ദേശീയപാതാവികസനവുമായി ബന്ധപ്പെട്ട ആവലാതികൾ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്കുമുന്നിൽ നിരത്തി കേരള എം.പി.മാർ. പ്രശ്നങ്ങൾ മുഖ്യമന്ത്രിക്കൊപ്പം വിളിക്കുന്ന യോഗത്തിൽ പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും യോഗത്തിൽ പങ്കെടുത്തു. മണ്ണുത്തി-വടക്കാഞ്ചേരി പാത, കൊല്ലത്തെയും കോഴിക്കോട്ടെയും ബൈപ്പാസുകൾ, ദേശീയപാതാ വികസനത്തിന് നഷ്ടപരിഹാരം നൽകുന്നതിലെ അപാകം തുടങ്ങിയ വിഷയങ്ങളിൽ എം.പി.മാർ പരാതിയുടെ കെട്ടഴിച്ചു. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞയാഴ്ച ടി.എൻ. പ്രതാപൻ എം.പി.യുടെ നേതൃത്വത്തിൽ കേരള എം.പി.മാർ സംയുക്തനിവേദനം നൽകിയിരുന്നു. ഇതു പരിഗണിച്ചാണ് വെള്ളിയാഴ്ച ഗഡ്കരി യോഗം വിളിച്ചത്. ദേശീയപാതാ വികസനത്തിൽ സ്ഥലമേറ്റെടുപ്പിലെ നഷ്ടപരിഹാരം നൽകൽ ഒരു തടസ്സമായി എൻ.കെ. പ്രേമചന്ദ്രൻ യോഗത്തിൽ ചൂണ്ടിക്കാട്ടി. 2013-ലെ ഭൂമിയേറ്റെടുക്കൽ നിയമമനുസരിച്ച് നഷ്ടപരിഹാരം നൽകുന്നില്ല. അതു പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി. പക്ഷേ, നഷ്ടപരിഹാരത്തിന്റെ 25 ശതമാനം തുക സംസ്ഥാനം വഹിക്കണം. ഇക്കാര്യം മുഖ്യമന്ത്രിമായുള്ള യോഗത്തിൽ ചർച്ചചെയ്തു പരിഹരിക്കാമെന്ന് മന്ത്രി പറഞ്ഞു. രാജ്മോഹൻ ഉണ്ണിത്താൻ, എ.എം. ആരിഫ്, ഡീൻ കുര്യാക്കോസ്, വി.കെ. ശ്രീകണ്ഠൻ, ഹൈബി ഈഡൻ, രമ്യാ ഹരിദാസ് എന്നീ എം.പി.മാരും ഗതാഗതമന്ത്രാലയം സെക്രട്ടറി സഞ്ജീവ് രഞ്ജൻ, ദേശീയപാതാ അതോറിറ്റി ചെയർമാൻ നാഗേന്ദ്ര നാഥ് സിൻഹ, അംഗം ആർ.കെ. പാണ്ഡേ, സാമൂഹികപ്രവർത്തകൻ അഡ്വ. ഷാജി കോടങ്കണ്ടത്ത് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. കുതിരാനിൽ വനംവകുപ്പാണ് പ്രശ്നം ദേശീയപാത 544-ലെ മണ്ണുത്തി-വടക്കാഞ്ചേരി റോഡിന്റെയും കുതിരാനിലെ തുരങ്കങ്ങളുടെയും നിർമാണം പൂർത്തിയായിട്ടില്ലെന്നാണ് ടി.എൻ. പ്രതാപൻ ഉന്നയിച്ച പരാതി. കുതിരാനിലെ രണ്ടു തുരങ്കങ്ങളിൽ ഒന്ന് 90 ശതമാനവും രണ്ടാമത്തേതിൽ 70 ശതമാനവും നിർമാണം പൂർത്തിയായി. സുരക്ഷാക്രമീകരണം ഉറപ്പാക്കി തുറന്നുകൊടുക്കണമെന്ന് പ്രതാപൻ ആവശ്യപ്പെട്ടു. എന്നാൽ, ദേശീയപാതാ അതോറിറ്റി കത്തുനൽകിയിട്ടും സംസ്ഥാന വനംവകുപ്പ് അനുമതിനൽകാത്തതാണ് തടസ്സമെന്ന് ഗഡ്കരി മറുപടിനൽകി. നിർമാണച്ചുമതലയുള്ള കമ്പനി കരാർ ലംഘനം നടത്തിയിട്ടുണ്ട്. അവർ കോടതിയിൽ പോയാൽ പദ്ധതി വൈകരുതെന്നുകരുതി ഒഴിവാക്കിയില്ല. ഇപ്പോൾ നിർമാണം സ്തംഭിക്കാൻ കാരണം കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയാണ് -മന്ത്രി പറഞ്ഞു. കൊല്ലം ബൈപ്പാസിൽ സുരക്ഷയുറപ്പാക്കും കൊല്ലം ബൈപ്പാസിലെ സുരക്ഷാപ്രശ്നം എൻ.കെ. പ്രേമചന്ദ്രൻ ശ്രദ്ധയിൽപ്പെടുത്തി. പ്രശ്നപരിഹാരത്തിന്റെ മേൽനോട്ടം ദേശീയപാതാ അതോറിറ്റി അംഗം ആർ.കെ. പാണ്ഡെയെ മന്ത്രി ഏൽപ്പിച്ചു. നാലുവരിപ്പാതയും പരിഗണിക്കുന്നുണ്ടെന്നാണ് മറുപടി. കോഴിക്കോട് ആറുവരിപ്പാത വന്നിരിക്കും കോഴിക്കോട് ബൈപ്പാസ് ആറുവരിപ്പാതയുടെ നിർമാണം ഉടൻ തുടങ്ങണമെന്ന് എം.കെ. രാഘവൻ ആവശ്യപ്പെട്ടു. അതു വൈകില്ലെന്നാണ് ഗഡ്കരിയുടെ മറുപടി. കരാർ ഏറ്റെടുത്ത കെ.എം.സി. കമ്പനിയുടെ പങ്കാളി ഇൻകെൽ കമ്പനി സമർപ്പിച്ച ബാങ്ക് ഗ്യാരന്റി സ്വീകരിച്ചു തുടർനടപടികൾ കൈക്കൊള്ളാൻ യോഗത്തിൽ വെച്ചുതന്നെ ഉദ്യോഗസ്ഥരോടു മന്ത്രി നിർദേശിച്ചു. മൈസൂരു-നാടുകാണി ദേശീയപാതയ്ക്കുവേണ്ടിയുള്ള പദ്ധതിരേഖയിൽ കോഴിക്കോടിനെ ഉൾപ്പെടുത്തുന്നതും പരിഗണിക്കും. ആലപ്പുഴയിൽ ആശങ്കവേണ്ട ആലപ്പുഴ ബൈപ്പാസ് പൂർത്തിയാക്കാൻ കേന്ദ്രം എല്ലാ സഹായവും ലഭ്യമാക്കുമെന്ന് എ.എം. ആരിഫിന് ഗഡ്കരി ഉറപ്പുനൽകി. ദേശീയപാതയുടെ വികസനത്തിന് സ്ഥലമെടുക്കുമ്പോൾ നഷ്ടപരിഹാരം നൽകാൻ പ്രത്യേക പാക്കേജ് ഉണ്ടാക്കണമെന്നും ആരിഫ് ആവശ്യപ്പെട്ടു. Content highlights:Nithin Gadkari, Kerala MPs
from mathrubhumi.latestnews.rssfeed https://ift.tt/2l7ggDF
via
IFTTT
No comments:
Post a Comment