കോട്ടയം: കേരള കോൺഗ്രസിലെ പിളർപ്പ് ഇനിയുള്ള നാളുകൾ യു.ഡി.എഫിലെ പ്രതിസന്ധി രൂക്ഷമാക്കും. പിളർപ്പ് ഒഴിവാക്കുന്നതിന് യു.ഡി.എഫ്. നേതാക്കളൊക്കെ നടത്തിയ അവസാനവട്ട ശ്രമങ്ങളും പരാജയപ്പെട്ടു. പ്രധാന ഘടകകക്ഷിയായ കേരള കോൺഗ്രസിലെ ഇരുവിഭാഗവും മുന്നണിയിൽ തുടരട്ടെയെന്ന സമീപനമാണ് യു.ഡി.എഫിനുള്ളത്. 1982-ലെ സമാന സാഹചര്യമാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. അന്ന് ഇടതുമുന്നണിയിലായിരുന്ന കേരള കോൺഗ്രസ് മാണി വിഭാഗം ചേരിമാറി ഐക്യമുന്നണിയിലെത്തുകയായിരുന്നു. ഇ.കെ. നായനാർ മന്ത്രിസഭയിൽ അംഗമായിരുന്ന മാണി രാജിവെച്ചാണ് എത്തിയത്. അന്ന് ഐക്യമുന്നണിയിൽ ഘടകകക്ഷിയായിരുന്ന കേരള കോൺഗ്രസിലെ പി.ജെ. ജോസഫ് മുന്നണിയുടെ കൺവീനറുമായിരുന്നു. ഇരുവിഭാഗവും യു.ഡി.എഫിന്റെ ഭാഗമായി പ്രത്യേക ഗ്രൂപ്പുകളായി നിലകൊണ്ടു. പിന്നീടാണ് ഇവർ ഒരുമിച്ചത്. എന്നാൽ, ഇപ്പോഴത്തെ സാഹചര്യം വ്യത്യസ്തമാണ്. പാലാ ഉപതിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ. കെ.എം. മാണിയുടെ നിര്യാണത്തോടെ ഒഴിവുവന്ന പാലായിൽ കേരള കോൺഗ്രസ് സ്ഥാനാർഥിയെ തീരുമാനിക്കുകയാവും ആദ്യപ്രതിസന്ധി. ഔദ്യോഗിക കേരള കോൺഗ്രസ് തങ്ങളാണെന്നു സ്ഥാപിക്കാൻ കിട്ടുന്ന അവസരമെന്ന നിലയിൽ ഇരുവിഭാഗവും സ്ഥാനാർഥിത്വത്തിനായി പിടിമുറുക്കും. ജോസ് കെ. മാണി പക്ഷത്തെ സംബന്ധിച്ചിടത്തോളം പാലായിലെ സ്ഥാനാർഥിത്വത്തിന് വൈകാരികതലംകൂടിയുണ്ട്. മാണിയുടെ സ്വന്തം മണ്ഡലമായ പാലായിൽ മാണി മത്സരിച്ച 13 തിരഞ്ഞെടുപ്പുകളിലും വിജയിച്ച ചരിത്രമാണുള്ളത്. അവിടെ മാണിക്കുശേഷം ആരെന്ന് തീരുമാനിക്കുന്നതിൽ ജോസ് കെ. മാണിവിഭാഗം വിട്ടുവീഴ്ചയ്ക്ക് തയ്യാറാവില്ല. സ്ഥാനാർഥിയായി ജോസഫ് വിഭാഗം തങ്ങളുടെ പക്ഷത്തേക്കുവന്ന സീനിയർ നേതാവിനെ നിർദേശിച്ച് തടയിടാനുള്ള തന്ത്രപരമായ നീക്കം നടത്താനാണ് സാധ്യത. മുന്നണിയിലെ ഘടക കക്ഷികൾക്കിടയിലും നേതാക്കൾക്കിടയിലും ജോസഫിനോടും ജോസ് കെ. മാണിയോടുമുള്ള അടുപ്പവും തീരുമാനത്തെ സ്വാധീനിക്കും. ഫലത്തിൽ എന്തു തീരുമാനമെടുത്താലും ഒരുകൂട്ടർ അതൃപ്തിയുമായി കടുത്ത നിലപാടിലേക്കാവും നീങ്ങുക. Content Highlights:kerala congress conflict split-pala-udf
from mathrubhumi.latestnews.rssfeed http://bit.ly/2Il3zOQ
via
IFTTT
No comments:
Post a Comment