ഭീതിയുടെ ഒരാണ്ട്; മരവിപ്പ് മാറാതെ കുറാഞ്ചേരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 14, 2019

ഭീതിയുടെ ഒരാണ്ട്; മരവിപ്പ് മാറാതെ കുറാഞ്ചേരി

കുറാഞ്ചേരി: മഹാപ്രളയത്തിൽ കുറാഞ്ചേരിക്കാർക്ക് നഷ്ടപ്പെട്ടത് 19 ജീവൻ. വർഷം ഒന്ന് പിന്നിടുമ്പോഴും മണ്ണ് സമ്മാനിച്ച തോരാത്ത ദുരിതത്തിന്റെ മരവിപ്പിൽനിന്ന് ഇവിടത്തുകാർ മോചിതരായിട്ടില്ല. പോയവർഷത്തെ പ്രളയകാലത്ത് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ മരിച്ച ദുരന്തഭൂമിയാണ് കുറാഞ്ചേരി. ഒരു നൂറ്റാണ്ടിനിടയിൽ തലപ്പിള്ളി താലൂക്കിലെന്നല്ല, ജില്ലയിൽ പോലും ഇത്രയധികം പേരുടെ ജീവൻ അപഹരിച്ച പ്രകൃതിദുരന്തമുണ്ടായിട്ടില്ല. 2018 ഓഗസ്റ്റ് 16-ന് രാവിലെ 6.50-ന് കുറാഞ്ചേരി കുന്നിടിഞ്ഞ് അഞ്ച് വീടുകൾ മണ്ണിൽ മൂടി. സംസ്ഥാനപാതയോരത്തെ ബസ്സ്റ്റോപ്പും തകർത്ത് റെയിൽപാളത്തിൽ വരെ മണ്ണെത്തി. ദുരന്തം നടന്ന് ആറാം ദിവസമാണ് കുറാഞ്ചേരി വഴി സംസ്ഥാനപാതയിലൂടെ ഗതാഗതം പുനരാരംഭിച്ചത്. മണ്ണിനടിയിൽ പെട്ടവരിൽ 12 പേരുടെ മൃതദേഹം ആദ്യദിവസത്തെ തിരച്ചിലിലും ആറുപേരുടേത് രണ്ടാം ദിവസവും ഒരാളുടേത് നാലാം ദിവസവുമാണ് ലഭിച്ചത്. ദുരന്തത്തിൽ രണ്ട് കുടുംബങ്ങൾ പൂർണമായും ഇല്ലാതെയായി. തകർന്ന വീടുകളിൽ ഒന്നിൽ ഒരാളും മറ്റൊരു കുടുംബത്തിൽ നാലു പേരും മാത്രം അവശേഷിച്ചു. മണ്ണിടിഞ്ഞത് 20 ഇടങ്ങളിൽ മച്ചാട്-വടക്കാഞ്ചേരി വനം റെയ്ഞ്ചുകളുടെ പരിധിയിൽ 20 ഇടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. മൂന്നിടങ്ങളിലായുണ്ടായ മണ്ണിടിച്ചിലിൽ ആകെ 24 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കുറാഞ്ചേരിയിലെ 19 പേർക്ക് പുറമേ ഏക്കർകണക്കിന് സ്ഥലത്ത് മണ്ണ് വന്നടിഞ്ഞ കാഞ്ഞിരശ്ശേരിയിൽ ഒരാളും കൊറ്റമ്പത്തൂരിൽ നാലു പേരും മണ്ണിടിച്ചിലിൽ മരിച്ചു. മിക്കയിടത്തും തേക്ക് ഉൾപ്പെടെ കടപുഴകി. മാനുകൾ ഉൾപ്പെടെയുള്ള വന്യജീവികളുടെ ആവാസമേഖലയാണ് മണ്ണിടിച്ചിലുണ്ടായ വനമേഖല. സ്ഥലത്തെത്തിയ ദുരന്തനിവാരണ അതോറിറ്റിയുടെ ലാൻഡ് സ്ലൈഡ് പ്രോജക്ട് ഇൻവെസ്റ്റിഗേറ്ററും ജിയോളജിസ്റ്റുമായ ഡോ. എസ്. ശ്രീകുമാർ അന്ന് അഭിപ്രായപ്പെട്ടത് കുറാഞ്ചേരിയിലേത് അതിവർഷം മൂലമുണ്ടായ സ്വാഭാവിക മണ്ണിടിച്ചിലാണെന്നാണ്. ഉരുൾപൊട്ടലെന്ന് വിശേഷിപ്പിക്കാനാവില്ല, വലിയ മണ്ണിടിച്ചിലാണ്. 51 ഡിഗ്രിയിലധികം ചെരിവുള്ള കുന്നിൽ ദൃഢതയില്ലാത്ത മണ്ണ് വെള്ളത്തിൽ കുതിർന്ന് കുത്തിയൊഴുകിയതാണ് കുറാഞ്ചേരിയിൽ സംഭവിച്ചതെന്നായിരുന്നു വിലയിരുത്തൽ. മണ്ണിടിച്ചിൽ, കനത്ത മഴയെ തുടർന്നുള്ള മണ്ണിനകത്തെ മണ്ണൊലിപ്പാണെന്നാണ് മണ്ണ് പര്യവേക്ഷണ സംരക്ഷണ ഉദ്യോഗസ്ഥർ വിലയിരുത്തിയത്. കേരള വനഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരും പഠനം നടത്തിയിരുന്നു. ചെരിവേറിയ പ്രദേശമായതിനാലും ചെളിയും ചരലുമുള്ള മണ്ണായതിനാലും മണ്ണിടിച്ചിൽ ശക്തിയേറിയതായി. കനത്ത മഴ ഉണ്ടായാൽ വീണ്ടും ഇടിച്ചിലിനുള്ള സാദ്ധ്യത കേന്ദ്ര ജിയോളജിക്കൽ സംഘം വിലയിരുത്തി. സ്വാഭാവികമായ ഹരിതവത്കരണത്തിലൂടെ മാത്രമേ പ്രതിരോധം സാദ്ധ്യമാവൂ എന്നായിരുന്നു വിദഗ്ധസംഘത്തിന്റെ അഭിപ്രായം. മരിച്ചവരുടെ കുടുംബത്തിന് 60 ലക്ഷം രൂപ മരിച്ച 15 പേരുടെ കുടുംബത്തിന് അറുപത് ലക്ഷം രൂപ സർക്കാർ ധനസഹായമായി നൽകി. രേഖകൾ ഹാജരാക്കാൻ ശേഷിക്കുന്ന ഒമ്പത് പേർക്ക് കൂടി ഇനി തുക കൈമാറാനുണ്ട്. ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട പാറേങ്ങാട്ടിൽ സജിയും ദുരന്തത്തിൽ മരിച്ച കൊല്ലംകുന്നേൽ മത്തായിയുടെ മകൻ സിജോയും കുറാഞ്ചേരിയിൽ വ്യാപാരം പുനരാരംഭിച്ചു. മരിച്ച കന്നുകുഴിയിൽ മോഹനന്റെ വ്യാപാരസ്ഥാപനം സഹോദരങ്ങൾ ഏറ്റെടുത്തു. ദുരന്തത്തിൽ വീട് തകർന്ന കുഞ്ഞുകുളങ്ങര തങ്കയുടെ വീട് നിർമ്മാണം നടക്കുന്നു. സജി മിണാലൂർ ബൈപ്പാസിലും സിജോ പൂമലയിലുമാണ് പുതിയ താമസസ്ഥലം കണ്ടെത്തിയത്. വടക്കാഞ്ചേരി നഗരസഭയും തെക്കുംകര പഞ്ചായത്തും മണ്ണിടിച്ചിലിൽ തകർന്ന റോഡ് വീണ്ടെടുത്തു. അതേസമയം ദുരന്തഭൂമിയിൽനിന്ന് നീക്കിയ ആയിരക്കണക്കിന് ലോഡ് മണ്ണ് സമീപത്തുള്ള രണ്ട് സ്ഥലങ്ങളിലായി കൂട്ടിയിട്ടത് മാറ്റാൻ നടപടിയായില്ല. കെ.എൽ.ഡി.സി.ക്ക് ബണ്ട് നിർമ്മാണത്തിന് കൈമാറണമെന്ന് ജില്ലാ ഭരണകൂടം തീരുമാനം എടുത്തതല്ലാതെ തുടർനടപടി ഉണ്ടായില്ല. ദുരന്തമുണ്ടായത് 2018 ഓഗസ്റ്റ് 16-ന് കഴിഞ്ഞ പ്രളയകാലത്ത് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് ജീവൻ നഷ്ടപ്പെട്ടയിടം ബസ്സ്റ്റോപ്പ് പോലും പുനർനിർമിച്ചില്ല പഠനവും റിപ്പോർട്ടുകളും കടലാസിലൊതുങ്ങി. വിദഗ്ധസംഘം നിർദ്ദേശിച്ച ഹരിതവത്കരണം ദുരന്തഭൂമിയിൽ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. വനംവകുപ്പ് മുളയും രാമച്ചവും വെച്ചുപിടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ദുരന്തഭൂമിയിൽ നിലംപൊത്തിയ തേക്കുമരങ്ങൾ പോലും പത്ത് മാസത്തിനു ശേഷമാണ് നീക്കിയത്. കുതിർന്ന മണ്ണ് നീക്കണമെന്ന ആവശ്യവും വനംവകുപ്പ് കേട്ടില്ലെന്ന് നടിച്ചു. റെയിൽവേ മാത്രമാണ് ഒരു കോടിയിൽപരം രൂപ ചെലവാക്കി റെയിൽപാളത്തോട് ചേർന്ന് സംരക്ഷണഭിത്തി നിർമ്മിച്ചത്. സംസ്ഥാനപാതയോട് ചേർന്നുള്ള പൊതുമരാമത്ത് വകുപ്പിന്റെ സംരക്ഷണഭിത്തിയും കാനയും നിർമ്മാണം കാലവർഷത്തിനു ശേഷം തുടങ്ങുമെന്നാണ് പറയുന്നത്. തകർന്ന ബസ്സ്റ്റോപ്പ് പുനർനിർമ്മിക്കാൻ ഇതുവരെ നടപടിയായില്ല. ദുരന്തവുമായി ബന്ധപ്പെട്ട് സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് പോലീസ് നൽകിയ മുൻകരുതൽ നിർദ്ദേശങ്ങളും ഫയലിലാണ്. മണ്ണിടിഞ്ഞ ഭാഗത്ത് ബഞ്ച് കട്ടിങ്, തുടർന്ന് വനവത്കരണം, നീർച്ചാൽ പുനഃസ്ഥാപിക്കൽ, നിലവിലെ താമസക്കാരെ മാറ്റിപ്പാർപ്പിക്കൽ, വിവിധ വകുപ്പുകളുടെ ഏകോപനം, ബോധവത്കരണം, മണ്ണിടിച്ചിലിന് സാദ്ധ്യതയുള്ള സ്ഥലങ്ങളുടെ മാപ്പ് തയ്യാറാക്കൽ തുടങ്ങിയ നിർദ്ദേശങ്ങളാണ് പോലീസ് സമർപ്പിച്ചത്. ബാലകൃഷ്ണന് ലഭിച്ചത് 12,000 രൂപ മാത്രം മണ്ണിടിച്ചിൽ സമയത്ത് സംസ്ഥാനപാതയിലൂടെ ബൈക്കിൽ പോയിരുന്ന തെക്കുംകര പാലിശ്ശേരി ബാലകൃഷ്ണൻ സാരമായ പരിക്കുകളോടെ ഒരു വർഷമായി ചികിത്സയിലാണ്. കാര്യമായി ഒരു ധനസഹായവും ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട ബാലകൃഷ്ണന് ലഭിച്ചില്ല; ലഭിച്ചത് വെറും 12,000 രൂപ മാത്രം.


from mathrubhumi.latestnews.rssfeed https://ift.tt/2Z3aQfg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages