കണ്ണൂർ: പോലീസുകാരുടെ തപാൽവോട്ട് പ്രശ്നത്തിൽ കണ്ണൂർ ജില്ലാ പോലീസ് മേധാവിക്കെതിരേ നീക്കം ശക്തമായി. പോലീസുകാർക്ക് നൽകാനുള്ള തപാൽവോട്ട് പൂഴ്ത്തിവെച്ചിട്ടുണ്ടെന്ന സംശയത്താൽ ജില്ലാ പോലീസ് ആസ്ഥാനത്ത് തലശ്ശേരി എ.എസ്.പി.യാണ് മിന്നൽ പരിശോധന നടത്തിയത്. പോലീസ് അസോസിയേഷനുമായി ബന്ധപ്പെട്ടവർ തപാൽവോട്ട് പൂഴ്ത്തിവെച്ചതായി ജില്ലാ പോലീസ് മേധാവിയെ അറിയിച്ചിരുന്നത്രെ. ഇതേത്തുടർന്ന് കണ്ണൂരിലെ മറ്റ് പോലീസ് ഉദ്യോഗസ്ഥരാരുമറിയാതെ തലശ്ശേരി എ.എസ്.പി.യെക്കൊണ്ട് രാത്രി പരിശോധന നടത്തിക്കുകയായിരുന്നു. ഈ സംഭവത്തിൽ പോലീസ് അസോസിയേഷനും പോലീസ് ഓഫീസേഴ്സ് അസോസിയേഷനും അമർഷത്തിലാണെന്നാണ് റിപ്പോർട്ട്. ജില്ലാ ആസ്ഥാനത്തെ ഉയർന്ന ഉദ്യോഗസ്ഥരെപ്പോലും അറിയിക്കാതെ തലശ്ശേരി എ.എസ്.പി.യെക്കൊണ്ട് പരിശോധന നടത്തിച്ചത് പോലീസ് സേനയ്ക്കകത്ത് അവിശ്വാസം വളർത്തുന്ന നടപടിയായെന്നാണ് ആരോപണം. പരിശോധനയെ എൽ.ഡി.എഫോ സി.പി.എമ്മോ പരസ്യമായി എതിർത്തിട്ടില്ല. എന്നാൽ, സി.പി.എം. മുഖപത്രം പരിശോധനയെ വിമർശിച്ചു. ജില്ലാ പോലീസ് മേധാവിസ്ഥാനത്തുനിന്ന് ജി.ശിവവിക്രമിനെ മാറ്റണമെന്ന് നേരത്തേതന്നെ സി.പി.എം. ആവശ്യപ്പെട്ടതായി വാർത്തകളുണ്ടായിരുന്നു. എന്നാൽ, മുഖ്യമന്ത്രി അതിന് വഴങ്ങിയില്ല. ഇപ്പോഴത്തെ പ്രശ്നത്തിൽ പോലീസ് മേധാവിയെ മാറ്റാൻ ശക്തമായ സമ്മർദമുണ്ടാവുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി ജില്ലയിൽനിന്ന് സ്ഥലംമാറ്റിയ പോലീസ് ഉദ്യോഗസ്ഥരെ മേയ് അവസാനത്തോടെ തിരിച്ചുകൊണ്ടുവരും. അതോടൊപ്പം ജില്ലാ പോലീസ് മേധാവിയെയും മാറ്റിയേക്കും. ശിവവിക്രം 2017 ഫെബ്രുവരിയിലാണ് കണ്ണൂരിൽ ജില്ലാ പോലീസ് മേധാവിയായി എത്തിയത്. ജില്ലാ കളക്ടറോടും നീരസം തിരഞ്ഞെടുപ്പുനടപടികളുമായി ബന്ധപ്പെട്ട് ജില്ലാ വരണാധികാരിയായ കളക്ടർ മിർ മുഹമ്മദലിയുമായും സി.പി.എം. നേതൃത്വം നീരസത്തിലാണ്. തിരഞ്ഞെടുപ്പിന് ജില്ലാ ആസ്ഥാനത്തെ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിൽ കളക്ടറുടെ നടപടികൾ ശരിയായില്ലെന്ന വിമർശനം സി.പി.എം. നേതൃത്വത്തിനുണ്ടത്രെ. കല്ല്യാശ്ശേരി മണ്ഡലത്തിൽപ്പെട്ട പിലാത്തറ ബൂത്തിൽ കള്ളവോട്ടുവാർത്തയെത്തുടർന്ന് കളക്ടർ മുഖ്യ തിരഞ്ഞെടുപ്പുദ്യോഗസ്ഥന് നൽകിയ റിപ്പോർട്ടിൽ പാർട്ടി പ്രതിഷേധിച്ചിരുന്നു. പഞ്ചായത്തംഗവും മുൻ പഞ്ചായത്തംഗവും സഹായിവോട്ടാണ് ചെയ്തതെന്ന വാദം കളക്ടർ തള്ളുകയും കള്ളവോട്ടാണതെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തതിലാണ് പ്രതിഷേധം. യു.ഡി.എഫ്. ആവശ്യപ്പെട്ട ബൂത്തുകളിൽ വെബ് കാസ്റ്റിങ് ഏർപ്പെടുത്തുന്നതിൽ കളക്ടർ അമിതതാത്പര്യം കാട്ടിയെന്നാണ് മറ്റൊരു വിമർശനം. അതേസമയം യു.ഡി.എഫ്. ബൂത്തുപിടിത്തം നടത്താനിടയുള്ള ബൂത്തുകളായി എൽ.ഡി.എഫ്. ശ്രദ്ധയിൽപ്പെടുത്തിയ ബൂത്തുകളിൽ വെബ് കാസ്റ്റിങ് ഏർപ്പെടുത്താൻ കളക്ടർ തയ്യാറായില്ലെന്നും അവർ പറയുന്നു. കണ്ണൂർ ജില്ലാ കളക്ടർ സ്ഥാനത്ത് മിർ മുഹമ്മദലിക്ക് മൂന്നുവർഷം തികയാൻ മൂന്നുമാസത്തോളമേയുള്ളൂ. content highlights:kannur police, raid, kannur police chief,postal ballot
from mathrubhumi.latestnews.rssfeed http://bit.ly/2HjQc0Q
via
IFTTT
No comments:
Post a Comment