ന്യൂഡൽഹി: കേരളത്തിലെ ദേശീയപാതകളുടെ വികസനം മുൻഗണനപ്പട്ടിക ഒന്നിൽ ഉൾപ്പെടുത്തിയെങ്കിലും ഭൂമിയേറ്റെടുക്കലിനാവശ്യമായ തുകയുടെ കാൽഭാഗമെങ്കിലും സംസ്ഥാനസർക്കാർ വഹിക്കണമെന്നു കേന്ദ്രം ആവശ്യപ്പെട്ടു. കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച നടത്തിയ ചർച്ചയിലാണ് ഈ നിർദേശം വന്നത്. വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, പൊതുമരാമത്തു മന്ത്രി ജി. സുധാകരൻ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഭൂമിയേറ്റെടുക്കലിനും നിർമാണത്തിനും ചെലവു കൂടുതലാണ്. ഈ സാഹചര്യത്തിലാണു പുതിയനിർദേശം. തുടർചർച്ചകൾക്കുശേഷം അന്തിമതീരുമാനം കൈക്കൊള്ളാമെന്നു സംസ്ഥാനസർക്കാർ വ്യക്തമാക്കി. ചർച്ചയും കൂടിയാലോചനയും വീണ്ടും നടക്കുമെന്ന് മന്ത്രി ഗഡ്കരിയും മുഖ്യമന്ത്രിയും മാധ്യമങ്ങളോടു പറഞ്ഞു. കേരളത്തിലെ ദേശീയപാതാ വികസനത്തിനു കേന്ദ്രം മുന്തിയ പരിഗണന നൽകുമെന്നു ഗഡ്കരി അറിയിച്ചു. കേരളത്തിലെ 600 കിലോമീറ്റർ ദേശീയപാത 45 മീറ്റർ വീതിയിൽ വികസിപ്പിക്കാനുള്ള പദ്ധതിനിർദേശങ്ങളാണു കേന്ദ്രത്തിന്റെ പരിഗണനയിലുള്ളത്. ഇന്നത്തെ നിലയ്ക്ക് 44,000 കോടി രൂപയാണ് ഇതിനു ചെലവു പ്രതീക്ഷിക്കുന്നത്. ഇതിൽ പകുതിയും ഭൂമിയേറ്റെടുക്കലിനാണ്. മറ്റു സംസ്ഥാനങ്ങളിൽ വേണ്ടിവരുന്നതിന്റെ മൂന്നിരിട്ടി ചെലവാണ് ഇക്കാര്യത്തിൽ കേരളത്തിൽ വേണ്ടിവരുന്നത്. സംസ്ഥാനത്ത് നഷ്ടപരിഹാരത്തുക ഉയർന്നതായതിനാൽ അതു കുറയ്ക്കാനാകുമോയെന്നാണു മന്ത്രി ഗഡ്കരി ആദ്യം ആരാഞ്ഞത്. അതു സാധ്യമാകില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ, എന്നാൽ, നഷ്ടപരിഹാരത്തുകയുടെ ഒരുവിഹിതം പണമായോ അല്ലാതെയോ വഹിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. ചില പോംവഴികളും മന്ത്രിതന്നെ മുന്നോട്ടുവെച്ചു. എന്നാൽ, സംസ്ഥാനതലത്തിൽ വിശദമായ ചർച്ചകൾക്കുശേഷമേ തീരുമാനമെടുക്കാനാവൂ എന്നു മുഖ്യമന്ത്രി വ്യക്തമാക്കി. അടിസ്ഥാന വികസനവുമായി ബന്ധപ്പെട്ട നിർമാണങ്ങൾക്കു പണം കണ്ടെത്താൻ ബാങ്കുകൾ മാത്രമല്ലാതെ മറ്റുവിധത്തിലുള്ള മാർഗങ്ങളും തേടണമെന്ന് ഗതാഗതമന്ത്രാലയം അടുത്തിടെ ഉദ്യോഗസ്ഥർക്കു നിർദേശം നല്കിയിരുന്നു. അതിന്റെ ഭാഗമായിട്ടാണ് പുതിയ ഏതാനും നിർദേശങ്ങൾ ശനിയാഴ്ച ഉയർന്നുവന്നത്. സെക്രട്ടറിയുൾപ്പെടെ കേന്ദ്ര ഗതാഗതമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, ദേശീയപാത അതോറിറ്റി ചെയർമാനുൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ, സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ്, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ, മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ്, പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി കമലവർധന റാവു എന്നിവരും ചർച്ചയിൽ സംബന്ധിച്ചു. പുതിയ നിർദേശങ്ങൾ *ഭൂമിയേറ്റെടുക്കലിനു വേണ്ടിവരുന്ന ഏതാണ്ട് 24,000 കോടി രൂപയുടെ കാൽഭാഗമെങ്കിലും സംസ്ഥാനം കണ്ടെത്തുക. *നിർമാണത്തിന് ആവശ്യമായ സിമന്റ്, കമ്പി പോലുള്ള സാധനസാമഗ്രികൾക്ക് ഈടാക്കുന്ന ജി.എസ്.ടി. വരുമാനം സംസ്ഥാന സർക്കാർ വേണ്ടെന്നുവെച്ച് കേന്ദ്രത്തിനു കൈമാറുക. *ദേശീയപാതയ്ക്കു സമീപം സർക്കാർഭൂമിയുണ്ടെങ്കിൽ അതു വികസിപ്പിച്ച് വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കേന്ദ്രത്തിനു കൈമാറുക. നിർമാണത്തിനുവേണ്ട മറ്റു സാമഗ്രികൾ (മണൽ, കല്ല് തുടങ്ങിയവ പുഴകൾ ക്വാറികൾ മുതലായവ പ്രയോജനപ്പെടുത്തിക്കൊണ്ട്) ലഭ്യമാക്കുക. *ദേശീയപാത വികസിപ്പിക്കുമ്പോൾ അതിനു സമീപത്തും ചുറ്റുമുള്ള സ്ഥലങ്ങളിലെ വസ്തു ഇടപാടുകൾക്ക് അധികനികുതി ഈടാക്കുന്നതിനുള്ള സാധ്യതകൾ തേടുക. വികസനത്തിന്റെ ഗുണഭോക്താക്കൾ സമീപത്തുള്ളവരായതിനാൽ അവരിൽനിന്നു ചെറിയൊരു ശതമാനം നികുതി അധികമായി ഈടാക്കാം(ചില സംസ്ഥാനങ്ങളിൽ ഈ രീതി നിലവിലുണ്ട്). *പുതിയ സാങ്കേതികവിദ്യകളും നിർമാണരീതികളും ഉപയോഗിച്ച് നിർമാണച്ചെലവു കുറയ്ക്കാനാകുമോ എന്നു കണ്ടെത്തുക. Content Highlights:National Highway Development in Kerala
from mathrubhumi.latestnews.rssfeed http://bit.ly/2WM0bFq
via
IFTTT
No comments:
Post a Comment