ധർമടം: തലശ്ശേരി ബ്രണ്ണൻ കോളേജിൽ എ.ബി.വി.പി. സ്ഥാപിച്ച കൊടിമരം പ്രിൻസിപ്പൽ എടുത്തുമാറ്റിയതിനെത്തുടർന്ന് കോളേജിൽ സംഘർഷാവസ്ഥ. സംഭവത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച രാത്രി പ്രിൻസിപ്പലിന്റെ വീട്ടിലേക്ക് സംഘപരിവാർ സംഘടനകൾ മാർച്ച് നടത്തി. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. വിശാൽ അനുസ്മരണവുമായി ബന്ധപ്പെട്ട് എ.ബി.വി.പി. കോളേജിൽ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. സംസ്ഥാനസമിതിയംഗം വിശാഖ് പ്രേമൻ, യൂണിറ്റ് അംഗങ്ങളായ വൈഷ്ണവ്, ജിഷ്ണു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. ചടങ്ങിനുശേഷം കൊടിമരം മാറ്റാൻ പോലീസും പ്രിൻസിപ്പലും ആവശ്യപ്പെട്ടെങ്കിലും വിദ്യാർഥികൾ തയ്യാറായില്ല. തുടർന്ന് പ്രിൻസിപ്പലിന്റെ ചുമതലയുള്ള പ്രൊഫ. കെ.ഫൽഗുനൻ നേരിട്ടെത്തി കൊടിമരം പിഴുതുമാറ്റി. മാറ്റിയ കൊടിമരം അദ്ദേഹം കോളേജിനു പുറത്തുണ്ടായിരുന്ന പോലീസിന് കൈമാറി. പ്രിൻസിപ്പൽ കൊടിമരം മാറ്റുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. പരിപാടിക്കുശേഷം മാറ്റാമെന്ന ഉറപ്പിൽ പോലീസുമായി ആലോചിച്ചാണ് കൊടിമരം സ്ഥാപിക്കാൻ അനുവാദം നൽകിയതെന്ന് അധികൃതർ അറിയിച്ചു. അനുവാദം വാങ്ങിയാണ് കൊടിമരം സ്ഥാപിച്ചതെന്ന് എ.ബി.വി.പി. പ്രവർത്തകരും പറഞ്ഞു. എസ്.എഫ്.ഐ.യുടെ കൊടിമരത്തിനു സമീപമാണ് എ.ബി.വി.പി. കൊടിമരം സ്ഥാപിച്ചത്. എ.ബി.വി.പി.യുടെ കൊടിമരം പ്രിൻസിപ്പൽ പിഴുതുമാറ്റിയത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണെന്നാരോപിച്ച് സംഘപരിവാർ സംഘടനകൾ ധർമടം വെള്ളൊഴുക്കിലെ പ്രിൻസിപ്പലിന്റെ വീട്ടിലേക്ക് മാർച്ച് നടത്തി. ബി.ജെ.പി. നേതാക്കളായ ഇ.വി.അഭിലാഷ്, ജിനചന്ദ്രൻ, എ.അനിൽകുമാർ, എ.ബി.വി.പി. സംസ്ഥാനസമിതിയംഗം വിശാഖ് പ്രേമൻ, ജില്ലാ പ്രസിഡന്റ് കെ.രഞ്ജിത്ത്, സെക്രട്ടറി അഭിനവ് തൂണേരി തുടങ്ങിയവർ നേതൃത്വം നൽകി. രാത്രി 8.45-ഓടെ വീടിനു സമീപമെത്തിയ മാർച്ച് ധർമടം എസ്.ഐ. മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിൽ പോലീസ് തടഞ്ഞു. തുടർന്ന് റോഡിൽ കുത്തിയിരുന്ന പ്രവർത്തകരെ അഭിസംബോധന ചെയ്ത് ബി.ജെ.പി. ദേശീയ നിർവാഹകസമിതിയംഗം പി.കെ.കൃഷ്ണദാസ് സംസാരിച്ചു. യൂണിവേഴ്സിറ്റി കോളേജിനെപ്പോലെ ബ്രണ്ണൻ കോളേജിനെയും അധോലോകകേന്ദ്രമാക്കി മാറ്റാനാണ് പ്രിൻസിപ്പലും ചില ഇടതുപക്ഷ അധ്യാപകസംഘടനാ പ്രതിനിധികളും എസ്.എഫ്.ഐ.യും ചേർന്ന് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എസ്.എഫ്.ഐ.യുടെ കൊടിമരം കോളേജിലുണ്ടെങ്കിൽ എ.ബി.വി.പി.ക്കും അതിന് അവകാശമുണ്ട്. പിഴുതുമാറ്റിയവർതന്നെ അത് തിരികെ സ്ഥാപിക്കണമെന്നും അല്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ്, മണ്ഡലം പ്രസിഡന്റ് എം.പി.സുമേഷ് തുടങ്ങിയവരും പങ്കെടുത്തു. Content Highlights:thalassery brennan college
from mathrubhumi.latestnews.rssfeed https://ift.tt/2JSpFYi
via
IFTTT
No comments:
Post a Comment