പെരുമ്പാവൂര്‍: മുംബൈയില്‍ സ്വര്‍ണക്കടത്തു കേസില്‍ പിടിയിലായ പെരുമ്പാവൂര്‍ സ്വദേശി നിസാര്‍ അലിയാരുടെ ഹവാല ഇടപാടുകളെക്കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കും. പെരുമ്പാവൂരില്‍ നിസാറിന്റേയും ഭാര്യയുടേയും പേരിലുള്ള കമ്പനികളെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തും. നോട്ട് നിരോധനത്തിനുശേഷം നടത്തിയ ഇടപാടുകളാണ് പ്രധാനമായും അന്വേഷിക്കുന്നത്.
നിസാറിന്റെ കമ്പനികളുടെ പേരില്‍ ഒട്ടേറെ ഹവാല ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് ഉദ്യോഗസ്‌ഥര്‍ക്കു ലഭിച്ച വിവരം. അല്‍റാംസ് മെറ്റല്‍ സ്‌ക്രാപ്പ്, ബ്ലൂസീ മെറ്റല്‍ എന്നീ കമ്പനികള്‍ ഉപയോഗിച്ച് ഇറക്കുമതി ലൈസന്‍സ് നേടിയെടുക്കുകയും ഈ കമ്പനികളിലേക്ക് ഇരുമ്പ് സ്‌ക്രാപ്പ് എന്ന പേരില്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുകയുമായിരുന്നെന്നാണ് കണ്ടെത്തല്‍. ഗുജറാത്തിലെ തുറമുഖങ്ങള്‍ വഴിയാണ് പ്രധാനമായും സ്വര്‍ണം ഇറക്കുമതി ചെയ്‌തിരുന്നത്.
രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണക്കടത്തുകാരനാണ് നിസാറെന്ന് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. 2018 ജൂലൈ മുതല്‍ ഒരുവര്‍ഷംകൊണ്ട് 1000 കോടി രൂപ മൂല്യമുള്ള 3300 കിലോ സ്വര്‍ണം നിസാര്‍ ഇരുമ്പ് സ്‌ക്രാപ്പ് എന്ന പേരില്‍ ഇറക്കുമതി ചെയ്‌തെന്നു ഡി.ആര്‍.ഐ. കണ്ടെത്തിയിട്ടുണ്ട്. ഡി.ആര്‍.ഐയുടെ കണ്ടെത്തല്‍ ശരിവച്ച സുപ്രീം കോടതി, നിസാറിനെ കൊഫെപോസ നിയമപ്രകാരം കരുതല്‍ തടങ്കലില്‍വച്ച നടപടിയും ശരിവച്ചിരുന്നു.
കഴിഞ്ഞ ഏപ്രിലില്‍ 110 കിലോ സ്വര്‍ണം ഡി.ആര്‍.ഐ. പിടികൂടിയതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണമാണ് പെരുമ്പാവൂര്‍ സ്വദേശി നിസാര്‍ അലിയാറിലേക്കെത്തിയത്. ഇരുമ്പ് സ്‌ക്രാപ്പ് എന്ന പേരില്‍ സ്വര്‍ണം ഇറക്കുമതി ചെയ്‌തത് നിസാറാണെന്നു കൂട്ടുപ്രതി അരവിന്ദ് കുമാര്‍ ഡി.ആര്‍.ഐയ്‌ക്കു നല്‍കിയ മൊഴിയാണ് നിര്‍ണായകമായത്. നിസാറിന്റേയും ഭാര്യയുടേയും പേരിലുള്ള പെരുമ്പാവൂരിലെ സ്‌ഥാപനങ്ങളിലും വീടുകളിലും മുംബൈയില്‍നിന്നുള്ള ഡി.ആര്‍.ഐ. അധികൃതര്‍ റെയ്‌ഡ് നടത്തിയിരുന്നു.
ദുബായില്‍ ബിസിനസ് ആണെന്നാണ് പെരുമ്പാവൂരിലുള്ള സുഹൃത്തുക്കളേയും ബന്ധുക്കളേയും നിസാര്‍ ധരിപ്പിച്ചിരുന്നത്. നിസാര്‍ അനധികൃതമായി ഇറക്കിയ സ്വര്‍ണം രാജ്യത്തെ വിവിധ ജുവലറികള്‍ക്കും മറ്റും വിതരണം ചെയ്‌തിട്ടുണ്ടെന്നും ഡി.ആര്‍.ഐ. റിപ്പോര്‍ട്ടില്‍ പറയുന്നു. മുംബൈയില്‍നിന്ന് 110 കിലോ സ്വര്‍ണം പിടിച്ചപ്പോള്‍ 80 കിലോ കേരളത്തിലേക്കു കൊണ്ടുവന്നതായി ഡി.ആര്‍.ഐക്കു വിവരം ലഭിച്ചിരുന്നു.
ഒരു ലോറിയിലാണ് 80 കിലോ സ്വര്‍ണം കേരളത്തിലെത്തിച്ചത്. കോഴിക്കോട് കല്ലായിയില്‍വച്ച് സ്വര്‍ണം കൈമാറിയെന്നാണ് ഡി.ആര്‍.ഐയ്‌ക്കു ലഭിച്ച വിവരം. എന്നാല്‍ ഇതിന്റെ തുടരന്വേഷണം വഴിമുട്ടി. കല്ലായിയില്‍ കൈമാറിയ സ്വര്‍ണം നിസാറിന്റെ കൂട്ടാളിയാണ് കൈപ്പറ്റിയതെങ്കിലും ഇയാളെ കണ്ടെത്താന്‍ സാധിച്ചില്ല. അതിനാല്‍ സ്വര്‍ണം എങ്ങോട്ടുപോയെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
2015 ലാണ് നിസാര്‍ അലിയാരുടെ സാമ്പത്തിക വളര്‍ച്ച തുടങ്ങിയത്. 110 കിലോ സ്വര്‍ണവുമായി മുംബൈയില്‍ രണ്ടുപേരെ ഡി.ആര്‍.ഐ. പിടികൂടിയതോടെയാണ് അന്വേഷണം കേരളത്തിലേക്കു നീണ്ടത്. പിടിയിലായ പ്രതികള്‍ നിസാറിനെതിരേ മൊഴി നല്‍കി.
തുടര്‍ന്ന് കഴിഞ്ഞമാസം പെരുമ്പാവൂരില്‍, നിസാറിന്റേയും ഭാര്യയുടേയും പേരിലുള്ള വീടുകളിലും സ്‌ഥാപനങ്ങളിലും റെയ്‌ഡ് നടത്തി. ഇതിന് ശേഷം നടത്തിയ അന്വേഷണത്തിലാണ് 3300 കിലോ സ്വര്‍ണം ഇരുമ്പ് സ്‌ക്രാപ്പെന്ന പേരില്‍ നിസാര്‍ ഇറക്കുമതി ചെയ്‌തെന്ന് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് കോഫെപോസ നിയമപ്രകാരം നിസറിനെ കരുതല്‍ തടങ്കലില്‍ വച്ചു. ഇതിനെതിരേ നിസാര്‍ അപ്പീല്‍ നല്‍കി. ഇയാള്‍ക്കുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത് അഡ്വ. മുകുള്‍ റോത്തഗിയായിരുന്നു.
-അനൂപ് വീപ്പനാടന്‍
from mangalam.com https://ift.tt/2y9trHw
via IFTTT
No comments:
Post a Comment