കോട്ടയം: ശബരിമലയിലെ ദേവസ്വം, വനംഭൂമികൾ സംബന്ധിച്ച് ചർച്ചചെയ്യാൻ തിരുവനന്തപുരത്തുചേർന്ന യോഗത്തിൽ വനംവകുപ്പിന്റെ വിവാദ റിപ്പോർട്ടും വിഷയമായി. വനംമന്ത്രി കെ. രാജുവിന്റെയും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും സാന്നിധ്യത്തിലായിരുന്നു യോഗം. ശരണമന്ത്രം അന്തരീക്ഷമലിനീകരണം ഉണ്ടാക്കുന്നു എന്ന ഒരു റിപ്പോർട്ടും വനംവകുപ്പ് കൊടുത്തിട്ടില്ലെന്ന് വനംമന്ത്രി പറഞ്ഞു. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ 2014-ൽ ഒരു ഗവേഷകവിദ്യാർഥി പെരിയാർ ടൈഗർ റിസർവിലെ ഇക്കോ ടൂറിസം (ഇക്കോ ടൂറിസം-ഇവാല്യുവേറ്റീവ് സ്റ്റഡി ഓൺ പെരിയാർ ടൈഗർ റിസർവ് കേരള) എന്നപേരിൽ സമർപ്പിച്ച പ്രബന്ധത്തിൽനിന്നുള്ള പേജാണ് വനംവകുപ്പിന്റെ റിപ്പോർട്ട് എന്ന വാർത്തയ്ക്ക് അനുബന്ധമായി ചേർത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇക്കോ ടൂറിസം പ്രോജക്ടിന്റെ ഭാഗമായ റിപ്പോർട്ടിലാണ് ഇൗ പരാമർശമുള്ളതെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പദ്മകുമാർ പറഞ്ഞു. സി.സി.എഫുമാരുടെ പല റിപ്പോർട്ടുകളും ആധാരമാക്കിയാണ് അത് തയ്യാറാക്കിയിരിക്കുന്നത്. ഇത് അനുബന്ധത്തിലും പരാമർശിക്കുന്നുണ്ട്. ഇനി വാദത്തിനായി പ്രോജക്ട് റിപ്പോർട്ട് എന്ന് സമ്മതിച്ചാലും വനംവകുപ്പിന്റെ നിയന്ത്രണങ്ങൾക്കു വിധേയമായ പഠനത്തിൽ ഇങ്ങനെ വന്നത് ശരിയാണോയെന്ന് അദ്ദേഹം ചോദിച്ചു. ഇത് കണ്ടില്ലെന്നു നടിക്കുന്നത് ശരിയല്ല. ശബരിമലയിലെ ഭൂമിയുടെ ഉടമാവകാശവും യോഗം ചർച്ചചെയ്തു. ശബരിമലയിലെ സംയുക്തസർവേ വനം, ദേവസ്വം വകുപ്പുകൾ ചേർന്നാണ് നടത്തിയത്. 94 ഏക്കർ ദേവസ്വം ബോർഡിനാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, ഇത് വനംവകുപ്പ് ഇനിയും അംഗീകരിച്ചിട്ടില്ല. വനംവകുപ്പിന്റെ യോജിപ്പ് ഇല്ലെങ്കിലും ദേവസ്വം ബോർഡിന്റെ ഉടമസ്ഥാവകാശം യോഗം അംഗീകരിച്ചു. ഭൂമിസംബന്ധിച്ച കാര്യങ്ങൾ ഹൈക്കോടതി തീർപ്പിന് വിധേയമായിരിക്കുമെന്നും അറിയിച്ചു. content highlights:sabarimala, forest department
from mathrubhumi.latestnews.rssfeed https://ift.tt/32qsLvk
via
IFTTT
No comments:
Post a Comment