കൊച്ചി: വ്യാപാര സ്ഥാപനത്തിലോ വീട്ടിലോ മോഷ്ടാക്കൾ അതിക്രമിച്ചു കയറിയാൽ ഉടൻ പോലീസ് കൺട്രോൾ റൂമിൽ അറിയുന്ന സംവിധാനം കേരളത്തിൽ നടപ്പാക്കുന്നു. സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ് സിസ്റ്റം (സി.ഐ.എം.എസ്.) എന്ന ഈ പദ്ധതി ഇന്ത്യയിൽ ആദ്യം കൊച്ചിയിലാണ് വരുന്നതെന്ന് സിറ്റി പോലീസ് കമ്മിഷണർ എസ്. സുരേന്ദ്രൻ, െഡപ്യൂട്ടി കമ്മിഷണർ ജെ. ഹിമേന്ദ്രനാഥ് എന്നിവർ പറഞ്ഞു. അടുത്ത മാസം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.ആഭ്യന്തര വകുപ്പിന്റെ മേൽനോട്ടത്തിൽ കെൽട്രോണുമായി സഹകരിച്ചാണ് 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കുന്നത്. സി.ഐ.എം.എസ്. പരിരക്ഷയുള്ള സ്ഥലങ്ങളിൽ മോഷണ ശ്രമമോ മറ്റ് അനിഷ്ട സംഭവങ്ങളോ ഉണ്ടായാൽ മൂന്നു മുതൽ ഏഴു സെക്കൻഡിനകം തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തുള്ള കൺട്രോൾ റൂമിൽ ജാഗ്രതാ നിർദേശവും സംഭവങ്ങളുടെ ലൈവ് വീഡിയോയും ലഭിക്കും. ഇതോടൊപ്പം ലോക്കൽ കൺട്രോൾ റൂമിലേക്കും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്കും അനിഷ്ട സംഭവം നടക്കുന്ന സ്ഥലത്തിന്റെ റൂട്ട് മാപ്പും ടെലിഫോൺ നമ്പറും ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറും. ഒരുപക്ഷേ അക്രമികൾ മടങ്ങും മുമ്പ് പോലീസിന് അവിടെ എത്തിച്ചേരാൻ സാധിക്കും. സെൻസർ, ക്യാമറ, കൺട്രോൾ പാനൽ എന്നിവയാണ് സി.ഐ.എം.എസിന് ആവശ്യം. മൊബൈൽ ഫോണുകൾ പോലെ ജി.എസ്.എം. സംവിധാനത്തിലാണ് വിവരങ്ങൾ കൈമാറുക. ആരെങ്കിലും അതിക്രമിച്ചുകടന്നാൽ ക്യാമറയും സെൻസറുകളും പ്രവർത്തനക്ഷമമാകുകയും ദൃശ്യങ്ങൾ കൺട്രോൾ റൂമിലേക്ക് തൽസമയം എത്തുകയും ചെയ്യും. ദൃശ്യങ്ങൾ കൺട്രോൾ റൂമിലുള്ളവർക്ക് കാണാമെന്നതിനാൽ തെറ്റായ സന്ദേശം വന്നാലും തിരിച്ചറിയാനാകും.ദൃശ്യങ്ങൾ മൂന്നു മാസം വരെ സൂക്ഷിക്കാനാകും. പത്തുലക്ഷം ഉപഭോക്താക്കളെ വരെ ഉൾക്കൊള്ളാൻ ഇപ്പോൾ കഴിയുമെന്ന് കെൽട്രോൺ കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി എസ്.പി. ഗോപകുമാർ പറഞ്ഞു. രണ്ട് കമ്പനികളുടെ ഇന്റർനെറ്റ് സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഓരോ ഉപഭോക്താവിന്റെയും ആവശ്യമനുസരിച്ച് സെൻസറുകളുടെയും ക്യാമറയുടെയും എണ്ണത്തിൽ വ്യത്യാസം വരും. കുറഞ്ഞത് 30,000 രൂപയാകും ചെലവെന്ന് കണക്കാക്കുന്നു. കൂടാതെ പ്രതിമാസം 700-2,500 രൂപ വരെ ഫീസ് കെൽട്രോൺ ഈടാക്കും. വ്യാപാര സ്ഥാപനങ്ങളിലും എ.ടി.എമ്മുകളിലും ഈ സംവിധാനം ഏർപ്പെടുത്തുന്നതോടെ സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം കുറയും. കൊടും ക്രിമിനലുകളെ തിരിച്ചറിയുന്ന ഫേസ് റെക്കഗ്നിഷൻ സംവിധാനവും ഇതോടൊപ്പം അവതരിപ്പിക്കാൻ ആലോചനയുണ്ട്. അക്രമിസംഘത്തിൽ ഇങ്ങനെയൊരാൾ ഉണ്ടെങ്കിൽ പോലീസിന് പെട്ടെന്ന് തിരിച്ചറിയാനാകും.
from mathrubhumi.latestnews.rssfeed http://bit.ly/2XyPLWd
via
IFTTT
No comments:
Post a Comment