നെടുങ്കണ്ടം : കസ്‌റ്റഡിയില്‍ കൊല്ലപ്പെട്ട രാജ്‌കുമാര്‍ നേരിടേണ്ടി വന്നതു കൊടിയ പീഡനമെന്നു വ്യക്‌തമാക്കി റിമാന്‍ഡ് റിപ്പോര്‍ട്ട്. കേസില്‍ അറസ്‌റ്റിലായ ഒന്നാം പ്രതി എസ്.ഐ: കെ.എ. സാബു, നാലാം പ്രതി സി.പി.ഒ: സജിമോന്‍ ആന്റണി എന്നിവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്. ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രാജ്‌കുമാറിനു പ്രാകൃത മര്‍ദനമുറകള്‍ ഏല്‍ക്കേണ്ടി വന്നതായി വ്യക്‌തമാക്കുന്നു.
എസ്.ഐ: സാബുവും സജിമോനും ചേര്‍ന്നാണു പ്രതിയെ മര്‍ദിച്ചത്. 12 ന് വൈകിട്ട് അഞ്ചു മുതല്‍ 16 ന് രാത്രി 12 വരെ അനധികൃതമായി കസ്‌റ്റഡിയില്‍ സൂക്ഷിച്ചു. നടപടിക്രമങ്ങള്‍ പാലിക്കാതെയും സുപ്രീം കോടതി നിര്‍ദേശങ്ങള്‍ അവഗണിച്ചുമാണു പോലീസ് ഉദ്യോഗസ്‌ഥര്‍ പെരുമാറിയത്.
ഹരിത ഫിനാന്‍സ് സ്‌ഥാപനം നടത്തുന്ന രാജ്‌കുമാര്‍ നാട്ടുകാരില്‍നിന്നും പിരിച്ചെടുത്ത പണം കണ്ടെത്തുന്നതായാണ് മര്‍ദനം നടത്തിയതെന്ന് ഇരുവരും സമ്മതിച്ചിട്ടുണ്ട്. പോലീസ് സ്‌റ്റേഷനില്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മര്‍ദനം നടത്തി. ഇരുകാലുകളും ബലം പ്രയോഗിച്ച് പിറകിലോട്ട് വിടര്‍ത്തി പിടിച്ച് കാലുകളിലും പുറത്തും മര്‍ദിച്ചു. കാല്‍വെള്ളയില്‍ ബലമുള്ള ദണ്ഡ് ഉപയോഗിച്ച് നിരന്തരമായി അതിശക്‌തമായി പ്രഹരിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.
ഇതേത്തുടര്‍ന്ന് രാജ്‌കുമാറിനു നടക്കാനോ കാലുകള്‍ ചലിപ്പിക്കാനോ കഴിയാതായി. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയുധം ഉപയോഗിച്ച് പോറല്‍ ഏല്‍പ്പിച്ചു. വിവിധ സ്‌ഥലങ്ങളില്‍ വലിയ മുറിവുകളും ആഴത്തിലുള്ള ചതവുകളുമുണ്ട്. തുടകളിലും കാല്‍ വെള്ളയിലും ഉണ്ടായ ചതവാണു ന്യുമോണിയ ബാധിക്കാന്‍ കാരണമെന്നും ഇതു മരണത്തില്‍ കലാശിക്കുകയായിരുന്നുവെന്നും പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു.
രാജ്‌കുമാറിന്റെ ദേഹത്തെ പരുക്കുകള്‍ ഓടിവീണതിനാല്‍ ഉണ്ടാകുന്ന മുറിവുകള്‍ അല്ലെന്നും പോലീസ് സര്‍ജന്‍ കണ്ടെത്തിയിരുന്നു. നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥര്‍ പ്രാകൃത ശിക്ഷാരീതികള്‍ നടപ്പാക്കിയിട്ടുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. കേസില്‍ നാലു പ്രതികളാണുള്ളത്.അതിനിടെ, സി.പി.ഒ: സജിമോന്‍ ആന്റണിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു. ബുധനാഴ്‌ച രാത്രിയിലാണ് ഇയാളെ പീരുമേട് കോടതിയില്‍ ഹാജരാക്കിയത്. ഇയാളുടെ അപേക്ഷ പരിഗണിച്ച് ദേവികുളം സബ് ജയിലിലേക്കാണ് മാറ്റിയത്. നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥനായിരുന്നതിനാല്‍ ഇവിടെനിന്നും വിവിധ കേസുകളില്‍ അറസ്‌റ്റിലായിരുന്നവര്‍ പീരുമേട് സബ്‌ജയിലില്‍ ഉള്ളതിനാലാണ് ദേവികുളത്തേക്ക് മാറ്റിയത്.
from mangalam.com https://ift.tt/2xtiikm
via IFTTT
No comments:
Post a Comment