നഗരവികസനത്തിനുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയായ ‘അമൃതി’ന്റെ (അടൽ മിഷൻ ഫോർ റിജുവിനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫർമേഷൻ) ഭാഗമായി സംസ്ഥാനത്ത് നടപ്പാക്കുന്ന മലിനജല സംസ്കരണപ്ലാന്റുകളുടെ ഡി.പി.ആർ. (വിശദമായ പദ്ധതി റിപ്പോർട്ട്) കരാറുകൾ നൽകിയതിൽ വൻ ക്രമക്കേട്. കേന്ദ്ര നഗരവികസന മന്ത്രാലയം മുന്നോട്ടുവെച്ച മാനദണ്ഡങ്ങൾ പാലിക്കാതെ, ഈ രംഗത്ത് മുൻപരിചയമില്ലാത്ത ഏജൻസികൾക്കാണ് കരാർ നൽകിയത്. പദ്ധതിയുടെ എംപാനൽ ലിസ്റ്റിൽപ്പോലും ഇല്ലാത്ത ഏജൻസികൾക്കുവരെ കരാർ ലഭിച്ചു.അമൃത് നഗരങ്ങളായി തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുന്ന പദ്ധതികളിലൊന്നാണ് മലിനജല സംസ്കരണ പ്ലാന്റുകൾ. പദ്ധതി നടപ്പാക്കുന്ന മറ്റു സംസ്ഥാനങ്ങളിലെല്ലാം നിർവഹണത്തിന് പ്രോജക്ട് മാനേജ്മെന്റ് ഏജൻസികളുണ്ട്. അവർക്കാണ് പദ്ധതിയുടെ ഡി.പി.ആർ. തയ്യാറാക്കുന്നതുമുതൽ പൂർത്തീകരണംവരെ ചുമതല.എന്നാൽ, ഇങ്ങനെയൊരു സംവിധാനവും കേരളത്തിൽ അമൃത് പദ്ധതി മേൽനോട്ടത്തിനില്ല. ഇവിടെ ഡി.പി.ആർ. തയ്യാറാക്കുന്നതിനുമാത്രമാണ് ഏജൻസികളെ തിരഞ്ഞെടുത്തത്. മുൻപ് കേരള വാട്ടർ അതോറിറ്റി, ഇൻകെൽ, കിറ്റ്കോ തുടങ്ങിയ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളാണ് മലിനജലസംസ്കരണ പ്ലാൻറുകൾ നിർമിച്ചിരുന്നത്.സംസ്ഥാനത്ത് അമൃതിൽ ഉൾപ്പെടുത്തിയ പദ്ധതികളിൽ ഒന്നിന്റെപോലും ഡി.പി.ആർ. തയ്യാറാക്കാൻ മുകളിൽ പറഞ്ഞ സ്ഥാപനങ്ങൾക്ക് കരാർ ലഭിച്ചിട്ടില്ല. മുമ്പ് ഖരമാലിന്യ സംസ്കരണത്തിന് വീടുകൾ കേന്ദ്രീകരിച്ച് ചെറിയ പദ്ധതികൾമാത്രം തയ്യാറാക്കിയ കോഴിക്കോട്ടെ സ്വകാര്യ ഏജൻസിക്ക് 27-ൽ 23 പദ്ധതികളുടെയും ഡി.പി.ആർ. കരാർ ലഭിച്ചതും ദുരൂഹമാണ്. ഈ സ്ഥാപനം കരാർ നേടിയ ടെൻഡറുകളിൽ പരമാവധി രണ്ടുസ്ഥാപനങ്ങൾ മാത്രമാണ് പങ്കെടുത്തത്. ചുരുങ്ങിയത് മൂന്നുപേർ പങ്കെടുത്തില്ലെങ്കിൽ വീണ്ടും ടെൻഡർ വിളിക്കണമെന്നാണ് ചട്ടം. ഈ ഏജൻസി തയ്യാറാക്കിയ ഡി.പി.ആർ. അനുസരിച്ചുള്ള പദ്ധതിയുടെ നിർമാണക്കരാർ ഏറ്റെടുക്കാൻ ആരും തയ്യാറായിട്ടില്ല. ഇവർ തയ്യാറാക്കിയ ഡി.പി.ആറിലെ സാങ്കേതികവിദ്യ കേന്ദ്ര ഏജൻസിയായ സി.പി.എച്ച്.ഇ.ഇ.ഒ. (സെൻട്രൽ പബ്ലിക് ഹെൽത്ത് ആൻഡ് എൻവയോൺമെന്റ് എൻജിനിയറിങ് ഓർഗനൈസേഷൻ) അംഗീകരിച്ചിട്ടില്ല. സാങ്കേതികമായി പൂർത്തീകരിക്കാൻ പറ്റാത്ത പദ്ധതിയുടെ ഡി.പി.ആർ. ആണിതെന്ന് നഗരസഭാധികാരികളും ചൂണ്ടിക്കാട്ടുന്നു. പദ്ധതി നടപ്പായില്ലെങ്കിലും ഈ ഏജൻസിക്ക് പല നഗരസഭകളും കോർപ്പറേഷനുകളും കൺസൾട്ടൻസി ചാർജ് ഇനത്തിൽ ലക്ഷങ്ങൾ നൽകിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed http://bit.ly/2IEr9Vy
via
IFTTT
No comments:
Post a Comment