ന്യൂഡൽഹി: സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ആർ.എം. ലോധയിൽനിന്ന് വ്യാജ ഇ-മെയിൽ സന്ദേശത്തിലൂടെ ഒരുലക്ഷംരൂപ തട്ടിയെടുത്ത കേസിൽ ഒരാളെ അറസ്റ്റുചെയ്തു. വാട്ടർ പ്യൂരിഫയറുകളുടെ വിൽപ്പന നടത്തുന്ന രാജസ്ഥാൻ സ്വദേശി ദിനേശ് മാലിയാണ് ഉദയ്പുരിൽനിന്ന് അറസ്റ്റിലായത്. ഒളിവിൽ കഴിയുന്ന കൂട്ടാളി മുകേഷിനായി പോലീസ് തിരച്ചിൽ നടത്തുകയാണ്. ലോധയിൽനിന്ന് പണംസ്വീകരിച്ച അക്കൗണ്ടിന്റെ വിവരംതേടി ഡൽഹി പോലീസ് ഉദയ്പുരിലെത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. തന്റെ ബാങ്ക് അക്കൗണ്ട് വഴി നടക്കുന്ന ഓരോ ഇടപാടുകൾക്കും മുകേഷ് 1000 രൂപ തനിക്ക് നൽകാറുണ്ടെന്ന് ദിനേശ് വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. ഇയാളുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതിൽനിന്ന് രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്നായി 4.5 ലക്ഷം രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തി. തട്ടിയെടുത്ത പണം ഇതുവരെ കണ്ടെടുത്തിട്ടില്ല. ലോധയുടെ സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന മുൻ ജസ്റ്റിസ് ബി.പി. സിങ്ങിന്റെ ഇ-മെയിൽ ഹാക്ക് ചെയ്തായിരുന്നു തട്ടിപ്പ്. തന്റെ ബന്ധുവിന്റെ ചികിത്സയ്ക്ക് ഒരുലക്ഷം രൂപ അടിയന്തരമായി നൽകണമെന്നാവശ്യപ്പെട്ട് മേയ് 19-ന് ബി.പി. സിങ്ങിന്റെ മെയിലിൽനിന്ന് ജസ്റ്റിസ് ലോധയ്ക്ക് സന്ദേശം ലഭിച്ചിരുന്നു. പണം നൽകേണ്ട അക്കൗണ്ട് നമ്പറും നൽകിയിരുന്നു. ഉടൻ തന്നെ ലോധ രണ്ടുതവണകളായി 50,000 രൂപ വീതം ഒരുലക്ഷം രൂപ നൽകി. പിന്നീട്, മേയ് 30-ന് അതേ മെയിലിൽനിന്ന് മറ്റൊരു സന്ദേശം ലഭിച്ചപ്പോഴാണ് കബളിക്കപ്പെട്ട വിവരം ലോധ അറിഞ്ഞത്. തന്റെ മെയിൽ ഹാക്ക് ചെയ്യപ്പെട്ടെന്നും ഇപ്പോഴാണ് ശരിയായതെന്നുമായിരുന്നു സന്ദേശത്തിൽ. തുടർന്ന് ഇരുവരും നേരിട്ട് ബന്ധപ്പെട്ട് ഇക്കാര്യം സ്ഥിരീകരിച്ചശേഷം പോലീസിൽ പരാതി നൽകുകയായിരുന്നു. Content Highlights:RM Lodha, online fraud case
from mathrubhumi.latestnews.rssfeed http://bit.ly/2XIc0Ja
via
IFTTT
No comments:
Post a Comment