post a Comment