അമേരിക്കയ്‌ക്ക്‌ എതിരേ ഇന്ത്യയുടെ നികുതിയുദ്ധം ; അമേരിക്കയില്‍ നിന്ന്‌ ഇന്ത്യയിലേക്ക്‌ കൊണ്ടുവരുന്ന 29 ഉത്‌പന്നങ്ങള്‍ക്ക്‌ കൂടിയ നികുതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, June 14, 2019

അമേരിക്കയ്‌ക്ക്‌ എതിരേ ഇന്ത്യയുടെ നികുതിയുദ്ധം ; അമേരിക്കയില്‍ നിന്ന്‌ ഇന്ത്യയിലേക്ക്‌ കൊണ്ടുവരുന്ന 29 ഉത്‌പന്നങ്ങള്‍ക്ക്‌ കൂടിയ നികുതി

ഇന്ത്യയും അമേരിക്കയും തമ്മില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തീരുവ മത്സരം ഇന്നലെ പുതിയ വഴിത്തിരിവിലെത്തിയിരിക്കുന്നു. അമേരിക്കയില്‍ നിന്ന്‌ ഇന്ത്യയിലേക്ക്‌ കൊണ്ടുവരുന്ന 29 ഉത്‌പന്നങ്ങള്‍ക്ക്‌ കൂടിയ നികുതി ഈടാക്കാനുള്ള ഇന്ത്യയുടെ തീരുമാനം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര സൗഹൃദത്തില്‍ ഉലച്ചിലുണ്ടാക്കാന്‍ പോന്നതാണ്‌. ലോകത്തില്‍ ഏറ്റവുമധികം നികുതി ചുമത്തുന്ന "നികുതി രാജാവാണ്‌" ഇന്ത്യ എന്ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ വിശേഷിപ്പിച്ചത്‌ ഏതാനും ദിവസം മുന്‍പാണ്‌.

ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക്‌ അമേരിക്ക വളരെയധികം ഇളവുകള്‍ നല്‍കുന്നുണ്ടെന്നും എന്നാല്‍, ഇന്ത്യ അതിനനുസരിച്ച്‌ തിരിച്ച്‌ നികുതി കുറയ്‌ക്കാനുള്ള മര്യാദ കാണിക്കുന്നില്ലെന്നുമായിരുന്നു ട്രംപിന്റെ പ്രസ്‌താവന. ഇന്ത്യയുമായി നല്ല ബന്ധമാണെന്നും നരേന്ദ്ര മോഡിയുമായി നടത്തിയ ഒറ്റ ഫോണ്‍കോളിലൂടെ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകളുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി നികുതി കുറയ്‌ക്കാനായെന്നും പറഞ്ഞ ഡോണള്‍ഡ്‌ ട്രംപ്‌ കൂട്ടിച്ചേര്‍ത്തത്‌, ഈ കുറവ്‌ പോരായെന്നും ഇനിയും ഇന്ത്യ നികുതി കുറയ്‌ക്കണമെന്നുമാണ്‌. ഇങ്ങനെ പറയുന്ന അമേരിക്കയാകട്ടെ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്കുള്ള ഡ്യൂട്ടി ഫ്രീ ആനുകൂല്യങ്ങളെല്ലാം പിന്‍വലിക്കുകയും ചെയ്‌തു. ഇതിനുള്ള മറുപടിയെന്ന നിലയിലാണ്‌ ഇന്ത്യ അമേരിക്കന്‍ ഉത്‌പന്നങ്ങള്‍ക്ക്‌ നികുതി വര്‍ധിപ്പിച്ചത്‌.

ഏത്‌ ഇടപാടിലും അമേരിക്കയ്‌ക്ക്‌ നേട്ടമുണ്ടാകണമെന്ന നിര്‍ബന്ധബുദ്ധിക്കാരനാണ്‌ ഡോണള്‍ഡ്‌ ട്രംപ്‌. ഈ നിലപാട്‌ മൂലം കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യയില്‍ നിന്നുള്ള ഉരുക്ക്‌, അലുമിനിയം ഉത്‌പന്നങ്ങള്‍ക്ക്‌ അമേരിക്ക ഇറക്കുമതി നികുതി വര്‍ധിപ്പിച്ചു. സുഹൃദ്‌ രാജ്യം എന്നനിലയില്‍ ഈ നടപടിയില്‍ നിന്ന്‌ അവര്‍ പിന്തിരിയും എന്നു കരുതി ഒരു വര്‍ഷമായി കാത്തിരുന്നിട്ടും ഫലമുണ്ടായില്ല. നികുതിയില്ലാതെ വന്‍തോതില്‍ സാധനങ്ങള്‍ അമേരിക്കയിലേക്ക്‌ കയറ്റി അയയ്‌ക്കാന്‍ അനുമതിയുള്ള മുന്‍ഗണനാ പട്ടികയിലെ രാജ്യങ്ങളില്‍ നിന്ന്‌ ഒഴിവാക്കിയതോടെ ഇനിയും കാത്തിരുന്നിട്ടു കാര്യമില്ലാ എന്നതായി സ്‌ഥിതി. ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, ആസിഡുകള്‍, ഇരുമ്പ്‌ ഉരുക്ക്‌ ഉത്‌പന്നങ്ങള്‍ എന്നിവയടക്കമാണ്‌ ഇന്ത്യ നികുതി വര്‍ധിപ്പിക്കുന്ന സാധനങ്ങള്‍.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഇന്ത്യയുടെ പുതിയ നീക്കമുണ്ടാക്കുന്ന ചലനം എന്താണെന്നു കാണേണ്ടിയിരിക്കുന്നു. തങ്ങള്‍ക്ക്‌ താത്‌പര്യമില്ലാത്ത കാര്യത്തില്‍ ഇന്ത്യയെ നിയന്ത്രിക്കാന്‍ അമേരിക്ക അടുത്തിടെയായി വലിയ താത്‌പര്യം കാണിക്കുന്നുണ്ട്‌. ട്രംപ്‌ അധികാരത്തില്‍ വന്ന ശേഷമുണ്ടായ പ്രധാന നയവ്യത്യാസമായി ഇതിനെ വിലയിരുത്താം. ഗുണമേന്മയുള്ള എണ്ണ കുറഞ്ഞ വിലയ്‌ക്ക്‌ ഇറാനില്‍ നിന്ന്‌ ഇന്ത്യ വാങ്ങിക്കൊണ്ടിരുന്നത്‌ അമേരിക്ക ഉപരോധ ഭീഷണിയുയര്‍ത്തി നിര്‍ത്തിച്ചു. പതിറ്റാണ്ടുകളായി ഇറാനുമായി ഇന്ത്യയ്‌ക്കുള്ള ഊഷ്‌മളമായ ബന്ധമാണ്‌ ഇതുവഴി തുലാസിലായത്‌. റഷ്യയില്‍ നിന്ന്‌ ആധുനിക മിസൈല്‍ സംവിധാനം വാങ്ങാനുള്ള തീരുമാനത്തില്‍ നിന്ന്‌ ഇന്ത്യ പിന്തിരിയണമെന്നാണ്‌ ഇപ്പോള്‍ അവരുടെ സമ്മര്‍ദ്ദം. ഇതിനു വഴങ്ങാനായും ഉപരോധ ഭീഷണിയുയര്‍ത്തുന്നുണ്ട്‌.

ഇത്തരം കടന്നുകയറ്റങ്ങളെ നേരിടുന്നതിനൊപ്പം ഇന്ത്യ തീരുവ വര്‍ധിപ്പിച്ചതിനെ അമേരിക്ക ശക്‌തമായി നേരിടാനാണ്‌ സാധ്യത. അങ്ങനെയെങ്കില്‍ അതിനെ നേരിടാന്‍ ഇന്ത്യ നയതന്ത്രപരമായി തയാറെടുക്കേണ്ടിയിരിക്കുന്നു. ഈ മാസമവസാനം ജപ്പാനിലെ ഒസാക്കയില്‍ വച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡോണള്‍ഡ്‌ ട്രംപുമായി കൂടിക്കാഴ്‌ച നടത്തുന്നുണ്ട്‌. അതിന്റെ ഫലമെന്താകുമെന്ന്‌ നയതന്ത്ര ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്‌.



from mangalam.com http://bit.ly/2MP7asK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages