തിരുവനന്തപുരം: കേന്ദ്രത്തിൽനിന്നുള്ള സഹായധനം നേടിയെടുക്കുന്നതിനും പദ്ധതികളുടെ ഏകോപനത്തിനുമായി ഡൽഹിയിൽ പ്രത്യേക രാഷ്ട്രീയ നിയമനത്തിന് സംസ്ഥാനസർക്കാർ തയ്യാറെടുക്കുന്നു. സി.പി.എം. മുൻ ലോക്സഭാംഗം എ. സമ്പത്തിന്റെയും സംസ്ഥാന സെക്രട്ടേറിയറ്റംഗവും മുൻ രാജ്യസഭാംഗവുമായ കെ.എൻ. ബാലഗോപാലിന്റെയും പേരുകളാണ് പരിഗണനയിൽ. കേന്ദ്രത്തിന്റെ വിവിധ ഫണ്ടുകൾ നേടിയെടുക്കാനുള്ള സംവിധാനം വേണമെന്നും ഇതിൽ തീരുമാനമായിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രത്തിന്റെ വിവിധ ഫണ്ടുകൾ കൃത്യമായി ലഭിക്കേണ്ടതുണ്ട്. അർഹതപ്പെട്ടതും അനുവദിച്ചതുമായ ഫണ്ടുകൾ നേടിയെടുക്കുന്നതിന് നല്ല തുടർപ്രവർത്തനങ്ങൾ വേണം. അത്തരമൊരു പ്രവർത്തനസംവിധാനം ആവശ്യമാണ്. എന്നാൽ ആരെയാണ് ഇതിലേക്ക് നിയമിക്കാൻ പോകുന്നത് എന്ന് തീരുമാനിച്ചിട്ടില്ല- അദ്ദേഹം പറഞ്ഞു. കേരള ഹൗസിൽ ഇപ്പോൾതന്നെ റെസിഡന്റ് കമ്മിഷണർ ഉൾപ്പെടെ സംവിധാനങ്ങളുണ്ടല്ലോ എന്ന ചോദ്യത്തിന് അതുണ്ടെങ്കിലും ഇതുവരെയുള്ള അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഇപ്പോൾ ഇങ്ങനെയൊരാലോചനയെന്ന് മുഖ്യമന്ത്രി മറുപടി നൽകി. കർഷക മൊറട്ടോറിയം സംബന്ധിച്ച് റിസർവ്വ് ബാങ്ക് ചെയ്യേണ്ട കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്താനാണ് കൃഷിമന്ത്രി ആർ.ബി.ഐ. ഗവർണറെ കണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാര്യങ്ങൾ ഇവിടെ തീരുമാനിച്ചാൽ മതിയെന്ന് ആർ.ബി.ഐ. സമ്മതിച്ചാൽ ഇവിടെ തീരുമാനമെടുക്കാനാവും. വിശദാംശങ്ങൾ അറിവായിട്ടില്ല. കൊച്ചിക്കടുത്ത് നെട്ടൂരിൽ ഇരുപതുകാരനെക്കൊന്ന് ചതുപ്പിൽ ചവിട്ടിത്താഴ്ത്തിയ കേസിന്റെ അന്വേഷണത്തിൽ പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോൾ സംഭവം അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. Content Highlights:A Sampath and Balagopal, Laison officer
from mathrubhumi.latestnews.rssfeed https://ift.tt/2LhMDLz
via
IFTTT
No comments:
Post a Comment