തിരുവനന്തപുരം: സംസ്ഥാന സഹകരണ ബാങ്കിന്റെ കിട്ടാക്കടം കുറയ്ക്കാനായി റബ്കോ, റബ്ബർമാർക്ക്, മാർക്കറ്റ് ഫെഡ് എന്നിവയുടെ കടം സർക്കാർ ഏറ്റെടുത്തത് വിവാദത്തിൽ. റബ്കോയുടെ 408 കോടിരൂപയുടെ വായ്പയാണ് ഇതിലൂടെ സർക്കാർ തീർപ്പാക്കിയത്. റബ്കോയെ സഹായിക്കാനാണ് സഹകരണ സംഘങ്ങളുടെ ഫെഡറേഷനുകളായ റബ്ബർമാർക്കിനും മാർക്കറ്റ് ഫെഡിനും സഹായം നൽകിയതെന്നാണ് ആക്ഷേപം. പ്രളയബാധിത ഘട്ടത്തിൽ സി.പി.എം. നിയന്ത്രണത്തിലുള്ള സഹകരണസംഘമായ റബ്കോയ്ക്ക് കോടികൾ നൽകിയതാണ് വിവാദമായത്. കർഷകരിൽനിന്ന് ഉത്പന്നങ്ങൾ സംഭരിച്ച വകയിൽ റബ്ബർമാർക്കിനും മാർക്കറ്റ് ഫെഡിനും സർക്കാർ പണം നൽകാനുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങളുടെ ഫെഡറേഷനായ ഈ രണ്ട് സ്ഥാപനങ്ങളിലും യു.ഡി.എഫ്. ഭരണസമിതിയാണ്. എന്നാൽ, റബ്കോ ഒരു സഹകരണ സംഘം മാത്രമാണ്. കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭാ യോഗമാണ് ഈ മൂന്ന് സ്ഥാപനങ്ങളുടെയും കടം തീർക്കാൻ പണം അനുവദിക്കുന്നതിന് അംഗീകാരം നൽകിയത്. റബ്കോ ഫെഡറേഷനല്ലെന്ന കാര്യം മറച്ചുവെച്ച്, ഫെഡറേഷനുകൾക്കാണ് സഹായം നൽകിയതെന്നായിരുന്നു സർക്കാർ വിശദീകരിച്ചത്. റബ്കോയ്ക്ക് 238.35 കോടി രൂപയും റബ്ബർമാർക്കിന് 41.39 കോടിയും മാർക്കറ്റ് ഫെഡിന് 27 കോടിയുമാണ് സർക്കാർ അനുവദിച്ചത്. ഡിസംബർ 31-ന് ഈ മൂന്ന് സ്ഥാപനങ്ങളുടെയും കടം സർക്കാർ ഏറ്റെടുക്കുമെന്നു കാണിച്ച് ഉത്തരവിറക്കിയിരുന്നു. ഇക്കാര്യം ജനുവരി ഒന്നിന് മാതൃഭൂമി വാർത്ത നൽകിയതാണ്. കേരള ബാങ്കിന് റിസർവ് ബാങ്കിന്റെ ലൈസൻസ് ലഭിക്കുന്നതിന് സംസ്ഥാന സഹകരണ ബാങ്കിന്റെ കിട്ടാക്കടം കുറയ്ക്കണമെന്നായിരുന്നു വിശദീകരണം. ഈ മൂന്നു സ്ഥാപനങ്ങളുമായി ചർച്ച നടത്തി ബാങ്കിനു നൽകാനുള്ള പണം സർക്കാരിലേക്ക് തിരിച്ചടയ്ക്കണമെന്ന് കരാറുണ്ടാക്കിയായിരിക്കും വായ്പ തീർപ്പാക്കുകയെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയത്. റബ്കോ സംസ്ഥാന സഹകരണ ബാങ്കിന് 162 കോടിയും എറണാകുളം ജില്ലാ സഹകരണ ബാങ്കിന് 246 കോടിരൂപയുമാണ് നൽകാനുണ്ടായിരുന്നത്. ഇതു രണ്ടും സർക്കാർ ഏറ്റെടുത്തു. സംസ്ഥാന സഹകരണ ബാങ്കിലെ വായ്പ 93.97 കോടിക്കും എറണാകുളം ജില്ലാബാങ്കിലെ വായ്പ 144.38 കോടിക്കുമാണ് തീർപ്പാക്കിയത്. ബാക്കിതുക എഴുതിത്തള്ളി. എറണാകുളം ജില്ലാ ബാങ്കിനുള്ളതിനെക്കാൾ കിട്ടാക്കടം മറ്റ് ആറു ജില്ലാ ബാങ്കുകൾക്കുണ്ട്. ഇവിടെയുള്ള വായ്പകളൊന്നും സർക്കാർ തീർപ്പാക്കിയിട്ടുമില്ല. ഇതാണ് വിമർശനത്തിനിടയാക്കിയത്. മന്ത്രിസഭാ തീരുമാനത്തിനു മുമ്പുതന്നെ ഈ കടം തീർക്കാനുള്ള പണം സർക്കാർ സംസ്ഥാന സഹകരണ ബാങ്കിൽ അടച്ചിട്ടുണ്ട്. മാത്രവുമല്ല, ഈ സ്ഥാപനങ്ങളുമായുള്ള കരാർ വ്യവസ്ഥകൾക്കും അന്തിമ രൂപമായിട്ടില്ല. പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായം അനുവദിക്കണമെന്ന് കാണിച്ച് നേരത്തേ റബ്കോ സർക്കാരിന് അപേക്ഷ നൽകിയിരുന്നു. ഇത് അടിസ്ഥാനമാക്കിയുള്ള ഒത്തുതീർപ്പാണ് കടം സർക്കാർ ഏറ്റെടുത്തതിലൂടെ നടന്നതെന്നാണ് ആക്ഷേപം. ഖജനാവ് ധൂർത്തടിക്കരുത് സി.പി.എം. നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനമായ റബ്കോ വരുത്തിവെച്ച കിട്ടാക്കടം ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഇതിൽനിന്ന് സർക്കാർ പിന്മാറണം. പ്രളയത്തിന്റെ നടുവിൽ ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ പൊതുഖജനാവ് ധൂർത്തടിക്കരുത്. -രമേശ് ചെന്നിത്തല, പ്രതിപക്ഷനേതാവ് അഴിമതി അന്വേഷിക്കണം അടുത്തകാലത്ത് സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതിയാണിത്. മുഖ്യമന്ത്രിയുടെ അറിവോടെ നടന്ന ഈ ഇടപാട് സി.ബി.ഐ. അന്വേഷിക്കണം. -പി.എസ്. ശ്രീധരൻപിള്ള, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് content highlights:financial help for Rubco
from mathrubhumi.latestnews.rssfeed https://ift.tt/2z0lODJ
via
IFTTT
No comments:
Post a Comment