കണ്ണൂർ: എതിരാളികളെ പ്രതിരോധിക്കാനും പ്രത്യാക്രമണം നടത്താനും മുന്നിൽനിന്നു പ്രവർത്തിച്ച ചിലർ ക്വട്ടേഷൻ സംഘങ്ങളുടെ ഭാഗമാകുന്നതിൽ ആശങ്കയുമായി സി.പി.എം. പാർട്ടിക്കുവേണ്ടി ‘പ്രതിരോധ’പ്രവർത്തനം നടത്തിയവരിൽ ചിലർ പിന്നീട് സ്വർണക്കടത്തുകാരുടെയും ഹവാലാ ഇടപാടുകാരുടെയും ആളുകളായി മാറുന്നുവെന്നാണ് പാർട്ടി കണ്ടെത്തൽ. പാർട്ടിക്കുവേണ്ടി എന്ത് ത്യാഗം ചെയ്തവരായാലും അക്രമം, സാമ്പത്തിക കുറ്റകൃത്യം എന്നിവയുമായി ബന്ധപ്പെടുന്നവരെ സംരക്ഷിക്കുന്ന സമീപനമുണ്ടാകരുതെന്ന് താഴെതലത്തിൽ കർശനനിർദേശം നൽകാനും കണ്ണൂർ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പാർട്ടി ഘടകങ്ങളറിയാതെ നടക്കുന്ന അക്രമസംഭവങ്ങളിലെ പ്രതികൾ മുമ്പ് പാർട്ടി ബന്ധമുള്ളവരാണെങ്കിൽ പാർട്ടി ആകെ പ്രതിക്കൂട്ടിലാവുന്നുണ്ട്. ഇത് വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്നുവെന്ന് കണ്ടെത്തിയാണ് തിരുത്തൽ. കൂത്തുപറമ്പ് കേന്ദ്രീകരിച്ച് ഇത്തരമൊരു സംഘം പ്രവർത്തിക്കുന്നുവെന്നത് ഗൗരവത്തോടെ കാണാൻ ജില്ലാ കമ്മിറ്റി ഏരിയാ കമ്മിറ്റിക്ക് നിർദേശം നൽകി. കൂത്തുപറമ്പിലെ ചില സി.പി.എം. പ്രവർത്തകർക്ക് ക്വട്ടേഷൻ സംഘവുമായി ബന്ധമുള്ളതായി സംസ്ഥാനകമ്മിറ്റിക്ക് പരാതി ലഭിച്ചിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിർദേശപ്രകാരം ജില്ലാ കമ്മിറ്റി ഇക്കാര്യം ചർച്ചചെയ്തതായാണ് വിവരം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ജില്ലയിലെ സംസ്ഥാന സെക്രട്ടേറിയറ്റ്-സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ, സാമ്പത്തിക ഇടപാടുകളിലെ തർക്കം തീർക്കാൻ കമ്മിഷൻ വാങ്ങിയുള്ള ഇടപെടൽ തുടങ്ങിയവ നടക്കുന്നതായാണ് ആക്ഷേപം.നേരത്തേ കേസുകളിൽ പ്രതിയായിരുന്ന കൂത്തുപറമ്പിലെ ഒരു സി.പി.എം. അംഗം ഇത്തവണ അംഗത്വം പുതുക്കിയിട്ടില്ല. ഇയാൾക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് കൂത്തുപറമ്പ്, തലശ്ശേരി, പാനൂർ ഏരിയാ കമ്മിറ്റികളിലും കൂത്തുപറമ്പ് ലോക്കൽ കമ്മിറ്റിയിലും റിപ്പോർട്ട് ചെയ്യാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. കൂത്തുപറമ്പിൽ വർഷങ്ങളായി ഇത്തരം ക്വട്ടേഷൻ നടക്കുന്നതായി ആക്ഷേപമുയർന്നിട്ടും കണ്ടില്ലെന്ന് നടിച്ചതായും യോഗത്തിൽ വിമർശനമുയർന്നു.
from mathrubhumi.latestnews.rssfeed https://www.mathrubhumi.com/print-edition/kerala/cpm-corrective-actions-1.3880595
via
IFTTT
No comments:
Post a Comment