കോഴിക്കോട്: സൈന്യത്തിന്റെ ക്ളേമോർ മൈനുകൾ ഉൾപ്പെടെയുള്ള വെടിക്കോപ്പുകൾ കുറ്റിപ്പുറം പാലത്തിനു ചുവട്ടിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തു. കേസിന്റെ രേഖകൾ തിരൂർ ഡിവൈ.എസ്.പി. ജലീൽ തോട്ടത്തിൽനിന്ന് സി.ബി.ഐ. സംഘം കൈപ്പറ്റി. ഒന്നരവർഷംമുമ്പു നടന്ന സംഭവത്തിൽ വെള്ളിയാഴ്ചയാണ് പ്രത്യേക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന തിരുവനന്തപുരത്തെ സി.ബി. ഐ. യൂണിറ്റ് പുതിയ എഫ്.ഐ. ആർ. രജിസ്റ്റർ ചെയ്തത്. 2018 ജനുവരി അഞ്ചിനാണ് കുറ്റിപ്പുറം ഭാരതപ്പുഴ പാലത്തിന്റെ പടിഞ്ഞാറെ അറ്റത്തുനിന്നുള്ള അഞ്ചാം തൂണിനു സമീപത്തായി വെടിക്കോപ്പുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ച് ക്ലേമോർ മൈനുകൾ, മൈനുകൾ പൊട്ടിക്കാൻ ഉപയോഗിക്കുന്ന ആറു പൾസ് ജനറേറ്ററുകൾ, ഇവ ബന്ധിപ്പിക്കുന്ന നാല് കേബിളുകൾ, ഗ്രനേഡുകൾ ഉൾപ്പെടെയുള്ളവ പൊട്ടിക്കാൻ ഉപയോഗിക്കുന്ന രണ്ട് ട്യൂബ് ലോഞ്ചറുകൾ, അനുബന്ധമായി ഉപയോഗിക്കുന്ന ലോഹനിർമിത വളയം, ചതുപ്പുനിലത്ത് വാഹനങ്ങളുടെ ചക്രങ്ങൾ താഴ്ന്നുപോകാതിരിക്കാനായി സ്ഥാപിക്കുന്ന ലോഹഷീറ്റ്, സെൽഫ് ലോഡിങ് റൈഫിളുകളിൽ ഉപയോഗിക്കുന്ന തിരകൾ, 45 കാലി ഉറകൾ എന്നിങ്ങനെ അൻപതിനം വെടിക്കോപ്പുകളാണ് കണ്ടെത്തിയത്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനുകീഴിലുള്ള മഹാരാഷ്ട്ര ചന്ദ്രാപ്പുരിലെ വെടിക്കോപ്പ് നിർമാണശാലയിൽ 2001-ൽ നിർമിച്ചവയാണ് ഇവിടെ കണ്ടെടുത്ത ക്ളേമോർ മൈനുകളെന്ന് കേരള പോലീസ് കണ്ടെത്തിയിരുന്നു. അവിടെ നിന്നു വാർധയിലെ പുൽഗാവ് വെടിക്കോപ്പ് സംഭരണശാലയ്ക്കും പുണെ വെടിക്കോപ്പ് സംഭരണശാലയ്ക്കും കൈമാറിയ മൈനുകളാണ് ഇവ. അവിടെ നിന്ന് ഇവ എവിടേക്കു പോയെന്നതിനെക്കുറിച്ചാണ് ദേശീയ ഏജൻസിക്ക് അന്വേഷിക്കാനുള്ളത്. തിരൂർ ഡിവൈ.എസ്.പി. വി.എ. ഉല്ലാസ്, മലപ്പുറം ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈ.എസ്.പി. ജെയ്സൺ പി. അബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നേരത്തേ കേസന്വേഷിച്ചിരുന്നത്. ശബരിമല തീർഥാടനകാലത്ത് ദേശീയപാത-66ന്റെ ഭാഗമായ കുറ്റിപ്പുറം പാലത്തിനു ചുവട്ടിൽ ഇവ കണ്ടെത്തിയത് ഏറെ ആശങ്കകൾക്കു വഴിവെച്ചിരുന്നു. വിഷയത്തിൽ ദേശീയ-അന്തർദേശീയ തലത്തിലുള്ള അന്വേഷണം ആവശ്യമാണെന്നും അതിനാൽ ദേശീയ അന്വേഷണ ഏജൻസിയോ (എൻ.ഐ. എ.) സി.ബി.ഐ.യോ അന്വേഷിക്കണമെന്നും കേരള പോലീസ് ആവശ്യപ്പെട്ടതുപ്രകാരമാണ് പുതിയ നടപടി. കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെ ലാൻഡ് ഫോണിൽ വിളിച്ച അജ്ഞാതനാണ് പാലത്തിനടിയിൽ ദുരൂഹസ്വഭാവമുള്ള ചില വസ്തുക്കളുണ്ടെന്ന് അറിയിച്ചത്. content highlights:cbi probe in connection with mines found from kuttippuram
from mathrubhumi.latestnews.rssfeed https://ift.tt/2YDb74X
via
IFTTT
No comments:
Post a Comment