കൊച്ചി: സംസ്ഥാനത്തെ തന്നെ ഏറ്റവും തിരക്കേറിയ പോലീസ് സ്റ്റേഷനിലേക്ക് വന്നെത്തിയതോടെയാണ് വി.എസ്. നവാസ് എന്ന സർക്കിൾ ഇൻസ്പെക്ടർക്ക് മാനസിക സമ്മർദം ഏറിയത്. ആലപ്പുഴ മാരാരിക്കുളത്ത് നിന്ന് കൊച്ചി സിറ്റിയിലെ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ എത്തിയതോടെ ആവശ്യത്തിന് മെയ്വഴക്കമില്ലാതെ അദ്ദേഹം ബുദ്ധിമുട്ടി. എറണാകുളം നഗരത്തിന്റെ പ്രധാന മേഖലകൾ എല്ലാം അടങ്ങുന്നതിനാൽത്തന്നെ ഭാരിച്ച ഉത്തരവാദിത്വമായിരുന്നു സർക്കിൾ ഇൻസ്പെക്ടർ എന്ന നിലയിൽ അദ്ദേഹത്തിനുണ്ടായിരുന്നത്. ഐ.ജി., കമ്മിഷണർ ഓഫീസ് തുടങ്ങിയ ഉദ്യോഗസ്ഥരുടെ കാര്യാലയങ്ങൾ അടങ്ങുന്ന മേഖലയിൽ ജോലിയെടുക്കേണ്ടിവന്നു. ഉന്നത ഉദ്യോഗസ്ഥർക്ക് ആവശ്യമായി വരുന്ന വാഹന സൗകര്യങ്ങൾക്കടക്കം വിളിവരിക സെൻട്രൽ സ്റ്റേഷനിലേക്കായിരുന്നു. ഇത്തരത്തിൽ പലതും നടപ്പിലാക്കാൻ നവാസ് ബുദ്ധുമുട്ടി. അഴിമതിയുടെ കറപുരളാതെ, ആരെയും സുഖിപ്പിക്കാതെ, സത്യസന്ധമായി ജോലി ചെയ്തിരുന്നതിനാൽത്തന്നെ അദ്ദേഹത്തിന് ശത്രുകളും ഏറെയായിരുന്നു. കേസുകളെടുക്കാനും എടുപ്പിക്കാതിരിക്കാനും സമ്മർദമുണ്ടാവുമ്പോഴും അതിലൊന്നു വഴങ്ങാതിരുന്നതും സേനയ്ക്കകത്ത് ശത്രുക്കളെ കൂട്ടി. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ട്രാൻസ്ഫർ ഓർഡർ വന്നപ്പോഴും മട്ടാഞ്ചേരിയിലേക്കാണ് സ്ഥലംമാറ്റം ലഭിച്ചത്. റൂറൽ ജില്ലകളിൽ എവിടേക്കെങ്കിലും സ്ഥലംമാറ്റം ലഭിക്കുമെന്നാണ് അദ്ദേഹം പ്രതീക്ഷിച്ചിരുന്നത്. ഇതും അദ്ദേഹത്തെ മാനസിക സമ്മർദത്തിലാക്കി. ഇതിനിടെയാണ്, ഉയർന്ന ഉദ്യോഗസ്ഥൻ വയർലെസ് വഴി ശകാരിച്ചത്. ഇത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ കേൾക്കുക കൂടിയായതോടെ അദ്ദേഹം മാനസികവിഷമം താങ്ങാനാകാതെ നാടുവിടുകയായിരുന്നു. നവാസിന്റെ ബാച്ചിലുള്ള ഒട്ടുമിക്കപേർക്കും ഡിവൈ.എസ്.പി. റാങ്കിലേക്ക് ഉദ്യോഗക്കയറ്റം കിട്ടിയിട്ടും വിട്ടുവീഴ്ചയില്ലാത്ത നിലപാടിനെ തുടർന്നുണ്ടായ ചില കേസുകളാണ് സമർഥനായ നവാസിന്റെ ഉദ്യോഗക്കയറ്റം തടഞ്ഞതെന്നാണ് സൂചന. വളരെ താഴ്ന്ന സാഹചര്യത്തിൽ നിന്ന് വളർന്നുവന്ന ഉദ്യോഗസ്ഥനാണ് നവാസ്. പാരലൽ കോളേജ് അധ്യാപകനായ ശേഷമാണ് സേനയിലേക്ക് എത്തിയത്. ഭാര്യയും വിദ്യാർഥിനികളായ മൂന്ന് പെൺമക്കളുമടങ്ങുന്നതാണ് കുടുംബം. എ.സി.പി. അറിയാതെ അറസ്റ്റ്; ഫോൺ വിളിച്ചിട്ട് എടുത്തില്ല കൊച്ചി: ഹൈക്കോടതി ജഡ്ജിമാരുടെ ഡ്രൈവർ, അസിസ്റ്റന്റ് തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്താൻ ശ്രമിച്ച ചേർത്തല സ്വദേശിനിയെ ബുധനാഴ്ച വൈകീട്ട് എറണാകുളം സെൻട്രൽ സി.ഐ.യായ നവാസ് പിടികൂടിയിരുന്നു. ഇക്കാര്യം സിറ്റി പോലീസ് കമ്മിഷണർ എ.സി.പി. പി.എസ്. സുരേഷിനോട് തിരക്കി. എന്നാൽ, അറസ്റ്റിനെക്കുറിച്ചുള്ള വിവരം സുരേഷിന് അറിയില്ലായിരുന്നു. ഇതോടെ, വിവരം അറിയാൻ സുരേഷ് വയർലസ് സെറ്റുവഴി നവാസിനെ ബന്ധപ്പെട്ടെങ്കിലും എടുത്തില്ല. മൊബൈൽ ഫോണിൽ വിളിച്ചിട്ടും എടുക്കാതായതോടെ സ്റ്റേഷനിലെ പോലീസുകാർ സി.ഐ.യുടെ ഭാര്യയുടെ ഫോണിൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. പിന്നീട് നവാസ് മൊബൈലിൽ വിളിച്ചെങ്കിലും എ.സി.പി.യെ കിട്ടിയില്ല. തുടർന്ന് വയർലസ് സെറ്റിലൂടെ വിളിച്ചപ്പോൾ എ.സി.പി. ദേഷ്യപ്പെടുകയായിരുന്നു. തുടർന്ന് വയർലസിലൂടെ ഇരുവരും വാക്കേറ്റത്തിലാകുകയും പരിധിവിട്ട് സംസാരിക്കുകയായിരുന്നു. ഈസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ സംഭാഷണങ്ങൾ കേട്ടിട്ടുണ്ട്. ഇതെല്ലാം നവാസിനെ കടുത്ത സമ്മർദത്തിലാക്കിയിരുന്നു. അതേസമയം, ഇവരുടെ സംഭാഷണങ്ങൾ അടക്കം വരുംദിവസങ്ങളിൽ അന്വേഷിക്കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. സ്ഥലംമാറ്റത്തിനുശേഷം രണ്ടാളും എത്തുന്നത് ഒരേ മേഖലയിൽ തന്നെയെന്നതാണ് മറ്റോരു പ്രത്യേകത. മട്ടാഞ്ചേരി എ.സി.പി.യായി പി.എസ്. സുരേഷ് എത്തുമ്പോൾ, കിഴുദ്യോഗസ്ഥനായി, മട്ടാഞ്ചേരി സി.ഐ. ആയാണ് വി.എസ്. നവാസ് എത്തേണ്ടത്. content highlights:CI Navas VS
from mathrubhumi.latestnews.rssfeed http://bit.ly/31AD3IQ
via
IFTTT
No comments:
Post a Comment