തിരുവനന്തപുരം: "പോലീസുകാര്‍ വന്തനേര്‍, എന്നിടം സില കേഴ്‌വികള്‍ കേട്ടനാര്‍... ഞാന്‍ പതില്‍ സൊന്ന്....എനക്ക് അതേപ്പറ്റി ഏതും തെരിയാത്.....അവര്‍ എന്നിടം കൈയെഴുത്ത് വാങ്ങിട്ടേന്‍.... കാപ്പാത്തണം..." ഹരിത തട്ടിപ്പുകേസില്‍ അറസ്‌റ്റ് ചെയ്‌ത രാജ്‌കുമാറിനെ ജാമ്യത്തില്‍ വിട്ടിരുന്നെന്നു വരുത്താന്‍ നെടുങ്കണ്ടം പോലീസ് ഹാജരാക്കിയ രേഖയില്‍ ഒപ്പുവച്ചിരുന്ന തമിഴ്‌നാട് സ്വദേശികള്‍ ക്രൈംബ്രാഞ്ച് സംഘത്തിനു മുന്നില്‍ വിറച്ചുനിന്നു കൈകൂപ്പി.
സാധുക്കളായ രണ്ടു തമിഴന്മാരെ കഥാപാത്രങ്ങളാക്കി നെടുങ്കണ്ടം പോലീസ് ചമച്ച നാടകം അവിടെ പൊളിഞ്ഞുവീണു. കൊലക്കുറ്റത്തിനു പുറമേ, വ്യാജരേഖ ചമച്ചതിനും പോലീസുകാര്‍ കോടതിക്കു മുന്നില്‍ ഉത്തരംപറയേണ്ടിവരും.
രാജ്‌കുമാറിനെ നാലു ദിവസം അനധികൃതമായി കസ്‌റ്റഡിയില്‍വച്ചെന്ന പരാതി കളവാണെന്നു വരുത്താന്‍ വേണ്ടിയാണ് അറസ്‌റ്റ് ചെയ്‌ത 12-നു തന്നെ രണ്ടു പേരുടെ ജാമ്യത്തില്‍ വിട്ടെന്നു പോലീസ് വ്യാജരേഖ ചമച്ചത്. 15-നു വീണ്ടും കസ്‌റ്റഡിയിലെടുത്ത് പിറ്റേന്നു മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയെന്നു വരുത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍, 12-നു രാജ്‌കുമാറിനൊപ്പം കസ്‌റ്റഡിയിലെടുത്ത രണ്ടും മൂന്നും പ്രതികളായ ശാലിനി, മഞ്‌ജു എന്നിവരെ പിറ്റേന്നു കോടതിയിലെത്തിച്ചു റിമാന്‍ഡ് ചെയ്‌തെന്ന വസ്‌തുത കുരുക്കായി.
ഒന്നാം പ്രതിയെ ജാമ്യത്തില്‍ വിടുകയും കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കില്ലാത്ത യുവതികളെ ജയിലിലാക്കുകയും ചെയ്‌തത് എന്തിനെന്ന ക്രൈംബ്രാഞ്ചിന്റെ ചോദ്യത്തിനു മുന്നില്‍ പോലീസുകാര്‍ക്ക് ഉത്തരംമുട്ടി. അതോടെ, ജാമ്യക്കാരായ തമിഴ്‌നാട് സ്വദേശികളെ കണ്ടെത്തി ചോദ്യം ചെയ്‌തു. തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്നും പോലീസുകാര്‍ തന്ന വെള്ളക്കടലാസില്‍ ഒപ്പിടുകയായിരുന്നെന്നും അവര്‍ തുറന്നുപറഞ്ഞു. ആകര്‍ഷകമായ പലിശയായിരുന്നു ഹരിത ഫിനാന്‍സിനെ പെട്ടെന്നു ജനപ്രിയമാക്കിയതെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തി. 10,000 രൂപ നിക്ഷേപിച്ചാല്‍ 1,000 രൂപ പലിശ ചേര്‍ത്ത് പതിനൊന്നാം മാസം 11,000 രൂപ തിരികെനല്‍കും. അയ്യായിരത്തോളം പേരാണു ഹരിതയില്‍ പണമിട്ടത്. വന്‍തുക നിക്ഷേപിച്ചവരുമുണ്ട്. നിക്ഷേപകരിലേറെയും ഒരു രാഷ്;ടീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകരായിരുന്നത്രേ.
പണം പലിശയടക്കം കൃത്യമായി മടക്കിനല്‍കുന്ന പതിവ് ക്രമേണ നിലച്ചു. പണം കിട്ടാതായതോടെ നിക്ഷേപകര്‍ ഹരിതയുടെ ഓഫീസ് ഉപരോധിച്ചു. പണം പീരുമേട്ടിലെ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നു രാജ്‌കുമാര്‍ പറഞ്ഞതു കള്ളമാണെന്നു വ്യക്‌തമായതോടെ പൊതിരെ തല്ലിയതിനു ശേഷം പോലീസിനു കൈമാറുകയായിരുന്നു. 12-നു കസ്‌റ്റഡിയില്‍ കിട്ടിയതിനു ശേഷം നാലു ദിവസം പോലീസിന്റെ വക മര്‍ദനം. പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യം. അവശനായ രാജ്‌കുമാറിനെ 16-നു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. 21-നായിരുന്നു മരണം.
എസ്. നാരായണ്‍
from mangalam.com https://ift.tt/329Y6SI
via IFTTT
No comments:
Post a Comment