തലശ്ശേരി: അവർ തിടുക്കത്തിൽ മുറ്റത്തേക്കിറങ്ങി. പിന്നെ, നിമിഷ നേരമേ വേണ്ടിവന്നുള്ളൂ. പഴയ ഇരുനിലവീട് നിലംപൊത്തി. ടെമ്പിൾഗേറ്റ് മമ്പള്ളി വീട്ടിൽ മമ്പള്ളി രജീഷും ഭാര്യയും രണ്ട് മക്കളുമാണ് അപകടത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാവിലെ പത്തോടെയാണ് സംഭവം. വീടിനുള്ളിൽ രാമായണം വായിക്കുകയായിരുന്നു രജീഷ്. ഈ സമയം വീട്ടിൽനിന്ന് 50 മീറ്റർ അകലെയുള്ള പാളത്തിലൂടെ തീവണ്ടി കടന്നുപോയി. അതിനിടെ വീടിന്റെ പിറകിൽനിന്ന് ചെറിയൊരു ശബ്ദംകേട്ട് ചെന്നുനോക്കി. പിൻ ചുമരിൽ ചെറിയൊരു വിള്ളൽ കണ്ടു. തലേദിവസം വീടിന്റെ മറ്റൊരു ഭാഗത്ത് കുമ്മായം അടർന്നുവീണത് കണ്ടെങ്കിലും അത്ര കാര്യമാക്കിയില്ല. ചുമരിലെ വിള്ളൽ കണ്ടപ്പോൾ പക്ഷേ, ഭീതിതോന്നി. രജീഷ് അപ്പോൾത്തന്നെ ഭാര്യ പ്രീതയെയും മക്കളായ രാഗയെയും ഋഗ്വേദിനെയും വിളിച്ചു. മക്കളെയും ചായകുടിക്കുകയായിരുന്ന ഭാര്യയെയും കൂട്ടി വീട്ടിൽനിന്ന് പുറത്തിറങ്ങി. അപ്പോൾ സി.വിജയൻ, ബി.പ്രേമൻ, പി.സി.വത്സൻ എന്നിവർ കൂട്ടുകാരനായ രജീഷിനെ കാണാൻ വീട്ടുമുറ്റത്തെത്തിയിരുന്നു. ഒരു മിനിറ്റ് വേണ്ടിവന്നില്ല, വൻ ശബ്ദത്തോടെ വീടിന്റെ മേൽക്കൂരയും ചുമരും നിലംപൊത്തി. ഇപ്പോൾ അടുക്കളയും അതിനോട് ചേർന്ന വരാന്തയുടെ ചെറിയൊരുഭാഗവും മാത്രമേ ബാക്കിയുള്ളൂ. ഫർണിച്ചറും വീട്ടുപകരണങ്ങളും തകർന്നടിഞ്ഞു. തത്കാലം കൊമ്മൽവയലിൽ സഹോദരിയുടെ വീട്ടിലേക്ക് മാറിത്താമസിക്കാനാണ് രജീഷിന്റെ തീരുമാനം. ഏകദേശം 90 വർഷം പഴക്കമുള്ളതാണ് ചെങ്കല്ലും മരവും ഓടും ഉപയോഗിച്ച് നിർമിച്ച വീട്. ജ്ഞാനോദയ യോഗം ഭരണസമിതി ഡയറക്ടറാണ് രജീഷ്. കഴിഞ്ഞ ദിവസങ്ങളിൽ കനത്തമഴ പെയ്തപ്പോൾ വരാന്തയുടെ ചവിട്ടുപടിവരെ വെള്ളം കയറിയിരുന്നു. Content Highlights:Kannur family escaping from big accident due to heavy rain
from mathrubhumi.latestnews.rssfeed https://ift.tt/31z9eaz
via
IFTTT
No comments:
Post a Comment