ചാവക്കാട്: വെട്ടേറ്റു ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് പുന്ന പുതുവീട്ടില്‍ നൗഷാദ് (43) മരിച്ചു. അക്രമത്തില്‍ പരുക്കേറ്റ നൗഷാദിന്റെ സുഹൃത്തുക്കളും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായ മൂന്നുപേര്‍ ചികിത്സയിലാണ്. കേസുമായി ബന്ധപ്പെട്ട് ഏതാനും എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ പിടിയിലായതായി സൂചന.
തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നൗഷാദ് ഇന്നലെ പുലര്‍ച്ചെയോടെ മരിച്ചു. 28 മുറിവുകള്‍ ശരീരത്തിലുണ്ടെന്നും രക്‌തധമനികള്‍ മുറിഞ്ഞ് അമിതമായി രക്‌തം വാര്‍ന്നതും തലയ്‌ക്കും കഴുത്തിനും ഏറ്റ മുറിവും മരണകാരണമായെന്നു പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. ഒരു കൈ ശരീരത്തില്‍നിന്നും വേര്‍പ്പെട്ട നിലയിലായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്‌റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം വിലാപയാത്രയായി വീട്ടിലെത്തിച്ചു. തുടര്‍ന്നു പുന്ന ജുമഅത്ത് പള്ളി കബര്‍സ്‌ഥാനില്‍ കബറടക്കി.
മരണവിവരം പുറത്തുവന്നതോടെ ഗുരുവായൂര്‍, ചാവക്കാട് മേഖലകളില്‍ ഹര്‍ത്താലാഹ്വാനം എത്തി. അക്രമം നടന്ന സ്‌ഥലത്തുനിന്ന് ഫോറന്‍സിക് വിദഗ്‌ധ സംഘം തെളിവുകള്‍ ശേഖരിച്ചു. ചാവക്കാടും പുന്നയിലും കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. ചൊവ്വാഴ്‌ച വൈകിട്ട് പുന്ന സെന്ററില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നിന്നിരുന്ന നൗഷാദിനുനേരെ ഏഴു ബൈക്കുകളിലായെത്തിയ 14 അംഗ സംഘമാണ് അക്രമം അഴിച്ചുവിട്ടത്.
ഏതാനും കാലം മുമ്പ് നൗഷാദിനു ചിലരുമായി പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും ഇതില്‍ പരുക്കേറ്റ ഒരാള്‍ വധ ഭീഷണി മുഴക്കിയിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സബീനയാണ് നൗഷാദിന്റെ ഭാര്യ. മക്കള്‍: ദിക്‌റ നസ്‌റിന്‍, അമന്‍ സിയാന്‍, ഇഷല്‍ ഫാത്തിമ. തൃശൂര്‍ പോലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്ര, കുന്നംകുളം എ.സി.പി: ടി.എസ്. സിനോജ്, ചാവക്കാട് എസ്.എച്ച്.ഒ: ജി. ഗോപകുമാര്‍ എന്നിവരാണ് അന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്.
from mangalam.com https://ift.tt/2SWNQZL
via IFTTT
No comments:
Post a Comment