അങ്ങോട്ടൊരു പാലമിട്ടാല്‍, ഇങ്ങോട്ടെല്ലാം നേതാവിന്‌! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 4, 2019

അങ്ങോട്ടൊരു പാലമിട്ടാല്‍, ഇങ്ങോട്ടെല്ലാം നേതാവിന്‌!

കേരളത്തിന്റെ സാമ്പത്തികതലസ്‌ഥാനമായ എറണാകുളം, രാഷ്‌ട്രീയ-ഭൂമാഫിയകളുടെയും തലസ്‌ഥാനമായി മാറിയതു നെടുമ്പാശേരി വിമാനത്താവളത്തിന്റെ വരവോടെയാണ്‌. വിമാനത്താവളത്തിന്റെ കടലാസ്‌ ജോലികള്‍ തുടങ്ങുംമുമ്പേ ഒരു പ്രമുഖ രാഷ്‌ട്രീയനേതാവിന്റെ ആളുകള്‍ ഇവിടെ ചുളുവിലയ്‌ക്കു ഭൂമി വാങ്ങിക്കൂട്ടി.
യു.ഡി.എഫിലെ രണ്ടു മുന്‍മന്ത്രിമാരാണു നിലവില്‍ കൊച്ചി കേന്ദ്രീകരിച്ചു ബിനാമി ഇടപാടുകള്‍ക്കു നേതൃത്വം നല്‍കുന്നത്‌. ഇവരിലൊരാള്‍ക്കു പാലങ്ങള്‍ പണിയുന്നതിലായിരുന്നു കൂടുതല്‍ താത്‌പര്യം. പാലത്തിന്‌ അനുയോജ്യമായ സ്‌ഥലങ്ങള്‍ കണ്ടെത്തിയശേഷം ബിനാമികളെക്കൊണ്ടു വാങ്ങിപ്പിക്കുകയായിരുന്നു രീതി. നാട്ടില്‍ പാലം വന്ന്‌, വികസനം എത്തിനോക്കുന്നതോടെ സ്‌ഥലവില റോക്കറ്റ്‌ പോലെ കുതിച്ചുയുരും. പാടവും ചതുപ്പുമെല്ലാം ചുളുവിലയ്‌ക്കു വിറ്റവര്‍ അക്കിടി തിരിച്ചറിയുമ്പോഴേക്ക്‌, മറിച്ചുവില്‍പ്പനയിലൂടെ കോടികള്‍ മറിഞ്ഞിട്ടുണ്ടാകും. നേതാവ്‌ മന്ത്രിയായിരിക്കേ, സ്വന്തം തറവാട്ടിലേക്കു പോകാന്‍ മാത്രമായി കളമശേരിക്കു സമീപം പെരിയാറിന്റെ കൈവഴികളിലൊന്നില്‍ 10 കോടി രൂപ മുടക്കി ഒരു പാലം പണിതു. എറണാകുളം നഗരമധ്യത്തിലെ പാലം പൊളിക്കണോ വേണ്ടയോ എന്ന ചര്‍ച്ചകള്‍ നടക്കുമ്പോഴും മുന്‍മന്ത്രിയുടെ "തറവാട്ടുപാല"ത്തിനു കുലുക്കമേതുമില്ല.

ഒറ്റ ബേക്കറിയില്‍നിന്ന്‌ 150 ഏക്കറിലേക്ക്‌...

സാമ്പത്തികാവസ്‌ഥ മോശമായിരുന്ന യു.ഡി.എഫിലെ മറ്റൊരു മുന്‍മന്ത്രി, കൊച്ചിയില്‍ പണ്ടു ചെറിയ ബേക്കറി നടത്തിയിരുന്നു. പൊതുപ്രവര്‍ത്തനത്തില്‍നിന്നുള്ള സമ്പാദ്യംകൊണ്ട്‌ ബേക്കറികളുടെ എണ്ണം നാല്‍പതോളമായി! നിര്‍ദിഷ്‌ട തൃപ്പൂണിത്തുറ ബൈപാസ്‌ മേഖലയില്‍ 150 ഏക്കര്‍ ചതുപ്പുഭൂമിയാണ്‌ ബിനാമി പേരില്‍ ഇദ്ദേഹം വാങ്ങിക്കൂട്ടിയിരിക്കുന്നത്‌. എറണാകുളത്തെ സി.പി.എമ്മിന്റെ ഒരു പ്രമുഖനേതാവിന്റെ മകനു മൂന്നാറിലടക്കം റിസോര്‍ട്ടുകളില്‍ വന്‍നിക്ഷേപമുള്ളതായും ആരോപണമുണ്ട്‌.
കാക്കനാട്ടെ കിന്‍ഫ്ര പാര്‍ക്ക്‌ സ്‌ഥിതിചെയ്യുന്ന സ്‌ഥലം പണ്ടു വെറും ചതുപ്പായിരുന്നു. വ്യവസായ-ഐ.ടി. പാര്‍ക്കിന്റെ വരവ്‌ മുന്‍കൂട്ടിയറിഞ്ഞ രാഷ്‌ട്രീയക്കാരും വ്യവസായികളും ഉള്‍പ്പെട്ട ലോബി ഇവിടെ നിസാരവിലയ്‌ക്കു പാടങ്ങള്‍ വാങ്ങിക്കൂട്ടി. പാര്‍ക്കിന്റെ വരവ്‌ നാട്ടുകാരറിഞ്ഞപ്പോഴേക്കു ഭൂമിവില കുതിച്ചുകയറിത്തുടങ്ങി. പദ്ധതി യാഥാര്‍ഥ്യമായതോടെ, സ്‌ഥലം വാങ്ങിക്കൂട്ടിയ "ഭൂസ്വാമി"മാര്‍ മറിച്ചുവില്‍പ്പനയിലൂടെ കോടീശ്വരന്‍മാരായി.

പട്ടാളം വന്നാലും സെന്റിനു ലക്ഷങ്ങള്‍

തൃശൂര്‍, കൈനൂരില്‍ ബി.എസ്‌.എഫ്‌. ക്യാമ്പ്‌ തുറക്കാനുള്ള നടപടികളാരംഭിച്ചതു 2009-ലാണ്‌. 60 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഇവിടം മുമ്പു കാട്ടുപ്രദേശമായിരുന്നു. ക്യാമ്പിന്റെ വരവറിഞ്ഞ "റിയല്‍ എസ്‌റ്റേറ്റ്‌ നേതാക്കള്‍" പണ്ടേയ്‌ക്കുപണ്ടേ അവിടെ ബിനാമി പേരുകളില്‍ ഭൂമി വാങ്ങിക്കൂട്ടിയിരുന്നു. ആര്‍ക്കും വേണ്ടാത്ത കാട്ടുമുക്കിന്റെ വില സെന്റിനു ലക്ഷങ്ങളിലേക്കുയരുന്നതിനാണു പിന്നീട്‌ പ്രദേശവാസികള്‍ സാക്ഷ്യം വഹിച്ചത്‌. 2011 ജൂലൈയില്‍ സംസ്‌ഥാനത്തെ ആദ്യ ബി.എസ്‌.എഫ്‌. ക്യാമ്പ്‌ ഇവിടെയാരംഭിച്ചു.

മാന്തുന്നതു മണ്ണല്ല, കോടികള്‍

യാഥാര്‍ഥ്യമായ കണ്ണൂര്‍ വിമാനത്താവളം, നിര്‍ദിഷ്‌ട റിവര്‍ ക്രൂയിസ്‌ ടൂറിസം തുടങ്ങിയ പദ്ധതികളുടെ മറവിലാണു മലബാറില്‍ ഭൂമാഫിയ തഴച്ചുവളരുന്നത്‌. സി.പി.എം. നേതാവിന്റെ മകന്‍ ഉള്‍പ്പെട്ട അനധികൃത ആശുപത്രി-റിസോര്‍ട്ട്‌ നിര്‍മാണത്തിനെതിരേ ആരോപണങ്ങള്‍ ശക്‌തമായിട്ടും പ്രതിപക്ഷത്തിന്റേതു തണുപ്പന്‍ പ്രതികരണമായിരുന്നുവെന്നതു രാഷ്‌ട്രീയ പങ്കുകച്ചവടത്തിന്റെ വ്യാപ്‌തി വ്യക്‌തമാക്കുന്നു. മെഡിക്കല്‍ വിദ്യാഭ്യാസസ്‌ഥാപനങ്ങളടക്കം സ്വന്തമായുള്ള വന്‍വ്യവസായി സി.പി.എം. ഉന്നതനേതാവിന്റെ മകനെ ഈ പദ്ധതിയില്‍ പങ്കാളിയാക്കിയത്‌ ഒന്നും കാണാതെയായിരുന്നില്ല. മാഹിയിലെ പ്രബലനായ ഒരു കോണ്‍ഗ്രസ്‌ നേതാവിനും ഈ സംരംഭത്തില്‍ പങ്കാളിത്തമുള്ളതായാണു സൂചന. വിവാദങ്ങളുയര്‍ന്നപ്പോഴും കണ്ണൂര്‍ കോണ്‍ഗ്രസ്‌ നേതാക്കളുടെ മൗനത്തിനു കാരണവും മറ്റൊന്നല്ല.
കണ്ണൂര്‍ വിമാനത്താവളത്തിനുവേണ്ടി ഏറ്റെടുത്ത ഭൂമി വാണിജ്യാടിസ്‌ഥാനത്തില്‍ പാട്ടത്തിനു നല്‍കാന്‍ തീരുമാനിച്ചതോടെ, സര്‍ക്കാരില്‍ പിടിമുറുക്കിയ വന്‍ കോര്‍പറേറ്റുകള്‍ ആദ്യലക്ഷ്യം നേടി. അധികം വൈകാതെ വിമാനത്താവളപരിസരങ്ങളില്‍ ഇവരുടെ സംരംഭങ്ങള്‍ ഉയരും. ഇവിടുത്തെ കണ്ണായ ഭൂമികളിലേറെയും റിയല്‍ എസേ്‌റ്ററ്റ്‌ ലോബി നേരത്തേ വാങ്ങിക്കൂട്ടിയിരുന്നു. റണ്‍വേയും സിഗ്‌നല്‍ ടവറും ഉള്‍പ്പെട്ട സുരക്ഷാമേഖലയ്‌ക്കു പുറത്ത്‌ അടുത്തകാലത്തും ധാരാളമായി ഭൂമികൈമാറ്റം നടന്നു. വാങ്ങിയവര്‍ ആരൊക്കെയെന്നത്‌ അറിയാനിരിക്കുന്നതേയുള്ളൂ. വിമാനത്താവളത്തിലേക്ക്‌ ആറ്‌ അനുബന്ധ റോഡുകള്‍ വരുന്ന മേഖലയിലും സ്‌ഥിതി മറിച്ചല്ല. കീഴാറ്റൂരില്‍ ഏറെ വിവാദമായ ദേശീയപാത അലൈന്‍മെന്റിന്റെ കാര്യത്തിലും റിയല്‍ എസ്‌റ്റേറ്റ്‌ താത്‌പര്യങ്ങള്‍ ശക്‌തമായിരുന്നു. വയല്‍ ഏറ്റെടുത്തു റോഡ്‌ നിര്‍മിക്കാനാവശ്യമായ ലോഡ്‌ കണക്കിനു മണ്ണിലായിരുന്നു ലോബിയുടെ കണ്ണ്‌.
വയല്‍ നികത്താന്‍ ആവശ്യമായ 10 ലക്ഷം ലോഡ്‌ മണ്ണെടുക്കാന്‍ പത്തോളം കുന്നുകള്‍ ഇടിക്കണം. ഈ ഇനത്തില്‍ മാത്രം, മണ്ണിന്റെ വിപണിവിലയ്‌ക്കനുസരിച്ച്‌ 100 കോടിയോളം രൂപ റിയല്‍ എസ്‌റ്റേറ്റ്‌ മാഫിയയുടെ കീശയിലെത്തും. തളിപ്പറമ്പ്‌-പയ്ന്നൂര്‍ ദേശീയയപാതയില്‍ ചുടലയ്‌ക്കു കിഴക്കുഭാഗത്ത്‌ വന്‍കിടക്കാര്‍ വാങ്ങിക്കൂട്ടിയ കുന്നുകള്‍ കീഴാറ്റൂര്‍ ബൈപ്പാസിനായി ഇടിച്ചുനികത്താനാണെന്നു ചൂണ്ടിക്കാട്ടിയതു സി.പി.എം. സഹചാരികളായ കേരളാ ശാസ്‌ത്ര സാഹിത്യ പരിഷത്തുതന്നെയാണ്‌.

മാഫിയയുടെ ഇഷ്‌ട 'ലൊക്കേഷന്‍'

മധ്യകേരളത്തിലെ മൂന്നാറും വാഗമണുമൊക്കെ വിനോദസഞ്ചാരികളുടെയും സിനിമക്കാരുടെയും മാത്രം ഇഷ്‌ട ലൊക്കേഷനുകളല്ല, ഭൂമാഫിയയുടെ പറുദീസകള്‍ കൂടിയാണ്‌. വിപ്ലവപ്പാര്‍ട്ടിയുടെ സഹചാരികളായ ചില സിനിമക്കാര്‍ക്കു വാഗമണില്‍ സ്വന്തമായി ഭൂമിയുണ്ട്‌. ഇടുക്കി ജില്ലയിലെ കുമളിയില്‍ ജോലി ചെയ്‌തിട്ടുള്ള ഇതരജില്ലക്കാരനായ ഒരു പോലീസ്‌ ഉദ്യോഗസ്‌ഥന്‌ ആനക്കുളത്തു നിലവില്‍ ഏക്കറുകളുണ്ട്‌. കേസില്‍പ്പെട്ട സ്‌ഥലം രാഷ്‌ട്രീയസ്വാധീനമുപയോഗിച്ചാണ്‌ ഇയാള്‍ സ്വന്തമാക്കിയത്‌.

ബൈപാസിലെ ചാകര

മൂന്നു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിലാണു 2015-ല്‍ ആലപ്പുഴ ബൈപാസ്‌ നിര്‍മാണമാരംഭിച്ചത്‌. 274 കോടി മുടക്കില്‍, കൊമ്മാടി മുതല്‍ കളര്‍കോട്‌ വരെ 6.8 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആലപ്പുഴയുടെ സ്വപ്‌നപദ്ധതി വീണ്ടും സജീവമായതോടെയാണ്‌ ഒരു രാജ്യാന്തര കുത്തകക്കമ്പനിയുടെ രംഗപ്രവേശം. ബൈപ്പാസിന്റെ കണ്ണായഭാഗത്ത്‌ വ്യാപാരസമുച്ചയങ്ങളടക്കം തലയുയര്‍ത്തി. 2009-ല്‍ത്തന്നെ 70 സെന്റോളം ഭൂമി വാങ്ങി, ഒരു ഉത്തരേന്ത്യന്‍ ഗ്രൂപ്പാണു ബഹുനിലക്കെട്ടിടം നിര്‍മിച്ചത്‌.

തയാറാക്കിയത്‌: ബൈജു ഭാസി, കെ. കൃഷ്‌ണകുമാര്‍, കെ. സുജിത്ത്‌, എം.എസ്‌. സന്ദീപ്‌, ജി. ഹരികൃഷ്‌ണന്‍.
സങ്കലനം: എസ്‌. ശ്രീകുമാര്‍



from mangalam.com https://ift.tt/2LDvKu7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages