കൊച്ചി: അരയ്ക്കൊപ്പം വെള്ളംകയറിയ വീട്ടിൽനിന്ന് ലാലി കയറിവരുമ്പോൾ നെഞ്ചോടുചേർത്ത് തുണിയിൽ പൊതിഞ്ഞ് അവളുണ്ടായിരുന്നു... കൃപാമരിയ എന്ന ഒരു വയസ്സുകാരി. 22 വർഷം കാത്തിരുന്ന് കിട്ടിയ കൺമണിയെ നെഞ്ചോടുചേർത്ത് വന്ന ലാലിയെ, കുടചൂടിച്ച് കൂടെ ജെയിംസും. തുണിയിൽ പൊതിഞ്ഞ് അമ്മ ചേർത്തുപിടിച്ചിട്ടും കുഞ്ഞു കൃപാമരിയ കരച്ചിലോടു കരച്ചിൽ തന്നെ... കുറുമശ്ശേരി ആനപ്പാറ മധുരപ്പുറത്തെ അരീക്കൽ ജെയിംസിന് 57-ാം വയസ്സിൽ കുഞ്ഞുപിറക്കുമ്പോൾ മുതൽ പ്രളയത്തിന്റെ സങ്കടങ്ങളായിരുന്നു. ഇപ്പോൾ കുഞ്ഞിന് ഒരു വയസ്സാകുമ്പോഴും ജെയിംസ് ജലംകൊണ്ടേറ്റ മുറിവുകളിൽത്തന്നെയാണ്. 'കഴിഞ്ഞവർഷത്തെ പ്രളയത്തിനാണ് ഇവൾ ജനിച്ചത്... 22 വർഷത്തെ ചികിത്സയ്ക്കും പ്രാർത്ഥനകൾക്കും ഒടുവിലാണ് ഈ പൊന്നോമനയെ ഞങ്ങൾക്ക് കിട്ടിയത്. വീടൊക്കെ ഒരുവിധം ശരിയാക്കി കുഞ്ഞുമായി താമസം തുടങ്ങിയപ്പോഴാണ് ഇപ്പോൾ വീണ്ടും പ്രളയം മൂടിക്കളയുന്നത്... അടുത്തുള്ള അനിയന്റെ വീട്ടിലേക്കാണ് കുഞ്ഞുമായി തത്കാലം കയറിയിരിക്കുന്നത്. ഇവിടേക്കും വെള്ളം കയറിയാൽ ഈ കുഞ്ഞിനെയും കൊണ്ട് ഇനി എങ്ങോട്ട് പോകുമെന്ന് ഞങ്ങൾക്കറിയില്ല...' -ജെയിംസ് പറയുമ്പോഴും കൃപാമരിയ കരച്ചിലിൽ തന്നെയായിരുന്നു. കുഞ്ഞിന്റെ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളുമൊക്കെ വെള്ളം കയറി നശിച്ചതിന്റെ സങ്കടത്തിലാണ് ലാലി. 'കൈയിൽ കിട്ടിയ കുറച്ചു സാധനങ്ങൾ മാത്രമെടുത്താണ് വീട്ടിൽ നിന്നിറങ്ങിയത്. ഞങ്ങളുടെ 97 വയസ്സുള്ള അമ്മച്ചി ത്രേസ്യ വീണ് അരക്കെട്ടിലെ എല്ലൊടിഞ്ഞ്, ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുകയാണ്. അനിയന്റെ വീട്ടിൽ വെള്ളം കയറിയാൽ കുഞ്ഞിനേയും അമ്മച്ചിയേയും കൊണ്ട് വേറെ എങ്ങോട്ടെങ്കിലും പോകേണ്ടി വരും...' -ലാലിയുടെ വാക്കുകൾ സങ്കടത്താൽ മുറിഞ്ഞു. 'കടംവാങ്ങിയാണ് കഴിഞ്ഞപ്രളയം തകർത്ത വീട് ഒരുവിധം ശരിയാക്കിയത്. അതിന്റെ കടം തീരുംമുമ്പേ ഇപ്പോൾ ഇതാ വീണ്ടും ഞങ്ങളുടെ വീട് തകർന്നിരിക്കുന്നു... ഇനി വെള്ളമിറങ്ങിയാലും ചെളിയും പാമ്പും പഴുതാരയുമൊക്കെ ഉണ്ടാകാൻ സാധ്യതയുള്ള വീട്ടിൽ കുഞ്ഞിനെ എങ്ങനെ വിശ്വസിച്ച് കിടത്തിയുറക്കും...' -ജെയിംസിന്റെ സങ്കടങ്ങളും പെയ്തുനിറയുകയാണ്...
from mathrubhumi.latestnews.rssfeed https://ift.tt/31BCfmd
via
IFTTT
No comments:
Post a Comment