തിരുവനന്തപുരം: കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള, ഡൽഹിയിലെ ട്രാവൻകൂർ ഹൗസ്, കപൂർത്തല പ്ലോട്ട് എന്നിവയുടെ ഉടമാവകാശം തിരികെ നൽകണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂർ രാജകുടുംബം കേന്ദ്രസർക്കാരിനു കത്ത് നൽകി. തിരുവിതാംകൂർ രാജാവിന്റെ വസതിയായിരുന്ന ട്രാവൻകൂർ ഹൗസിന്റെയും അതിനോടുചേർന്ന സ്ഥലത്തിന്റെയും കൈവശാവകാശം മാത്രമാണ് കേരള സർക്കാരിനുള്ളതെന്നും പട്ടയരേഖകൾ കൈമാറണമെന്നും ആവശ്യപ്പെട്ട് രാജകുടുംബാംഗം ആദിത്യവർമയാണ് കേന്ദ്ര ഹൗസിങ് ആൻഡ് അർബൻ അഫയേഴ്സ് മന്ത്രാലയത്തിനു കത്തെഴുതിയത്. ഇതുസംബന്ധിച്ച് സംസ്ഥാനസർക്കാരിന്റെ നിലപാട് കേന്ദ്രം ആരാഞ്ഞു. രണ്ടു സ്ഥലങ്ങളുടെയും രേഖകളുടെ പകർപ്പ് ആവശ്യപ്പെട്ട് നേരത്തെ കവടിയാർ കൊട്ടാരത്തിൽനിന്നു കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. കേന്ദ്രം നൽകിയ രേഖകളിൽ കേരള സർക്കാരിനു സ്ഥലത്തിന്റെമേൽ കൈവശാവകാശം മാത്രമാണുള്ളതെന്നു കണ്ടെത്തി. തുടർന്നാണ് സ്ഥലത്തിന്റെ പട്ടയം ആവശ്യപ്പെട്ട് കേന്ദ്രത്തിനു കത്തെഴുതിയത്. ഇക്കാര്യത്തിൽ സർക്കാർ നിയമോപദേശം തേടും. 1947-ലെ ഉടമ്പടി പ്രകാരം സ്ഥലം ഇപ്പോഴും രാജകുടുംബത്തിന്റെ പേരിലാണ്. അവകാശം സംബന്ധിച്ച സത്യാവസ്ഥ അറിയാൻ കഴിഞ്ഞ ഫെബ്രുവരിയിലാണ് അപേക്ഷ നൽകിയതെന്ന് ആദിത്യവർമ പറഞ്ഞു. സ്ഥലം വിട്ടുകിട്ടാൻ പൂർവികരും ശ്രമിച്ചിട്ടുണ്ട്. 70 വർഷത്തോളം പഴക്കമുള്ള രേഖകളാണ് പരിശോധിക്കേണ്ടത്. ഡൽഹി കസ്തൂർബാ ഗാന്ധിമാർഗിലുള്ള ട്രാവൻകൂർ ഹൗസിന് 8.195 ഏക്കറും കോപ്പർനിക്കസ് മാർഗിലുള്ള കപൂർത്തല പ്ലോട്ടിന് 6.104 ഏക്കറും വിസ്തൃതിയുണ്ട്. സ്വാതന്ത്ര്യത്തിനുശേഷം സ്ഥലവും കെട്ടിടവും കേന്ദ്രസർക്കാരിന്റെ കീഴിലായിരുന്നു. തുടക്കത്തിൽ സോവിയറ്റ് എംബസി പ്രവർത്തിച്ചിരുന്നത് ട്രാവൻകൂർ ഹൗസിലായിരുന്നു. നിയമപോരാട്ടത്തിനുശേഷം 1973-ൽ കെട്ടിടത്തിന്റെയും 93-ൽ കപൂർത്തല പ്ലോട്ടിന്റെയും ഉടമാവകാശം കേരള സർക്കാരിനു കൈമാറി. 93 മുതൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, കെൽട്രോൺ എന്നിവയുടെ ഓഫീസുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു. കെട്ടിടം ഡൽഹിയിലെ കേരള സർക്കാരിന്റെ സാംസ്കാരികകേന്ദ്രമായി മാറ്റാൻ ആലോചിച്ചിരിക്കെയാണ് രാജകുടുംബം അവകാശമുന്നയിച്ചത്. എട്ടോളം രാജകുടുംബങ്ങൾക്ക് ഡൽഹിയിലെ പാരമ്പര്യഭൂമി തിരിച്ചുകിട്ടിയിട്ടുണ്ട്. അവയുടെ നിയമസാധുതയാണ് അന്വേഷിച്ചതെന്നും ആദിത്യവർമ അറിയിച്ചു. പരിശോധിക്കും, പ്രായോഗികമല്ല- മന്ത്രി കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരം: ഏതുസാഹചര്യത്തിലാണ് കവടിയാർ കൊട്ടാരം ഇത്തരമൊരു ആവശ്യമുന്നയിച്ചതെന്ന് അറിയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. രേഖകൾ പരിശോധിക്കാം. പക്ഷേ, ഇവ തിരിച്ചുനൽകുന്ന കാര്യം പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥലത്തിന്റെ ഉടമാവകാശം സംബന്ധിച്ച് കൊട്ടാരത്തിൽനിന്നു സർക്കാരുമായി ചർച്ച നടത്തിയിരുന്നില്ല. ഡൽഹി വികസന അതോറിറ്റിയാണ് രേഖകൾ ആവശ്യപ്പെട്ടത്. അവ നൽകും. സ്ഥലവും കെട്ടിടവും കൊട്ടാരം വകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇത്തരം കൊട്ടാരങ്ങളും സ്ഥലവും ഇന്ന് സർക്കാരിന്റേതാണ്. അവ തിരിച്ചുനൽകുന്നത് പ്രായോഗികമല്ലെന്നും മന്ത്രി പറഞ്ഞു. content highlights:Travancore royal family claims rights over properties in Delhi
from mathrubhumi.latestnews.rssfeed http://bit.ly/2K55XLI
via
IFTTT
No comments:
Post a Comment