ശാസ്താംകോട്ട (കൊല്ലം) : മന്ത്രിയും എസ്.പി.യും ഗതാഗതക്കുരുക്കിൽപ്പെട്ടതിനെ തുടർന്ന് എ.എസ്.ഐ.ക്കും രണ്ട് സിവിൽ പോലീസ് ഉദ്യോഗസ്ഥർക്കും സസ്പെൻഷൻ. സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ. നുക്കിയുദീൻ, ശൂരനാട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ഹരിലാൽ, സി.പി.ഒ. രാജേഷ് എന്നിവരെയാണ് കൊല്ലം റൂറൽ എസ്.പി. ഹരിശങ്കർ സസ്പെൻഡ് ചെയ്തത്.ആദ്യം മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയും പിന്നാലെ റൂറൽ എസ്.പി.യും സഞ്ചരിച്ചിരുന്ന വാഹനങ്ങളാണ് ഗതാഗതക്കുരുക്കിൽപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കൊല്ലം-തേനി ദേശീയപാതയിൽ ചക്കുവള്ളി മയ്യത്തുംകര ഓഡിറ്റോറിയത്തിന് മുന്നിലായിരുന്നു സംഭവം. തിരുവല്ലയിൽ സ്വാതന്ത്ര്യദിനാഘോഷത്തിനുശേഷം നെടിയവിളയിൽ ശവസംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ ചാരുംമൂട് വഴി വരികയായിരുന്നു മന്ത്രി. മയ്യത്തുംകര ഓഡിറ്റോറിയത്തിൽ വിവാഹച്ചടങ്ങ് നടക്കുന്നതിനാൽ വാഹനങ്ങൾ റോഡരികിൽ നിർത്തിയിട്ടതാണ് ഗതാഗതതടസ്സത്തിന് കാരണം. മന്ത്രിയുടെ വരവ് മുൻകൂട്ടി അറിയാത്തതിനാൽ ഇവിടെ പോലീസ് ഉണ്ടായിരുന്നില്ല. മന്ത്രിയുടെ ഗൺമാൻ അറിയിച്ചതനുസരിച്ച് ശൂരനാട് പോലീസെത്തി ഗതാഗതതടസ്സം ഒഴിവാക്കി വാഹനം കടത്തിവിട്ടു.ശൂരനാട്ട് ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചശേഷം ഇതുവഴിയെത്തിയ റൂറൽ എസ്.പി.യും ഗതാഗതക്കുരുക്കിൽപ്പെട്ടു. മന്ത്രിയും ഗതാഗതതടസ്സത്തിൽപ്പെട്ട വിവരം അറിഞ്ഞ അദ്ദേഹം സംഭവസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്നുപേരെയും സസ്പെൻഡ് ചെയ്യുകയായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/30bH2uj
via
IFTTT
No comments:
Post a Comment