കൊച്ചി : സി.പി.ഐ. പ്രതിഷേധപ്രകടനത്തിനു നേരേ നടന്ന പോലീസ് ലാത്തിച്ചാര്‍ജില്‍ മൂവാറ്റുപുഴ എം.എല്‍.എ: എല്‍ദോ ഏബ്രഹാമിന്റെ കൈയൊടിഞ്ഞു. എം.എല്‍.എയുടെ നടുവിനും ലാത്തിയടിയേറ്റു. സംഘര്‍ഷത്തില്‍ നിരവധി സി.പി.ഐ. പ്രവര്‍ത്തകര്‍ക്കും മൂന്നു പോലീസ് ഉദ്യോഗസ്‌ഥര്‍ക്കും പരുക്ക്.
സി.പി.ഐ. എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവിനെ അപമാനിച്ച ഞാറയ്‌ക്കല്‍ സി.ഐക്കെതിരേ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചു നടത്തിയ ഐ.ജി. ഓഫീസ് മാര്‍ച്ചാണു സംഘര്‍ഷത്തില്‍ കലാശിച്ചത്. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരേ പോലീസ് ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ചു. പ്രകടനത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന എല്‍ദോ ഏബ്രഹാം ഉള്‍പ്പെടെയുള്ളവര്‍ക്കു ക്രൂരമര്‍ദനമേറ്റു. ലാത്തിയടിയേറ്റ് എല്‍ദോയുടെ ഇടതുകൈ ഒടിഞ്ഞു, പുറം തിണര്‍ത്തുപൊട്ടി. ജലപീരങ്കി പ്രയോഗത്തില്‍ നിലത്തു വീണപ്പോഴാണു പോലീസ് എം.എല്‍.എയെ അടിച്ചത്.
പരുക്കേറ്റ എം.എല്‍.എയേയും പ്രവര്‍ത്തകരേയും എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തില്‍ പോലീസ് അസിസ്‌റ്റന്റ് കമ്മിഷണര്‍ ലാല്‍ജി, എസ്.ഐ. വിപിന്‍ദാസ്, സി.പി.ഒ. സുബൈര്‍ എന്നിവര്‍ക്കും പരുക്കേറ്റു. മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സി.പി.ഐ. ജില്ലാ സെക്രട്ടറിയെ കഴിഞ്ഞയാഴ്‌ച എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ വൈപ്പിനില്‍ തടഞ്ഞതാണു സംഘര്‍ഷങ്ങളുടെ തുടക്കം. വൈപ്പിന്‍ ഗവ. കോളജില്‍ എസ്.എഫ്.ഐയും സി.പി.ഐ. വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്.എഫുമായി ഏറ്റുമുട്ടലുണ്ടായിരുന്നു. പരുക്കേറ്റ എ.ഐ.എസ്.എഫ്. പ്രവര്‍ത്തകരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് മടങ്ങുമ്പോഴാണു രാജുവിനെ തടഞ്ഞത്. തുടര്‍ന്ന് സ്‌ഥലത്തെത്തിയ ഞാറയ്‌ക്കല്‍ സി.ഐയും രാജുവിനെ അപമാനിച്ചെന്നാരോപിച്ച് സി.പി.ഐ. നേതൃത്വം പോലീസില്‍ പരാതിപ്പെട്ടിരുന്നു. സി.ഐയെ മാറ്റണമെന്നാവശ്യപ്പെട്ടു നടന്ന പ്രതിഷേധ മാര്‍ച്ചില്‍ സി.പി.ഐ. ജില്ലാ സെക്രട്ടറിയടക്കം ഒട്ടേറെ നേതാക്കള്‍ പങ്കെടുത്തു.
from mangalam.com https://ift.tt/2y3zhKx
via IFTTT
No comments:
Post a Comment