ഗസ്റ്റഹൗസില്‍ നാലു ദിവസം രഹസ്യമായി ക്യാമ്പ് ചെയ്ത് തന്ത്രങ്ങളൊരുക്കി; എന്നിട്ടും വീണയെ രക്ഷിക്കാന്‍ പിണറായിക്ക് കഴിഞ്ഞില്ല; ശബരിമല വിവാദം തുണച്ചില്ല ; ബിജെപിയുടെ സമരനായകന്‍ സുരേന്ദ്രന് രണ്ടാം സ്ഥാനത്തെങ്കിലും എത്താനായത് അടൂരില്‍ മാത്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 23, 2019

ഗസ്റ്റഹൗസില്‍ നാലു ദിവസം രഹസ്യമായി ക്യാമ്പ് ചെയ്ത് തന്ത്രങ്ങളൊരുക്കി; എന്നിട്ടും വീണയെ രക്ഷിക്കാന്‍ പിണറായിക്ക് കഴിഞ്ഞില്ല; ശബരിമല വിവാദം തുണച്ചില്ല ; ബിജെപിയുടെ സമരനായകന്‍ സുരേന്ദ്രന് രണ്ടാം സ്ഥാനത്തെങ്കിലും എത്താനായത് അടൂരില്‍ മാത്രം

പത്തനംതിട്ട: ബിജെപി രാഷ്ട്രീയമായി ഉപയോഗിച്ച ശബരിമല പ്രശ്‌നത്തിന്റെ തരംഗം മുഴുവന്‍ അലയടിച്ചിട്ടും പത്തനംതിട്ടയില്‍ രക്ഷപെടാന്‍ കഴിയാതെ ബിജെപി നേതാവ് കെ സുരേന്ദ്രന്‍. പിണറായി വിജയന്‍ ഇറങ്ങിക്കളിച്ചിട്ടും രക്ഷപ്പെടാന്‍ കഴിയാതെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാജോര്‍ജ്ജും. കേരളം ഏറെ ശ്രദ്ധിച്ച മത്സരം നടന്ന പത്തനംതിട്ടയില്‍ രണ്ടു മുന്നണികളുടെയും ശക്തമായ തന്ത്രങ്ങളെ അതിജീവിച്ച് ന്യുനപക്ഷ വോട്ടിന്റെ ആനുകൂല്യത്തില്‍ ജയിച്ചു കയറിയത് ആന്റോ ആന്റണി.

കൗതുകകരമായിരുന്നു പത്തനംതിട്ടയിലെ രാഷ്ട്രീയ കാലാവസ്ഥകള്‍. ബിജെപിയുടെയും എല്‍ഡിഎഫിന്റെയും കനത്ത വെല്ലുവിളികളെയാണ് ആന്റോ ആന്റണി മറികടന്നത്. പിണറായി വിജയന്‍ നേരിട്ടിറങ്ങിയിട്ടും ഇടതു സ്ഥാനാര്‍ത്ഥി വീണാജോര്‍ജ്ജിനെ വിജയിപ്പിക്കാനായില്ല എന്നത് പോലെ തന്നെ പിസി ജോര്‍ജ്ജിന്റെ പരസ്യമായ പിന്തുണ ഉണ്ടായിട്ടും ബിജെപി നേതാവ് സുരേന്ദ്രന് വിജയിക്കാനായില്ല. കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍ നിയമസഭാ മണ്ഡലങ്ങള്‍ വരുന്ന പത്തനംതിട്ടയില്‍ അടൂര്‍ ഒഴികെ എല്ലാ മണ്ഡലത്തിലും മുന്നിലെത്തിയത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു.

സ്വന്തം പാര്‍ട്ടിക്കാരുപോലും അറിയാതെ കെ.ടി.ഡി.സി.യുടെ ഗസ്റ്റ് ഹൗസില്‍ രഹസ്യമായി നാലു ദിവസം ക്യാമ്പ് ചെയ്തായിരുന്നു വീണാ ജോര്‍ജിനു വേണ്ടി പിണറായി വിജയന്‍ തന്ത്രങ്ങളൊരുക്കിയത്. എന്നിട്ടും രക്ഷിക്കാനായില്ല. അടൂര്‍ നിയമസഭാ മണ്ഡലത്തില്‍ മാത്രമാണ് വീണയ്ക്ക് ഒന്നാമത് എത്താനായത്. അതാകട്ടെ വെറും 2000 വോട്ടിന്റെ നാമമാത്ര ലീഡായിരുന്നു താനും. ഏറെ തര്‍ക്കങ്ങള്‍ക്ക് ഒടുവിലായിരുന്നു വീണയെ ഇടതുപക്ഷം പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. എന്നാല്‍ കഴിഞ്ഞ തവണ മത്സരിച്ച ഇടതു സ്വതന്ത്രന്‍ ഫിലിപ്പോസ് തോമസിനേക്കാര്‍ 33,000 വോട്ടുകള്‍ കൂടുതല്‍ പിടിക്കാനായി എന്നത് മാത്രമായി നേട്ടം. ഫിലിപ്പോസ് തോമസ് 2014 ല്‍ 302,651 വോട്ടുകള്‍ നേടിയ സ്ഥാനത്ത് ഇത്തവണ വീണയ്ക്ക് 3,35,006 നേടാനായി. അടൂരില്‍ മാത്രം ഒന്നാമത് എത്തിയ വീണ ബാക്കിയെല്ലാ മണ്ഡലങ്ങളിലും രണ്ടാം സ്ഥാനമായിരുന്നു.

ശബരിമല സ്ത്രീ പ്രവേശന പശ്ചാത്തലത്തില്‍ ബിജെപി ഗോള്‍ഡന്‍ സീറ്റായി കരുതിയ പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ വലിയ പ്രതീക്ഷയാണ് വെച്ചു പുലര്‍ത്തിയത്. ആലപ്പുഴയില്‍ ആദ്യം പ്രഖ്യാപിക്കപ്പെട്ട കെ സുരേന്ദ്രന്‍ വലിയ തര്‍ക്കങ്ങള്‍ക്കൊടുവില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍പിള്ളയെ വരെ മറികടന്ന് ആര്‍എസ്എസ് പിന്തുണയിലാണ് പത്തനംതിട്ടയിലെ സീറ്റ് നേടിയത്.

ശബരിമല വിഷയത്തിനൊപ്പം പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിന് കീഴില്‍ വരുന്ന പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും വലിയ വോട്ടു ഷെയറുള്ള പിസി ജോര്‍ജ്ജിന്റെ ജനപക്ഷത്തിന്റെ പരസ്യ പിന്തുണയും സുരേന്ദ്രനുണ്ടായിരുന്നു. എന്നാല്‍ ഈ രണ്ടു നിയമസഭാ മണ്ഡലങ്ങളിലും സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പാര്‍ത്ഥ സാരഥി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഹിന്ദുവോട്ടുകള്‍ ഏറെയുള്ള ആറന്മുളയിലും ശബരിമല സ്വാധീനം വരുന്ന റാന്നിയിലും കോന്നിയിലും സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തായി.

ഹിന്ദു വോട്ടുകളുടെ മേഖലയില്‍ ഏറെ പിന്നിലായി പോയ സുരേന്ദ്രന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജയിച്ച അടൂര് മാത്രമാണ് രണ്ടാമതെങ്കിലും എത്താനായത്. അതേസമയം ബിജെപിയുടെ വോട്ടുഷെയറില്‍ വലിയ വളര്‍ച്ച ഉണ്ടാക്കാന്‍ കഴിഞ്ഞു എന്നതാണ് സുരേന്ദ്രനെ കൊണ്ടുണ്ടായ നേട്ടം. കഴിഞ്ഞ തവണ എം.ടി. രമേശ് 138,954 നേടിയപ്പോള്‍ ഇത്തവണ സുരേന്ദ്രന്‍ 2,95,543 വോട്ടു പിടിച്ചത് ബിജെപിയ്ക്ക് പ്രതീക്ഷയാണ്. കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ ഏതാണ്ട് ഇരട്ടിയിലധികം വോട്ടുകള്‍. അതായത് ഇത്തവണ പുതുതായി വന്ന ഒന്നര ലക്ഷം വോട്ടുകള്‍ സുരേന്ദ്രന്‍ നേടിയെടുത്തു എന്നതാണ് വിലയിരുത്തല്‍.

ഇത്തവണ 44,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആന്റോ ആന്റണിയുടെ ജയം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം നിന്ന തിരുവല്ല, റാന്നി, ആറന്മുള, അടൂര്‍ എന്നിവിടങ്ങളിലെല്ലാം ആന്റോ ആന്റണി മുന്നിലെത്തി. കാഞ്ഞിരപ്പള്ളിയും കോന്നിയും മാത്രമാണ് കഴിഞ്ഞ നിയമസഭാ മണ്ഡലങ്ങളില്‍ യുഡിഎഫിനെ തുണച്ചത്. ഇതിനൊപ്പം തന്റെ വോട്ടുഷെയര്‍ വര്‍ദ്ധിപ്പിക്കാനും ആന്റോആന്റണിക്ക് കഴിഞ്ഞു. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആന്റോ ആന്റണി 358,842 വോട്ടുകള്‍ നേടിയപ്പോള്‍ ഇത്തവണ 379680 വോട്ടുകള്‍ നേടി.

പരമ്പരാഗത യുഡിഎഫ് വോട്ടുകള്‍ക്ക് പുറമേ നിക്ഷപക്ഷ ഇടതു വോട്ടുകളായ ശബരിമല വിശ്വാസികളാണ് ആന്റോയെ ജയിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. കാരണം തങ്ങളുടെ ആചാരങ്ങളെ അധികാരം ഉപയോഗിച്ച് വെല്ലുവിളിച്ച പിണറായി വിജയന്‍ തന്നെയായിരുന്നു അവരുടെ എതിരാളി. പിണറായിയെ തോല്‍പ്പിക്കാന്‍ വീണാ ജോര്‍ജ്ജിനെ തോല്‍പ്പിക്കുക എന്ന തന്ത്രമാണ് ഈ വോട്ടുകള്‍ ചോരാന്‍ കാരണമായി വിലയിരുത്തിയത്.



from mangalam.com http://bit.ly/2K4Daps
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages