തിരഞ്ഞെടുപ്പ് ഫലം വരുന്നതിനും രണ്ട് ദിവസം മുമ്പ് യോഗേന്ദ്ര യാദവ് നടത്തിയ പരാമർശം വൻ വിവാദമായിരുന്നു. കോൺഗ്രസ് മരിക്കണം എന്നാണ് യോഗേന്ദ്ര പറഞ്ഞത്. കോൺഗ്രസ്സിനെ പിരിച്ചുവിടണം എന്ന് പണ്ട് ഗാന്ധിജി പറഞ്ഞിരുന്നു. പക്ഷേ, കോൺഗ്രസ് മുന്നോട്ടുതന്നെ പോയി. 1977 വരെ കേന്ദ്രത്തിൽ തുടർച്ചയായി ഭരിച്ചു. മൂന്നുകൊല്ലത്തിനു ശേഷം തിരിച്ചുവന്നു. 77 ൽ ഇന്ദിര പോലും വീണു. ഇന്ദിരയെപ്പോലെ ശക്തയായ ഒരു പ്രധാനമന്ത്രിയെ ഇന്ത്യ കണ്ടിട്ടില്ല. ആ ഇന്ദിരയാണ് റായ്ബറേലിയിൽ രാജ്നാരായണനു മുന്നിൽ വീണത്. തരംഗമുണ്ടാവുമ്പോൾ അങ്ങിനെയാണ് .വൻമരങ്ങൾ കടപുഴകും. 1996 ൽ തമിഴകത്ത് ജയലളിത പരാജയമെന്തെന്നറിഞ്ഞു. 1971 ൽ കാസർകോട്ട് ഇ കെ നായനാരെയാണ് നരുന്തുപോലിരുന്ന പയ്യൻ കടന്നപ്പള്ളി രാമചന്ദ്രൻ തോൽപിച്ചത്. രാഷ്ട്രീയം ജിവിതം പോലെതന്നെയാണ്. ഒരാളും ഒരിടത്തും അനിവാര്യരല്ല , ആർക്ക് ശേഷവും പ്രളയമുണ്ടാവുന്നില്ല. പാഠങ്ങൾ പഠിക്കാൻ കോൺഗ്രസ്സിനാവുന്നില്ലെന്ന് യോഗന്ദ്രേ പറഞ്ഞതിൽ കാര്യമുണ്ട്. പക്ഷേ, അതുകൊണ്ട് കോൺഗ്രസ് മരിക്കുന്നില്ല , കോൺഗ്രസ് ഇല്ലാതാവുന്നില്ല. രണ്ട് സീറ്റ് മാത്രം കിട്ടിയ ഒരു ഭൂതകാലം ബിജെപിക്കുണ്ട്. അതോടെ ബിജെപി ഇല്ലാതായില്ല. അന്ന് ബിജെപിയുടെ ചരമക്കുറിപ്പെഴുതിയവർ ഇപ്പോഴെവിടെയാണെന്നറിയില്ല. ഡെൽഹിയിൽ , യുപിയിൽ , ബംഗാളിൽ കൃത്യമായ സഖ്യ രൂപവത്കരണത്തിന് കോൺഗ്രസ്സിനായില്ല. പഞ്ചാബിലും ഹരിയാനയിലും ആം ആദ്മി പാർട്ടി സീറ്റിനായി നിർബ്ബന്ധം പിടിച്ചതാണ് ഡെൽഹിയിൽ സഖ്യത്തിന് തടസ്സമായതെന്നാണ് കോൺഗ്രസ് പറഞ്ഞത്. ശരിയായിരിക്കാം. പക്ഷേ, മഹായുദ്ധത്തിൽ ചില വിട്ടുവീഴ്ചകൾ കൂടിയേ തീരൂ എന്ന് കോൺഗ്രസ് തിരിച്ചറിയേണ്ടിയിരുന്നു. അമിത്ഷായ്ക്ക് ഈ തിരിച്ചറിവുണ്ടായി. തലയ്ക്ക് മുകളിൽ കയറി നിരങ്ങിയിട്ടും മഹാരാഷ്ട്രയിൽ ശിവസേനയുമായും അസമിൽ അസം ഗണപരിഷത്തുമായും സഖ്യമുണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞത് കാണാതിരിക്കരുത്. മാർച്ചിൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ ബിജെപിയുടെ നില പരുങ്ങലിലായിരുന്നു. റഫേൽ ഇടപാടിലെ അഴിമതി ആരോപണങ്ങൾ , കാർഷികമേഖലയിലെ പ്രതിസന്ധികൾ, നോട്ട് നിരോധനവും ജിഎസ്ടിയും വരുത്തിവെച്ച സാമ്പത്തിക ആഘാതങ്ങൾ - ഇവയൊക്കെ തന്നെ ബിജെപിക്കു മുന്നിൽ വലിയ വെല്ലുവിളികളാണുയർത്തിയത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് പ്രതിവർഷം 72,000 രൂപ നൽകുമെന്ന കോൺഗ്രസ് വാഗ്ദാനം ചർച്ചചെയ്യപ്പെടാൻ തുടങ്ങിയിരുന്നു. പക്ഷേ, പുൽവാമയും ബാലാക്കോട്ടും കാര്യങ്ങൾ മാറ്റിമറിച്ചു. രാജ്യം നേരിടുന്ന എല്ലാ പ്രശ്നങ്ങളും ദേശസുരക്ഷ എന്ന ഒരൊറ്റ അജണ്ടയിലേക്കൊതുങ്ങി. അവിടെ നരേന്ദ്ര ദാമോദർദാസ് മോദി എന്ന ആവലിയ നേതാവിനെ ബിജെപി കൃത്യമായി പ്രതിഷ്ഠിച്ചു. പണത്തിന് പണവും ആളിന് ആളും ഇറക്കി ബിജെപിയുടെയും ആർ എസ് എസ്സിന്റെയും പ്രവർത്തകർ അടിത്തട്ടിൽ ശരിക്കും പണിയെടുത്തു. ആ സമയത്ത് മമതയും മായാവതിയും കോൺഗ്രസ്സിനെ എങ്ങിനെ പാഠം പഠിപ്പിക്കണമെന്ന തിരക്കിലായിരുന്നു. റഫേൽ ഇടപാടിൽ മോദിയെ സംവാദത്തിന് വെല്ലുവിളച്ചുകൊണ്ട് രാഹുൽഗാന്ധി ദേശം മുഴുവൻ ഓടി നടന്നു. അപ്പോൾ ദേശത്തിന്റെ മനസ്സും ഹൃദയവും എവിടെയാണെന്ന് ബിജെപി കൃത്യമായി ഗണിച്ചറിഞ്ഞു. രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ചത്തിസ്ഗഡിലും നേരിട്ട തിരിച്ചടികൾക്ക് പ്രതിവിധി കണ്ടെത്താൻ അമിത്ഷാ മെനക്കെട്ടപ്പോൾ കിട്ടിയ നേട്ടത്തിന്റെ തണലിൽ കോൺഗ്രസ് നേതൃത്വം അലസരായി . ഒരു നേതാവെന്ന നിലയിൽ രാഹുൽഗാന്ധിയുടെ പരിണാമം വിസ്മയാവഹമായിരുന്നു. 2014 ൽ നേരിട്ട രാഹുലല്ല 2019ലെ രാഹുലെന്ന് ബിജെപി നേതാക്കൾക്ക് പോലും സമ്മതിക്കേണ്ടി വന്നു. പക്ഷേ, ഉത്തരേന്ത്യയിൽ, ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിക്കുണ്ടാക്കാനായ ധ്രുവീകരണത്തിന്റെ ആഴവും പരപ്പും വളരെ വലുതായിരുന്നു. പ്രിയങ്കയെ കളത്തിലിറക്കിയതുകൊണ്ടോ ഗംഭീരമായൊരു പ്രകടനപത്രിക പുറത്തിറക്കിയതുകൊണ്ടോ നേരിടാൻ പറ്റുന്നതായിരുന്നില്ല ഈ വെല്ലുവിളിയെന്ന് കോൺഗ്രസ് നേതൃത്വത്തിന് പിടികിട്ടിയില്ല. ബംഗാളിലും ഒഡിഷയിലും കർണ്ണാടകത്തിലും ബിജെപി കൈവരിച്ച മുന്നേറ്റം ശ്രദ്ധേയമാണ്. ബിഎസ് പി - എസ് പി സഖ്യത്തിനു മുന്നിലും യുപിയിൽ ബിജെപിക്ക് കാലിടറിയില്ല. രാഹുൽ മാത്രമല്ല മമതയും മായാവതിയും അഖിലേഷും നവീൻപട്നായിക്കും ആത്മപരിശോധന നടത്തേണ്ടതായുണ്ട്. കോൺഗ്രസ്സിന് ഇത് കടുത്ത പ്രതിസന്ധിയുടെ നാളുകളാണ്. കേരളത്തിലെ മിന്നുന്ന ജയത്തിന് ഈ പ്രതിസന്ധിയുടെ വ്യാപ്തി ഒട്ടും തന്നെ കുറക്കാനാവില്ലെന്നത് കോൺഗ്രസ്സിന്റെ ദുര്യോഗമാണ്. ഹിന്ദി ഹൃദയഭൂമിയിൽ മൂന്നിടത്ത് കോൺഗ്രസിന് സർക്കാരുണ്ട്. രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഇനിയിപ്പോൾ കോൺഗ്രസ്സ് സർക്കാരുകൾ മറിച്ചിടാൻ ബിജെപി കൂടുതൽ തീവ്രമായി ശ്രമിക്കും. കർണ്ണാടകത്തിലും കോൺഗ്രസ് - ജനതാദൾ സർക്കാർ സുഭദ്രമല്ല. 2025 ൽ ആർ എസ് എസ്സിന് നൂറു വയസ്സാവും. 2014 ൽ അധികാരത്തിലെത്തിയപ്പോൾ മോദി പറഞ്ഞത് 2019നെക്കുറിച്ച് വേവലാതിപ്പെടേണ്ടതില്ലെന്നും 2024നെക്കുറിച്ച് ആലോചിച്ചാൽ മതിയെന്നുമാണ്. ആ വാക്കുകൾ അച്ചട്ടായിരിക്കുന്നു. അഞ്ചുകൊല്ലത്തിനപ്പുറം മൂന്നിൽ രണ്ട് ഭൂരിപക്ഷമാണ് സംഘപരിവാറിന്റെ ലക്ഷ്യം. ജന്മശതാബ്ദി ആഘോഷിക്കുമ്പോൾ ഇന്ത്യ തങ്ങളുടെ കൈപ്പിടിയിലായിരിക്കണമെന്നത് ആർ എസ് എസ്സിന്റെ മുഖ്യ അജണ്ടകളിലൊന്നാണ്. അതിലേക്കുള്ള യാത്രയിൽ കോൺഗ്രസ് തന്നെയാണ് ആർ എസ് എസ്സിന്റെയും ബിജെപിയുടെയും മുഖ്യ ശത്രു. കോൺഗ്രസ് ഇല്ലാതായാൽ അത് തങ്ങളുടെകൂടി മരണമാണെന്ന് ഇന്ത്യയിലെ പ്രാദേശിക പാർട്ടികൾ തിരിച്ചറിയേണ്ടതുണ്ട്. തമിഴകത്ത് എം കെ സ്റ്റാലിനും ഡിഎംകെയും അത് തിരിച്ചറിഞ്ഞു. സ്റ്റാലിൻ പക്ഷേ, കലൈഞ്ജർ കരുണാനിധിയല്ല. തമിഴകത്തിരുന്നുകൊണ്ട് ദേശീയ രാഷ്ട്രീയം മാറ്റിമറിക്കാനുള്ള ശേഷിയും ഭാവനയും സ്റ്റാലിനില്ല. ഒന്നിച്ചു നിൽക്കുന്നില്ലെങ്കിൽ ബിജെപിയെ നേരിടാനാവില്ലെന്ന് പ്രതിപക്ഷ പാർട്ടികൾ തിരിച്ചറിയുക തന്നെ വേണം. ഈ മുഹൂർത്തം ബിജെപിയുടേതാണ്, നരേന്ദ്ര മോദിയുടെയും അമിത്ഷായുടേതുമാണ്. സീസറിനുള്ളത് സീസറിനെന്ന പോലെ മോദിക്കുള്ളത് മോദിക്ക് കൊടുക്കുക തന്നെ വേണം. ജവഹർലാൽ നെഹ്രുവും ഇന്ദിരയും കൈവരിച്ച നേട്ടമാണ് മോദി സ്വന്തമാക്കിയിരിക്കുന്നത്. അധികാരം നിലനിർത്തുകയെന്ന നേട്ടം. നെഹ്രുവിന് ഇത്രയും വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടില്ല. പക്ഷേ, 1971 ൽ ഇന്ദിരയുടെ വിജയം ഒട്ടേറെ കടമ്പകൾ കടന്നുകൊണ്ടായിരുന്നു. നിശിതമായി വിമർശിക്കുമ്പോഴും ആർ എസ് എസ്സിന് ഇന്ദിരയോട് ഉള്ളിന്റെയുള്ളിൽ ഒരിഷ്ടമുണ്ടായിരുന്നു. ബാലസാഹെബ് ദേവറസും വാജ്പേയിയുമൊക്കെ ആ ഇഷ്ടം മറച്ചുവെച്ചിട്ടില്ല. ഇന്ദിരയേക്കാൾ വലിയ നേതാവാകുകയെന്നത് മോദിയുടെ സ്വപ്നങ്ങളിൽ ഒന്നാവാം. ആ ലക്ഷ്യത്തിനും മോദിക്കുമിടയിൽ ഇപ്പോൾ വലിയ കടമ്പകളൊന്നും തന്നെയില്ലെന്നതാണ് വാസ്തവം. content highlights:loksabha election 2019, rahul gandhi, modi, nehru, amit sha, mamatha
from mathrubhumi.latestnews.rssfeed http://bit.ly/2wfAq0A
via
IFTTT
No comments:
Post a Comment