കൊച്ചി: സി.പി.ഐ. മാർച്ചിനു നേരെ പോലീസ് ലാത്തിച്ചാർജ് നടന്നതോടെ എറണാകുളം ജില്ലയിലെ കമ്യൂണിസ്റ്റ് പാർട്ടികൾ തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി. സി.പി.ഐ. സംസ്ഥാന നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് അതൃപ്തി അറിയിച്ചതോടെ പ്രശ്നം രൂക്ഷമായി. എറണാകുളം ജില്ലയിൽ ഇരു കമ്യൂണിസ്റ്റ് പാർട്ടികളും തമ്മിൽ ദീർഘനാളായി തുടരുന്ന പോരാട്ടം ഇതോടെ സംസ്ഥാന തലത്തിലും ചർച്ചയായി. പോലീസ് ലാത്തിച്ചാർജിനു പിന്നിൽ സി.പി.എം. നേതൃത്വത്തിൽനിന്നുള്ള നിർദേശം ഉണ്ടെന്നു തന്നെയാണ് സി.പി.ഐ. വിശ്വസിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുനിന്ന്് മാറിനിന്നത് ഇതുമൂലമാണെന്നും അവർ കരുതുന്നു. പോലീസിനെ കുറ്റപ്പെടുത്തി, സർക്കാരിനെതിരേ ഒന്നും പറയാത്ത നയമാണ് സി.പി.ഐ. നേതാക്കൾ സ്വീകരിക്കുന്നത്. എന്നാൽ, പോലീസിനെതിരേ നടത്തുന്ന ആരോപണങ്ങളെല്ലാം ഫലത്തിൽ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ നെഞ്ചിലാണ് തറയ്ക്കുന്നത്. ലാത്തിച്ചാർജിന്റെ പശ്ചാത്തലത്തിൽ സമരം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് സി.പി.ഐ. ഞാറയ്ക്കൽ സി.ഐ.യെ സസ്പെൻഡ് ചെയ്യുന്നില്ലെങ്കിൽ ഡി.ഐ.ജി. ഓഫീസിനു മുന്നിൽ പന്തലിട്ട് സ്ഥിരം സമരം തുടങ്ങാനും മടിക്കില്ലെന്നാണ് സി.പി.ഐ. പ്രഖ്യാപിച്ചിരിക്കുന്നത്. അങ്ങനെയൊരു നീക്കം സി.പി.ഐ. ജില്ലാ നേതൃത്വത്തിൽനിന്ന് ഉണ്ടായാൽ, പാർട്ടി സംസ്ഥാന നേതൃത്വത്തിന് പിന്തുണയ്ക്കേണ്ടതായി വരും. ജില്ലയിൽ സി.പി.എമ്മുമായി നടക്കുന്ന ഉരസലുകളിൽ സി.പി.ഐ. സംസ്ഥാന നേതൃത്വം അടുത്തിടെയായി വലിയ താത്പര്യം കാണിച്ചിരുന്നില്ല. അതിൽ ജില്ലാ നേതൃത്വത്തിലെ നേതാക്കൾ അസ്വസ്ഥരുമായിരുന്നു. എന്നാൽ, എൽദോ എബ്രഹാം എം.എൽ.എ. അടക്കമുള്ളവരെ പോലീസ് അടിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിയതോടെ പാർട്ടി സംസ്ഥാന നേതൃത്വത്തിനും ഉറച്ച നിലപാട് എടുക്കേണ്ടി വന്നിരിക്കുകയാണ്. സി.പി.ഐ. മാർച്ച് ഉദ്ഘാടനം ചെയ്ത ജില്ലാ സെക്രട്ടറി അതിരൂക്ഷമായ ഭാഷയിലാണ് പോലീസിനെയും സി.പി.എമ്മിനെയും വിമർശിച്ചത്. എസ്.എഫ്.ഐ.യെ കയറൂരിവിടുന്നവർ അതിന്റെ തിക്തഫലങ്ങൾ അനുഭവിക്കേണ്ടതായി വരുമെന്ന് അദ്ദേഹം സി.പി.എമ്മിനെ ഓർമപ്പെടുത്തി. കൂടെയുള്ളവരെത്തന്നെ കുത്തിവീഴ്ത്തുന്നവർ, പിന്നെ ഇടതുപക്ഷമെന്ന് ചിന്തിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. മാർച്ചിൽ പരിക്കേറ്റ എൽദോ എബ്രഹാം എം.എൽ.എ., തങ്ങൾ മുന്നണിയിലെ തിരുത്തൽ ശക്തിയായി തുടരുമെന്ന് മാധ്യമങ്ങൾക്കു മുന്നിൽ പ്രഖ്യാപിച്ചു. വൈപ്പിൻ കോളേജിൽ സംഘർഷത്തിൽ പരിക്കേറ്റ എ.ഐ.വൈ.എഫ്. പ്രവർത്തകരെ ആസ്പത്രിയിൽ എത്തി കണ്ടു മടങ്ങുമ്പോൾ പി. രാജുവിന്റെ വാഹനം ഡി.വൈ.എഫ്.ഐ.-എസ്.എഫ്.ഐ. പ്രവർത്തകർ തടഞ്ഞിരുന്നു. അപ്പോൾ സ്ഥലത്തുണ്ടായിട്ടും ഞാറയ്ക്കൽ സി.ഐ. ഇടപെടാതെ നിന്നു. സി.പി.എം. നിർദേശത്തെ തുടർന്നാണ് അങ്ങനെയൊരു പെരുമാറ്റം ഉണ്ടായതെന്നാണ് സി.പി.ഐ. വിശ്വസിക്കുന്നത്. ഇടതുമുന്നണി സംഘടിപ്പിച്ചിരുന്ന പാലാരിവട്ടം പാലം സമരത്തിന്റെ സമാപനത്തിൽനിന്ന് വിട്ടുനിന്നാണ് സി.പി.ഐ. അതിനെതിരേ ആദ്യം പ്രതിഷേധിച്ചത്. content highlights: CPIM, CPI, LDF
from mathrubhumi.latestnews.rssfeed https://ift.tt/32N58x7
via
IFTTT
No comments:
Post a Comment