മണ്ണുത്തി:ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരമില്ലാതെ നാട്ടുചികിത്സ നടത്തുന്ന മൂന്നുപേരെ മണ്ണുത്തി പോലീസ് അറസ്റ്റുചെയ്തു. കോട്ടയം കടനാട് കരുമണ്ണ് കുന്നക്കാട്ട് മൈക്കിൾ ജോസഫ് (പാലാ കൊച്ചേട്ടൻ-74), ഇയാളുടെ മക്കളായ ജോസഫ് മൈക്കിൾ (44), സജി മൈക്കിൾ (40) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒല്ലൂക്കരയിലെ സ്വകാര്യസ്കൂളിൽ മെഡിക്കൽ ക്യാമ്പ് നടത്തുമ്പോഴാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഡി.എം.ഒ.യുടെ അന്വേഷണത്തിൽ ഇവരുടെ പക്കൽ പരമ്പരാഗത ചികിത്സ നടത്താനുള്ള സർട്ടിഫിക്കറ്റ് ഇല്ലെന്നു ബോധ്യമായി. തുടർന്ന് ഡി.എം.ഒ. പോലീസിനു നൽകിയ പരാതിയിലാണ് നടപടി. പരസ്യംനൽകി കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ഇവർ ആയുർവേദ ചികിത്സ നടത്തിയിരുന്നു. സൗജന്യ ചികിത്സയെന്ന് പറഞ്ഞശേഷം മരുന്ന് കൊടുക്കുമ്പോൾ രോഗികളിൽനിന്ന് പണം ഈടാക്കുകയാണ് ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. വിവിധ ജില്ലകളിൽ ഇവർ തട്ടിപ്പു നടത്തിയതായി പോലീസ് പറഞ്ഞു. അലർജി, ശ്വാസംമുട്ടൽ എന്നിവയ്ക്കാണ് ചികിത്സ നടത്തിയിരുന്നത്. പാരമ്പര്യ രീതിയിൽ തയ്യാറാക്കുന്ന ആയുർവേദ മരുന്നാണ് നൽകുന്നതെന്ന് പരസ്യത്തിൽ കാണിക്കും. മരുന്ന് ലോകത്തെവിടെയും കൊണ്ടുപോകാമെന്നും പ്രായവ്യത്യാസമില്ലാതെ ഉപയോഗിക്കാമെന്നും അവകാശപ്പെട്ടിരുന്നു. കാളയിറച്ചി, അയല എന്നിവ ഉപയോഗിക്കാൻ പാടില്ലെന്നാണ് നൽകുന്ന നിർദേശം. പേപ്പറിൽ പൊതിഞ്ഞ ഒരു പൊടിയാണ് മരുന്നായി നൽകിയിരുന്നത്. ഇത് ചുക്കും കുരുമുളകും ചേർന്നതാണെന്ന് സംശിക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. 90 ദിവസത്തെ ഒരു കോഴ്സിന് 970 രൂപയാണ് പരസ്യത്തിൽ പറയുന്നത്. രക്തശുദ്ധിക്കും മുഖത്തെളിമയ്ക്കും പ്രമേഹത്തിനും മരുന്നു കൊടുക്കാറുണ്ടായിരുന്നു. ഏഴാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ എന്ന് മൈക്കിൾ ജോസഫ് ചോദ്യംചെയ്യലിൽ സമ്മതിച്ചു. പാരമ്പര്യവൈദ്യനായതിനാലാണ് ചികിത്സിക്കുന്നതെന്ന് പറഞ്ഞപ്പോൾ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. എന്നാൽ അത് ഉണ്ടായിരുന്നില്ല. എന്നാൽ മനുഷ്യശരീരശാസ്ത്രം നന്നായി അറിയാം എന്നായി അടുത്ത വാദം. മനുഷ്യശരീരത്തിൽ എത്ര അസ്ഥി ഉണ്ടെന്ന ഡി.എം.ഒ.യുടെ ചോദ്യത്തിന് അറിയില്ലെന്നായിരുന്നു മറുപടി. ശ്വാസംമുട്ടലിന് ചികിത്സിക്കുന്ന ഇയാൾ ശ്വാസംമുട്ടൽ ഉള്ളയാളാണെന്നും ഇൻഹെയ്ലർ ഉപയോഗിക്കുന്ന ആളാണെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. Content Highlights:illegal treatment father and sons got arrested, nattuvaidyam, mannuthy thrissur
from mathrubhumi.latestnews.rssfeed http://bit.ly/2HTai2h
via
IFTTT
No comments:
Post a Comment